നാലു മാസമായി മുഴുപ്പട്ടിണി; 450 ഇന്ത്യാക്കാര്‍ സൗദിയില്‍ തെരുവിലിരുന്ന് ഭിക്ഷ യാചിച്ചു; പോലീസ് ഇവരെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റി

കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലില്ലാതായി പട്ടിണിയിലുമായി പോയ 450 ഇന്ത്യാക്കാര്‍ സൗദി അറേബ്യയില്‍ തെരുവിലിരുന്ന് ഭിക്ഷ യാചിച്ചു. തെലുങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, കാശ്മീര്‍, ബീഹാര്‍, ഡല്‍ഹി, രാജസ്ഥാന്‍, കര്‍ണാടക, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ജോലിതേടി എത്തിയവരാണ് യാചകരായി മാറിയത്. ഇവരെ സൗദി പോലീസ് ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.

വര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പട്ടിണിയിലായതോടെയാണ് ഇവര്‍ യാചകരാകാന്‍ നിര്‍ബ്ബന്ധിതരായത്. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ സൗദി പോലീസ് പിടികൂടി ജദ്ദയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റി. ഇതില്‍ 39 പേര്‍ ഉത്തര്‍പ്രദേശുകാരാണ്. പത്തു പേര്‍ ബീഹാറില്‍ നിന്നും അഞ്ചു പേര്‍ തെലുങ്കാനയില്‍ നിന്നും നാലു പേര്‍ വീതം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ ആന്ധ്രാക്കാരനുമാണ്. തങ്ങള്‍ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്നും ജോലിയുമില്ല ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ ചെയ്തതാണെന്നും ഡിറ്റെന്‍ഷന്‍ സെന്ററിലും ഇപ്പോള്‍ നരകിക്കുകയാണെന്നും പറഞ്ഞു.

നാലു മാസമായി വിവരിക്കാന്‍ കഴിയാത്ത വിധം കഷ്ടപ്പാടിലൂടെയാണ് നീങ്ങുന്നതെന്നും ഒപ്പമുണ്ടായിരുന്ന പാകിസ്താന്‍, ബംഗ്ഌദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്് അവരുടെ രാജ്യങ്ങളിലെ അധികൃതര്‍ സഹായവുമായി എത്തുകയും അവരവരുടെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്‌തെന്നും തങ്ങള്‍ ഇവിടെ ആരുടേയും സഹായം കിട്ടാതെ കുടുങ്ങിയിരിക്കുകയാണെന്നുമാണ് ഇവര്‍ പറഞ്ഞത്. കാലാവധി കഴിഞ്ഞിട്ടും തുടരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇവരെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുന്നത്. ഇഖാമ (വര്‍ക്ക് പെര്‍മിറ്റ്്) ഇല്ലാത്തവരേയും ഡിറ്റെന്‍ഷന്‍ സെന്ററുകളിലേക്ക് അയച്ചെന്നും പറയുന്നു.

ഇവരുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്ത് വന്നതോടെ സാമൂഹ്യ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇവരുടെ ദുര്‍വ്വിധി ചൂണ്ടിക്കാട്ടി പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ഇവരുടെ വിവരം അറിഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. 450 ഇന്ത്യാക്കാരെയും നാട്ടിലെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, വ്യോമ മന്ത്രി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ 2.4 ലക്ഷം ഇന്ത്യാക്കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 40,000 പേര്‍ക്ക് മാത്രമാണ് മടങ്ങാന്‍ കഴിഞ്ഞിട്ടുള്ളതെന്നാണ് വിവരം.