Fri. Mar 29th, 2024

നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം- ഖുർആൻ കടത്ത് കേസിൽ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിച്ചത് മറ്റൊരു ആയുധമാക്കി മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. പല ജില്ലകളിലും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസിന്് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച സംഘടനകളാണ് പ്രതിഷേധത്തിന് മുന്‍നിരയിലുള്ളത്. ഇതിന് പുറമെ കോട്ടയത്തും കോഴിക്കോടും പാലക്കാടും പോലീസ് ലാത്തി വീശുകയും ചെയ്തു. പാലക്കാട് നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

സെക്രട്ടറിയേറ്റിലേക്ക് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടന്നു.കൊല്ലത്തും കോട്ടയത്തും കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എ. ഓഫീലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്തു എന്‍ഐഎ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു.

കോട്ടയം എസ്പി ഓഫീലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇത് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് ലാത്തികൊണ്ട് നേരിട്ടു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയാണ്.


കണ്ണൂരില്‍ മന്ത്രി ജലീലിനെ പ്രതികാത്മകമായി ജയിലിലടച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം. പ്രതിഷേധം ഭയന്ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോഴിക്കോട് കമ്മീഷണറേറ്റ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പോലീസ് ലാത്തിച്ചാര്‍ജില്‍ വി.ടി ബല്‍റാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവരെ ലാത്തിക്കടിച്ചു.

ചങ്ങരംകുളത്ത് മന്ത്രി ജലീലിന് തലയില്‍ മുണ്ടിട്ട് നടക്കാന്‍ തോര്‍ത്ത്മുണ്ട് വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് ഭിക്ഷയെടുക്കുകയാണ്. കടകള്‍ തോറും കയിറയിറങ്ങിയാണ് ഭിക്ഷയെടുപ്പ്. മന്ത്രിക്ക് തോര്‍ത്ത് വാങ്ങാന്‍ 25 രൂപ ചലഞ്ചുമായി വി.ടി ബല്‍റാം എം.എല്‍എ രംഗത്തെത്തിയിരുന്നു.

രാവിലെ ആറ് മണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ ഐ എ ഓഫീസിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ പ്രതിപക്ഷ സംഘടനകളെക്കൂടാതെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കൊച്ചി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് എന്‍ഐഎ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.