Thu. Mar 28th, 2024

കേരളത്തിലെ എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 9 അല്‍ ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മൂന്നു പേരെ എറണാകുളത്തു നിന്നും ആറു പേരെ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് പിടിയിലായ മൂന്നുപേരും ബംഗാളികളാണെന്നാണ് സൂചന. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. കെട്ടിട നിര്‍മാണ തൊഴിലാളികളെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ആക്രണണത്തിന് പദ്ധതിയിട്ടെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് 9 പേര്‍ പിടിയിലായതെന്നും എന്‍ ഐ എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായത് എന്നും എന്‍ ഐ എ അറിയിച്ചു.

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തിരിക്കുന്നത്‌.

കൊച്ചിയില്‍ മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കേരള ഡിജിപിയും സ്ഥിരീകരിച്ചു. അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്തു വരികയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും അടുത്തിടെയാണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം. മൊഷറഫിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചു വരികയാണ്.

കേരള പോലീസിനേയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയാണ് എന്‍ഐഎ സംഘം ഇന്നലെ മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തത്. രാവിലെ മാധ്യമങ്ങള്‍ അറസ്റ്റ് വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ മാത്രമാണ് ഇക്കാര്യം സംസ്ഥാന പൊലീസ് അറിഞ്ഞത്. ഇന്നലെ അര്‍ധരാത്രി രണ്ട് മണിയോടെയാണ് എന്‍ഐഎ മൂവരേയും പിടികൂടിയത്.

പെരുമ്പാവൂരില്‍ നിന്നാണ് മൊഷറഫ് ഹുസൈനെ പിടികൂടിയത്. മുര്‍ഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളത്തെ വാടക കെട്ടിട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ലെന്നും പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നതായിരുന്നു ഇവരുടെ രീതി. പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദില്‍ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍ഐഎ പിടികൂടിയിട്ടുണ്ട്.കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തില്‍ നിന്നാണ് മുര്‍ഷിദിനെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്.

https://newsgile.com/2020/09/19/nia-raids-in-ernakulam-three-al-qaeda-terrorists-held/