പേടിഎം ആപ്പ് പ്ലേസ്‌റ്റോറില്‍ വീണ്ടും തിരിച്ചെത്തി

പേടിഎം ആപ്പ് പ്ലേസ്‌റ്റോറില്‍ തിരിച്ചെത്തി. നയലംഘനത്തെ തുടര്‍ന്ന് നേരത്തെ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പ്ലേസ്‌റ്റോറില്‍ തിരിച്ചെത്തിയതായി പേടിഎം തന്നെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ സ്ഥിരീകരിച്ചു.

പേടിഎം പേയ്‌മെന്റ് ആപ്പ് ആണ് ഇന്ന് ഉച്ചയോടെ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. അതേസമയം അവരുടെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ നീക്കം ചെയ്തിരുന്നില്ല. പേടിഎം പേയ്‌മെന്റ് ആപ്പ് ആപ്പ് സ്‌റ്റോറില്‍ ലഭ്യമായിരുന്നു.

അടുത്തിടെ പേടിഎമ്മില്‍ ഉള്‍പ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഫീച്ചര്‍ ഗൂഗിളിന്റെ നയങ്ങളുടെ ലംഘനമാണെന്ന ചൂണ്ടിക്കാട്ടിയാണ് ആപ്പ് നീക്കം ചെയ്തത്. ഫാന്റസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഫീച്ചര്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഗൂഗിള്‍ ചൂണ്ടിക്കാട്ടിയത്.