Thu. Mar 28th, 2024

കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെക്കുറിച്ച് ഐജി തല അന്വേഷണം നടത്താൻ ഡിജിപി ലോക് നാഥ് ബെഹ്റയുടെ ഉത്തരവ്. ഉത്തരമേഖലാ ഐ.ജി അശോക് യാദവ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തും. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ബോഡി ഷേമിംഗ് നടത്തിയെന്നും കാണിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ ആതിര കൃഷണ എന്ന യുവതി നല്‍കിയ പരാതിയും അന്വേഷിക്കും.സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോർജിനെതിരെയാണ് പരാതി.

ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പുറത്ത് വിട്ട ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണർക്കെതിരെ യുവതി പരാതി നല്‍കിയത്. യുവതിയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐജിക്ക് പരാതി നല്‍കിയത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഉമേഷിനെതിരെ നടപടിയെടുത്തത്. അമ്മ നല്‍കിയ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി എസിപിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥന്‍ തന്റെ ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നാണ് പരാതിയില്‍ യുവതി പറയുന്നത്.

വിചിത്ര കാരണം പറഞ്ഞ് സസ്പെൻ‍ഷൻ ഓർഡർ നൽകിയതിനു തൊട്ടടുത്ത ദിവസം സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ നടപടിയെടുക്കുമെന്നു കാണിച്ച് കമ്മിഷണർ വീണ്ടും ഉമേഷിന് മെമ്മോ നൽകി. ഉമേഷിനെതിരെ രണ്ട് നടപടിക്കും കാരണമായ അന്വേഷണ റിപ്പോർട്ടുകളും നൽകിയത് ഒരേ അസി. കമ്മിഷണറാണ്. മൊഴിയെടുക്കാൻ ഫ്ലാറ്റിലെത്തിയ അസി. കമ്മിഷണറും കൂടെയുള്ള പൊലീസുകാരനും മോശമായി സംസാരിച്ചെന്നു കാണിച്ച് യുവതി മറ്റൊരു പരാതിയും ഉത്തരമേഖലാ ഐജിക്ക് നൽകിയിരുന്നു.

കമ്മിഷണറുടെ സദാചാര പൊലീസിങ്ങിനെതിരെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തകർ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.കൂടാതെ ഉമേഷിന് പിന്തുണയുമായി സോഷ്യൽമീഡിയ കാമ്പയിൻ ശക്തമായിട്ടുണ്ട്. ജനാധിപത്യ സമൂഹത്തിന്റെ കാവലാളാവേണ്ട പൊലീസ് ‘നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ് പഞ്ചായത്ത് ആവരുതെന്ന്’ ആവശ്യപ്പെട്ടാണ് ഓൺലൈൻ വഴി ഒപ്പുശേഖരണം നടക്കുന്നത്. ഇതിനിടെയാണ് മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന് വീണ്ടും ഉമേഷ് വള്ളിക്കുന്നിന് മെമ്മോ നൽകാനുള്ള നീക്കം നടക്കുന്നത്. സദാചാരപോലീസിംഗ് അരുതെന്ന് സര്‍ക്കുലറുണ്ടായിട്ടും അതുതന്നെ തുടരുകയാണ് നമ്മുടെ പോലീസ്. ഇപ്പോൾ അതിന് ഒരു പോലീസുകാരൻ തന്നെയാണ് ഇരയായിരിക്കുന്നത്.

മനുഷ്യത്വ വിരുദ്ധവുമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിന് നൽകിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസിൽ പന്തീരാങ്കാവ് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പിന്നീട് എന്‍ഐഎ ഏറ്റെടുത്ത കേസിൽ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച എൻഐഎ കോടതി വിധി വായിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ”കോടതി വിധി വായിക്കുക ” എന്നത് തീവ്ര ഇടതുപക്ഷ നിലപാടാണത്രേ നവോത്ഥാന പൊലീസിന്.