Fri. Mar 29th, 2024

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങളുടെ മൂലഹേതു സ്വര്‍ണക്കടത്തോ ഖുര്‍ആന്‍ കടത്തോ ലൈഫ്മിഷനോ ഒന്നുമല്ല, അതൊക്കെ രോഗലക്ഷണങ്ങളാണ്. സാധാരണക്കാരന് പറഞ്ഞാല്‍ മനസ്സിലാകുന്നതല്ല ഈ പ്രാണഭീതി. അത് മനസ്സിലാകാന്‍ രാഷ്ട്രീയക്കുപ്പായത്തിനകത്ത് കയറിക്കൂടി നോക്കണം. അധികാരത്തിന്റെ ശീതളഛായയില്‍ നിന്ന്, ട്രഷറി ബഞ്ചുകളില്‍ നിന്ന് പ്രതിപക്ഷ നിരയിലേക്ക് ശാന്തമായി മാറിയിരിക്കുമ്പോള്‍, നാല്‌വര്‍ഷം മുമ്പ് കാണാന്‍ തുടങ്ങിയ സ്വപ്‌നമാണ് ഭരണമാറ്റം. ആ സ്വപ്‌നമാണ് നേതാക്കളെ പാര്‍ട്ടികളില്‍ പിടിച്ചു നിറുത്തുന്നത്, അണികളെ കൂടെ നിറുത്തുന്നത്, ഭരണപ്പിന്‍ബലമില്ലാതെ തന്നെ പോലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ആപ്പീസുകളിലും കയറിച്ചെന്ന് പ്രമാണിത്തം കാണിക്കാന്‍ ഊരബലം നല്‍കുന്നത്. ഫലത്തില്‍ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഏറ്റക്കുറച്ചിലോടെ ഭരണസുഖം. അതില്ലാതാകുക എന്നുവെച്ചാല്‍..! ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും പ്രാന്തെടുത്ത് പായുന്നതിന്റെ പൊരുള്‍ മനസ്സിലാകണമെങ്കില്‍ ഭരണമില്ലാത്ത അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കൂടി ഒന്ന് സങ്കല്‍പ്പിച്ചു നോക്കണം – ആകെ പത്ത് വര്‍ഷം ഭരണത്തിനു പുറത്ത്! പിന്നെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍.

അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശരിക്കും കോണ്‍”ഗ്രാസാ’കും. യു പി, ബിഹാര്‍, ഗുജറാത്ത് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ അതേ പ്രതിഭാസം കേരളത്തിലും ആവര്‍ത്തിക്കും. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് കൂട്ടപ്പലായനമുണ്ടാകും. ഉടുപ്പുമാറേണ്ട ആവശ്യം പോലും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടാകുകയില്ല; മേല്‍മുണ്ട് മാറ്റിയാല്‍ മതിയാകും, ഇങ്ങനെ മറുകണ്ടം ചാടേണ്ട സാഹചര്യം ഉണ്ടായാല്‍ ചാടുന്നവരുടെ മുന്‍നിരയില്‍ ഇപ്പോള്‍ ആധിപിടിച്ചു പായുന്ന നേതാക്കള്‍ പലരുമുണ്ടാകുമെന്നതില്‍ തര്‍ക്കമേയില്ല. ഇതോടെ മുന്നണിയിലെ ചെറുകക്ഷികള്‍ ചിതറിത്തെറിക്കും, മുല്ലവള്ളി പോലെ കോണ്‍ഗ്രസില്‍ പടര്‍ന്നു കയറിയ മുസ്‌ലിം ലീഗ് വഴിയാധാരമാകും. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ കാക്ക കൊത്തിപ്പറന്നു കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യമായാല്‍ തലയില്‍ പച്ച റിബണ്‍ കെട്ടി തെരുവില്‍ കോലം തുള്ളിയിരുന്ന അണികള്‍ മൃതദേഹത്തിന്റെ തലയില്‍ നിന്ന് പേനിറങ്ങുന്നതു പോലെ അരിച്ചിറങ്ങി ചോരയും നീരുമുള്ള തടി നോക്കിപ്പോകും. തുണിക്കോന്തല പോലെയുള്ള ഒരു പാര്‍ട്ടിയില്‍ അണികള്‍ ഇപ്പോള്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നത് അധികാരം ഒരുനാള്‍ വരും; വരാതിരിക്കില്ല എന്ന ഉത്തമ വിശ്വാസം കൊണ്ട് മാത്രമാണ്.

