Thu. Mar 28th, 2024

2015ല്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി തള്ളി. സമാജികര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാകില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ടവര്‍ അടുത്തമാസം 15ന് ഹാജരാകണമന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയത്. സര്‍ക്കാര്‍ നല്‍കിയ ഹരജി അംഗീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകരും കോട്ടയം സ്വദേശികളുമായ എം ടി തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവര്‍ ഹരജി നല്‍കിയിരുന്നു.നിയമസഭയില്‍ നടന്ന കൈയാങ്കളി പരസ്യമായി ടി വി ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹരജിക്കാര്‍ വാദിച്ചു.

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ കെ എം മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അദ്ദേഹത്തിന്റെ രാജിക്കായായാിരുന്നു പ്രതിപക്ഷ പ്രക്ഷാഭം. മാണിയെ ബജറ്റ് അവതരപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എല്‍ ഡി എഫ് അറിയിച്ചിരുന്നു. ഇതുപ്രകാരം മാണി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ക്കുകയായിരുന്നു. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍.