ഇന്‍സ്റ്റാംഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. നെടുമങ്ങാട് പേരുമല മഞ്ച റസിയ മന്‍സില്‍ തൗഫീഖിനെയാണ് (19) പോത്തന്‍കോട് പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച് പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രികാലങ്ങളില്‍ എത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പീഡനം നേരില്‍കണ്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.

ഇന്‍സ്റ്റഗ്രാം വഴി നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതായും പോലീസ് പറയുന്നു. നഗ്‌നചിത്രങ്ങള്‍ പുറത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കവരാനും ശ്രമമുണ്ടായി. രാത്രി കാലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. സംഭവത്തില്‍ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണെന്നു പോത്തന്‍കോട് പോലീസ് പറഞ്ഞു.