ആകപ്പാടെ ആലോചിച്ചാല്‍ ചെന്നിത്തലക്കെന്നല്ല ശരിയായ തലയുള്ള ആര്‍ക്കും പ്രാന്തായിപ്പോകും. ആത്മരക്ഷാര്‍ഥം ജലീല്‍ എന്നല്ല ഏത് പുല്‍ക്കൊടിയിലും കയറിപ്പിടിക്കും. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ ആക്ഷേപം ഒരു ചുളയില്ലാ ചക്കയാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? എന്താണ് സംഭവിച്ചത്? കാര്യങ്ങള്‍ പാരമ്പര്യ രീതിയില്‍ മുന്നേറുന്നതിനിടെ വന്നുചേര്‍ന്ന രണ്ട് പ്രളയങ്ങള്‍, ഒരു നിപ്പാ, ഇപ്പോഴിതാ കൊറോണ. ഈ പ്രതിസന്ധികളെ പിണറായി സര്‍ക്കാര്‍ അസാധാരണമായ മെയ് വഴക്കത്തോടെയാണ് കൈകാര്യം ചെയ്തത്. ഇതാണ് പ്രതിപക്ഷത്തിനു വിനയായത്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മികവിനെയും വെല്ലുന്നതായി സര്‍ക്കാറിന്റെ ക്രൈസിസ് മാനേജ്‌മെന്റ്. പ്രതിസന്ധികളില്‍ തങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു ഭരണാധികാരിയുണ്ടെന്ന തോന്നല്‍ സാധാരണ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത് അളവറ്റ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവുമാണ്. യു ഡി എഫിന്റെ പരിഭ്രമവും അതാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനോട് പല വിഷയങ്ങളിലും വിയോജിപ്പുണ്ടെങ്കിലും പറയട്ടെ പ്രതിപക്ഷത്തിന്റെ ബേജാറിന് വലിയ അര്‍ഥങ്ങളുണ്ട്. ചെന്നിത്തലയുടെ കണ്‍ട്രോള്‍ പോകുന്നതില്‍ ഒരത്ഭുതവുമില്ല. സ്വര്‍ണക്കടത്ത് കേസ് മുതല്‍ ഓണക്കിറ്റിലെ കടുകിന്റെ എണ്ണക്കുറവ് വരെ വിഷയമാകുന്നതും സ്വാഭാവികം. കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ബൂമറാംഗാകുന്നത് മുന്നാലോചനയുടെ കുറവുകൊണ്ടൊന്നുമല്ല, സമനിലയുടെ പ്രശ്‌നമാണ്. മന്ത്രി കെ ടി ജലീലിനെ ഇ ഡി രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തത് പ്രശ്‌നമാകുന്നതും ചിദംബരത്തെ 70 മണിക്കൂര്‍ ചോദ്യം ചെയ്തത് വിഷയമല്ലാതാകുന്നതും വലതു മുന്നണി എത്തിപ്പെട്ട സ്ഥലജല ഭ്രമത്തിന്റെ അടയാളമാണ്.

രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പും അധികാരലബ്ധിയും ജീവല്‍ പ്രധാനം തന്നെയാണ്. അതിനായുള്ള പോരും പോരാട്ടവും സാധാരണവുമാണ്. അതിലെ കതിരും പതിരും ആരും കാര്യമാക്കാറില്ല. എന്നാല്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള ഈ പടപ്പുറപ്പാട് ആപത്കരമാണ്. നമ്മുടെ രാജ്യവുമായി നിഷ്‌കളങ്കമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് യു എ ഇ. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ അന്നവും അഭയവുമാണ് ആ രാജ്യം. ആ സൗഹൃദത്തെയും കരുതലിനെയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലില്‍ നിറുത്തുന്ന നടപടികള്‍ ആത്മഹത്യാപരമായിരിക്കും.

ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്ന മാര്‍ക്കറ്റിംഗ് രീതി ഓര്‍മിപ്പിക്കുന്നതാണ് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്- ബി ജെ പി വാങ്ങല്‍ കൊടുക്കലുകള്‍. കോണ്‍ഗ്രസില്‍ നിന്ന് കര്‍ണാടകം ബി ജെ പി വിലകൊടുത്ത് വാങ്ങിയപ്പോള്‍ ഫ്രീ കിട്ടിയതാകണം കേരളം. ചില്ലിക്കാശിന്റെ ചെലവില്ലാതെ എത്ര മനോഹരമായിട്ടാണ് ബി ജെ പിയുടെ അജന്‍ഡകള്‍ കേരളത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിക്കൊടുത്തു കൊണ്ടിരിക്കുന്നത്. ലീഗ് ഉള്‍പ്പെടെയുള്ള യു ഡി എഫ് എന്ന വിശാലമായ പ്ലാറ്റ്‌ഫോം ഇടപാടില്‍ ബി ജെ പിക്ക് കിട്ടിയ അധികലാഭമാണ്.

