Fri. Apr 19th, 2024

✍️  സി. ആർ സുരേഷ്

”സ്വന്തം ദിവ്യാത്ഭുതങ്ങളെക്കുറിച്ച് പരിശോധിക്കാൻ സമ്മതിക്കാത്തവൻ പറ്റിപ്പുകാരനാണ്. ദിവ്യാത്ഭുതങ്ങൾ അന്വേഷിക്കാൻ മെനക്കെടാത്തവൻ എളുപ്പം വഞ്ചിതനാവുന്നവനാണ്. എന്നാൽ പരിശോധന കൂടാതെ ഒരു കാര്യം വിശ്വസിക്കുന്നവനാവട്ടെ വിഡ്ഡിയും”-

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ യുക്തി കൊണ്ടു പൊരുതിയ സാമൂഹിക പരിഷ്കർത്താവാണ് എബ്രഹാം തോമസ് കോവൂർ എന്ന എ ടി കോവൂർ.

സിദ്ധന്മാരും അത്ഭുത പ്രവർത്തകരായ മതാചാര്യന്മാരും അദ്ദേഹത്തെ ഭയന്നു. നന്മയേയും തിന്മയേയും വേർതിരിച്ചു കാണിക്കുകയും മനുഷ്യനെ നേർവഴി നടത്തുകയും ചെയ്യുക എന്നതായിരുന്നു കോവൂരിന്റെ അഭിപ്രായം.


ദൈവദത്തമായി ലഭിച്ച കഴിവുകൾ പ്രകടിപ്പിക്കാനുള്ള വൈഭവമുണ്ടെന്ന് പറഞ്ഞ ആളുകൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ കോവൂർ അവസരം നൽകി. കവറിലടക്കം ചെയ്ത കറൻസി നോട്ട് നമ്പർ പറയുക, ശൂന്യതയിൽ നിന്ന് എന്തെങ്കിലും സാധനം വരുത്തുക, വെള്ളത്തിനു മീതെ നടക്കുക, ജലത്തെ വീഞ്ഞാക്കി മാറ്റുക, പൊള്ളലൊന്നുമില്ലാതെ 30 സെക്കൻഡ് തീയിൽ നിൽക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച വെല്ലുവിളികൾ. വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. മാന്ത്രിക ശക്തി കൊണ്ട് തന്നെ കൊന്നുകളയാൻ അദ്ദേഹം ഒരിക്കൽ മന്ത്രവാദികളോട് ആവശ്യപ്പെട്ടു. ഒരു വെല്ലുവിളിയും ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നില്ല.

1925-ൽ സസ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ കോവൂർ അതേ വിഷയത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ അധ്യാപകനായിരുന്നു. കേരളത്തിലെ പലതരം സസ്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി ക്രോഡീകരിക്കാനുള്ള പരിശ്രമം നടത്തി.

1928-ൽ ശ്രീലങ്കയിലെത്തിയ കോവൂർ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയത് അവിടെയായിരുന്നു. ചില സുഹൃത്തുക്കളുമായി ചേർന്ന് സിലോൺ യുക്തിവാദ സംഘം രൂപീകരിച്ചു. 1943-ൽ റിച്ച് മണ്ഡിലെ ഗാൾ കോളേജിൽ പ്രൊഫസറായി. 1959-ൽ കൊളംബോയിലെ തെഴ്സ്റ്റൻ കോളേജിൽ നിന്നും വിരമിച്ചു. തുടർന്ന് സാമൂഹിക രംഗത്ത് കർമനിരതനായ അദ്ദേഹം മനഃശാസ്ത്രത്തിൽ നിരന്തരമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തി.


മനഃശാസ്ത്ര ചികിത്സയിലൂടെ ഒരാളുടെ രോഗം ഭേദപ്പെടുത്തിയിട്ടുണ്ട്. മാതൃ തുല്യയായ സ്ത്രീയോടു തോന്നുന്ന അനുരാഗത്തെച്ചൊല്ലിയുള്ള ആ സംഭവം കഥാരൂപത്തിൽ അദ്ദേഹം എഴുതി നിർമ്മിച്ച ചലച്ചിത്രമാണ് ‘പുനർജന്മം’.

തേരാളി, മാതൃഭൂമി, ജനയുഗം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അന്ധവിശ്വാസങ്ങൾ, സംസാരിക്കുന്ന കുതിര, ആനമറുത, യുക്തിവാദം എന്നീ പേരുകളിൽ നാലു പുസ്തകങ്ങളായി ആ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രശസ്ത യുക്തിവാദി ജോസഫ് ഇടമറുകാണ് ഇംഗ്ലീഷിൽ രചിച്ച കോവൂരിന്റെ ലേഖനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.