Fri. Mar 29th, 2024

എസ്എന്‍ഡിപി യോഗം ഫണ്ട് ക്രമക്കേടില്‍ വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി . ഇതേ ആരോപണം നേരത്തെ വിജിലന്‍സ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തൃശൂര്‍ സ്വദേശി സി പി വിജയന്‍ ആണ് ഹര്‍ജിക്കാരന്‍.

അതേസമയം, എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുണ്ട്. മരണത്തിന് ഉത്തരവാദികളായ ആളുകളിലേക്ക് അന്വേഷണം നീങ്ങുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്കാണ് പ്രത്യേക അന്വേഷണത്തിന്റെ ചുമതല. മഹേശന്റെ ഭാര്യയുടെയും സഹോദരരങ്ങളുടെയും മൊഴി അന്വേഷണസംഘം രേപ്പെടുത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന മുറയ്ക്ക് മറ്റുള്ളവരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് പൊലീസിന്റെ വിശദീകരണം.

കെ കെ മഹേശന്റെ മരണശേഷവും കേസിലെ ആരോപണവിധേയർ കുടുംബത്തെ വേട്ടയാടുന്നുണ്ട്. എസ്എൻഡിപി ചേർത്തല യൂണിയന്റെ പേരിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നോട്ടീസുകൾ വിതരണം ചെയ്യുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. മഹേശന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ഫലപ്രദമല്ലെന്ന് ഭാര്യ ഉഷാദേവി പറയുന്നു.