അതിനിടയിലാണ് ഉമ്മൻ ചാണ്ടി അപദാനങ്ങൾ കുറച്ച് ദിവസമായി മാധ്യമങ്ങളിൽ നിറയുന്നത്. കേരളത്തിലെ കോൺഗ്രസിലെ രാഷ്ട്രീയ ചാണക്യൻ ഉമ്മൻ ചാണ്ടിയാണ്. ബുദ്ധിയെന്നത് എപ്പോഴും മുന്നിൽ നിൽക്കുകയും വിവരദോഷങ്ങൾ എഴുന്നൊള്ളിക്കുകയും മാത്രമല്ല. യഥാസമയത്ത് പിന്നിലേയ്ക്ക് പോകാനും സമയമാകുമ്പോൾ തിരിച്ച് വരാനുമുള്ള കഴിവ് കൂടിയാണ്.അത് കോൺഗ്രസിൽ ഉമ്മൻ ചാണ്ടിക്കുള്ളതുപോലെ മറ്റാർക്കുമില്ല.ആരോഗ്യം അനുവദിച്ചാൽ.ഉമ്മൻ ചാണ്ടി തന്നെ കേരളത്തിലെ കോൺഗ്രസിന്റെ ശക്തനായ നേതാവായി അടുത്ത തെരഞ്ഞെടുപ്പ് നയിക്കും ഒരു സംശയവും വേണ്ട. അയാളുടെ കൌശലത്തിൽ പെട്ട് കേരളത്തിലെ സകല നേതാക്കളും മുൻപും പെട്ടുപോയിട്ടുണ്ട്. ഇപ്പോഴും അതൊക്കെയാണാവസ്ഥ.

മുരളീധരൻ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സുധീരൻ, ആന്റണി… സകലരുടെയും ഇമേജ് നശ്സിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയൊക്കെ ഇപ്പോൾ എവിടെയുണ്ട്..? പന്ത് ഉമ്മൻ ചാണ്ടിയുടെ കോർട്ടിലെത്തുകതന്നെ ചെയ്യും. ചാണ്ടിയെ പ്രതിരോധിക്കാൻ ചെന്നിത്തലയ്‌ക്കെന്നല്ല കോൺഗ്രസിൽ ഇനി ആർക്കും സാധിക്കുകയുമില്ല.

ഉമ്മൻ ചാണ്ടി സി.പി.എം നെയും വെട്ടിലാക്കിയിട്ടുണ്ട്. മാണിയുടെ മകന്റെ യുഡി എഫ് പിണക്കത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയെന്നാണ് സംസാരം. ഉമ്മൻ ചാണ്ടി നേതാവായി കോൺഗ്രസിനെ നയിക്കാൻ എത്തുന്നതോടെ ജോസ് കെ മാണി കോൺഗ്രസിനൊപ്പം പോകും നോക്കിക്കോളൂ. അപ്പോഴേക്കും കോഴ മാണിയുടെ മകനെ പിടിക്കാൻ നടന്നുവെന്ന ദുഷ്പേരു സി.പി.എം സ്വന്തം പിടലിയ്ക്ക് വെച്ചുകെട്ടുകയും ചെയ്യും.

ഉമ്മൻ ചാണ്ടിയാണു കോൺഗ്രസിനെ നയിക്കാൻ വരുന്നതെങ്കിൽ.ലീഗും മറ്റു ഘടക കക്ഷികളും എല്ലാം ഒരുമിച്ച് നിൽക്കും. കോൺഗ്രസിൽ വലിയൊരു ഐക്യം രൂപപ്പെടും. കാരണം ഉമ്മൻ ചാണ്ടി അവർക്കെല്ലാം സ്വീകാര്യനാണ്. ഇടതുപക്ഷം യഥാർത്ഥ ശത്രുവിനെ തിരിച്ചറിയുന്നില്ല.എളാപ്പയെയും കൊച്ചാപ്പയെയുമൊക്കെ ന്യായീകരിച്ച് ഖുർആൻ സംരക്ഷണയജ്ഞവുമായി ഇറങ്ങിയിരിക്കുകയാണ്.

