Thu. Mar 28th, 2024

കോട്ടയത്തെ മണര്‍കാട് സെന്റ് മേരിസ് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവ്. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കണമെന്ന് കോട്ടയം സബ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. പുതിയ ഭരണ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മണര്‍കാട് സെന്റ് മേരീസ് പള്ളി 1934 ലെ മലങ്കര സഭാ ഭരണഘടന പ്രകാരവും, 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും ഭരിക്കപ്പെടണം.1934 ലെ ഭരണഘടന പ്രകാരമുള്ള ഭരണകക്ഷിക്കെ പള്ളിയുടെ ചുമതലകള്‍ നടത്താവുള്ളു എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഈ ഭരണകക്ഷിയെ ആരെങ്കിലും തടഞ്ഞാല്‍ പോലീസ് തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. നിലവിലെ ഭരണകക്ഷി ഇതുവരെയുള്ള വരവ് ചെലവ് കണക്കുകള്‍ നിയമപ്രകാരമുള്ള ഭരണകക്ഷിക്ക് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.ഇതുവരെ ഉള്ളതായ കണക്കുകള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കുവാനും കോടതി നിര്‍ദേശം നല്‍കി.

അതേസമയം ഉത്തരവിനെതിരെ അപ്പീര്‍ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിിയാണ് മണര്‍കാട് സെന്റ് മേരിസ് ദേവാലയം. നിലവില്‍ പള്ളിക്ക് കീഴില്‍ ഏകദേശം രണ്ടായിരത്തോളം യാക്കോബായ വിശ്വാസികളാണുള്ളത്. മാര്‍ത്തോമ്മ സഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണര്‍കാട്. എന്നാല്‍ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസിലായതിനെ തുടര്‍ന്ന് സഭയ്ക്ക് തന്നെ തിരികെ കൊടുക്കുകയായിരുന്നു.