Tue. Mar 19th, 2024

തീരസംരക്ഷണം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം 333 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ ഗൊണ്ടുപറമ്പ് കടല്‍ത്തീരത്ത് കടല്‍ സമാധി സമരം നടത്തി. 33 സ്ത്രീകളാണ് സമരത്തില്‍ പങ്കെടുത്തത്. ചെല്ലാനത്ത് തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന കടല്‍ കയറ്റം കാരണം പലരുടെയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കടല്‍കയറ്റം തടയാന്‍ മണല്‍ നിറച്ച ചാക്കുകളാണ് തീരത്ത് നിരത്തുന്നത്. ശക്തമായ തിരമാലകളെ തടയാന്‍ ഇത് കൊണ്ട് കഴിയില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മിക്കുക, പുനരധിവാസത്തിനു പകരം തീരസംരക്ഷണത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 333 ദിവസമായി ചെല്ലാനത്ത് നിരാഹാര സമരം നടക്കുകയാണ്.

കടല്‍സമാധി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗൊണ്ടുപറമ്പ് കടല്‍ത്തീരത്ത് വൈദികരുള്‍പ്പടെ നിരവധി പേര്‍ എത്തിയിരുന്നു. ഇവരും കടലില്‍ ഇറങ്ങിനിന്ന് സമരത്തിന് പിന്തുണ അറിയിച്ചു. ഫയര്‍ഫോഴ്‌സും പോലിസും എത്തിയിരുന്നു.