ഉമ്മൻ ചാണ്ടിയല്ലാതെ ആരു നയിച്ചാലും ഇടതുപക്ഷത്തിനു തുടർ ഭരണം ലഭിക്കും. എന്നാൽ ഉമ്മൻ ചാണ്ടി വന്നാൽ കാര്യങ്ങൾ കുറച്ച് പ്രയാസമായിരിക്കും.‘കടക്ക് പുറത്ത്…’ എന്നതിനു ബദൽ.. ‘കടന്നു വരൂ…’ ഇതാവും വരുന്ന ഇലക്ഷനിലെ ഉമ്മൻചാണ്ടിയുടെ മുദ്രാവാക്യമായി മാറാൻ പോകുന്നത്. അത് കേരളം സ്വീകരിച്ചാൽ അതിൽ അൽഭുതപ്പെടേണ്ടതുമില്ല..!

ഇടതുപക്ഷമെന്ന് പറഞ്ഞും പ്രവർത്തിച്ചും നിൽക്കുന്നവർ വിജയിക്കുമോ.? ഇടതുപക്ഷമെന്ന് നുണപറഞ്ഞും കാണിച്ചും നിൽക്കുന്നവർ വിജയിക്കുമോ ..? എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എന്തായാലും ഒരു കാര്യത്തിൽ ഉറപ്പ് പറയാം. അടുത്ത ഇലക്ഷനിൽ വിജയിക്കുക ഇടത് നയങ്ങൾ തന്നെയാവും. കാരണം ഉമ്മൻ‌ചാണ്ടി കേരളത്തിൻറെ ഇടതുബോധത്തെ ഹൈജാക്ക് ചെയ്തുകൊണ്ടാവും മുന്നിൽ വരിക.

എങ്കിലും നാലുവർഷമായി കസേരസ്വപ്നം കണ്ടു കഴിയുന്ന ചെന്നിത്തലയ്ക്കും കൂട്ടർക്കും ചില ആഗ്രഹങ്ങളും ഉദ്ഘണ്ടകളുമൊക്കെ സ്വാഭാവികമാണല്ലോ? ഭരണത്തിലോ ഭരണ മികവിലോ ആയിരുന്നില്ല; ഭരണ മാറ്റത്തിലായിരുന്നു എക്കാലത്തും കേരള രാഷ്ട്രീയത്തിന്റെ കണ്ണ്. അയ്യഞ്ച് വര്‍ഷം തികയുമ്പോള്‍ വിശേഷിച്ച് ഒരലമ്പുമില്ലാതെ ആചാരപരമായി ഭരണമാറ്റമുണ്ടാകും. നന്നായി ഭരിച്ചാലും ഭരിച്ചു വെടക്കാക്കിയാലും ഭരണമാറ്റം ഉറപ്പാണ്, പിന്നെന്തിന് ഉഷ്ണിച്ചു ഭരിക്കണം എന്നൊരു നിലപാടും മുന്നണികള്‍ക്കുണ്ടായിരുന്നു. മുടക്കമില്ലാതെ, വരുമെന്നുറപ്പുള്ള ഈ ഭരണമാറ്റം മുന്‍നിറുത്തിയായിരുന്നു കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പ്രതിപക്ഷത്ത് ക്ഷമയോടെ ഇരുന്നിരുന്നത്. അണികളെ പിടിച്ചുനിറുത്തുന്നതും പോലീസുകാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിരട്ടിനിറുത്തുന്നതും ഭരണമില്ലെങ്കിലും കഞ്ഞി കുടിച്ചു പോകുന്നതും അലംഘനീയം എന്ന് കരുതിപ്പോന്ന ഈ ഭരണമാറ്റ പ്രതീക്ഷയുടെ ബലത്തിലായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫിനെ ഇപ്പോള്‍ അസാധാരണമായൊരു ഭയം പിടികൂടിയിരിക്കുന്നു; കട്ടായം കരുതിപ്പോന്ന പതിവ് ഇക്കുറി തെറ്റുമോ? രാഷ്ട്രീയ കണക്കന്മാര്‍ ആപത് സൂചനകള്‍ ഗണിച്ചു തുടങ്ങിയിട്ടുണ്ട്. മുമ്പെങ്ങും ഇല്ലാത്ത പ്രതിഭാസമാണിത് – ഭരണത്തുടര്‍ച്ചാഭീതി. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങളുടെ മൂലഹേതു ഇതാണ്. സ്വര്‍ണക്കടത്തോ ഖുര്‍ആന്‍ കടത്തോ ലൈഫ്മിഷനോ ഒന്നുമല്ല വിഷയം.