✍️ റെൻസൺ വി എം
ജനാധിപത്യ വ്യവസ്ഥിതിയുടെ സുഗമമായ പ്രവർത്തനത്തിനു വ്യത്യസ്ത താത്പര്യങ്ങളുള്ള പൗരന്മാരുടെ വ്യവഹാരങ്ങൾക്കു കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് ഈ കാര്യത്തിൽ അതിസങ്കീർണമായ സ്ഥിതിയാണ് നിലനില്ക്കുന്നത്. ആരോഗ്യമേഖലയിൽ ജനോപകാരപ്രദമായ ഒരു നിയമ ചട്ടക്കൂട് ഇവിടെ ഇനിയും വികസിച്ചിട്ടില്ല. ആധുനിക വൈദ്യം, ഹോമിയോപ്പതി, ആയുർവ്വേദം, യൂനാനി, പ്രകൃതിചികിത്സ, നാട്ടുവൈദ്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഇവിടെ രോഗിയും ചികിത്സകനും തമ്മിലുള്ള ബന്ധം ഒട്ടും ജനാധിപത്യപരമല്ല. പൊതുവേ, സങ്കീർണമായ ആരോഗ്യരംഗത്തെ കുറിച്ചുള്ള അജ്ഞതമൂലം രോഗികൾ നിരന്തര ചൂഷണത്തിനു വിധേയമാകുന്നുണ്ട്. ഇതുമൂലം അവരുടെ ജീവൻ തന്നെ നഷ്ടപ്പെടാം. രോഗചികിത്സ ആരെയും അപായപ്പെടരുത് എന്നതു മാനവരാശി വികസിപ്പിച്ച നൈതികതയാണ്. എന്നിട്ടും, ഓരോ ദിവസവും ചികിത്സയ്ക്കിടെ ലോകമെങ്ങുമുള്ള ആയിരക്കണക്കിനു രോഗികൾ ഒഴിവാക്കാവുന്ന നിരവധി ആപത്തുകൾ നേരിടുന്നു. ലോക വ്യാപകമായിത്തന്നെ നിലനില്ക്കുന്ന ഈ മനുഷ്യാവകാശപ്രശ്നത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കേണ്ടതാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. ഈ പശ്ചാത്തലത്തിൽ 72 -ാമത് ലോകാരോഗ്യ അസംബ്ലി 2019 മെയ് 25 ന് ഡബ്ല്യുഎച്ച്എ 72.6 പ്രമേയത്തിലൂടെ ‘രോഗിയുടെ സുരക്ഷയെക്കുറിച്ചുള്ള ആഗോള നടപടി’ (Global action on patient safety) അംഗീകരിച്ചു. ഈ പ്രമേയം രോഗിയുടെ സുരക്ഷയെ ആഗോള ആരോഗ്യ മുൻഗണനയായി അംഗീകരിക്കുകയും പ്രതിവർഷം സെപ്റ്റംബർ 17 ന് ലോക രോഗി സുരക്ഷാദിനം ആചരിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു.
രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ആഗോള ഐക്യദാർഡ്യവും എല്ലാ രാജ്യങ്ങളുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും സംയോജിത പ്രവർത്തനവും ലോക രോഗി സുരക്ഷാദിനം ആവശ്യപ്പെടുന്നു. കൂടാതെ, രോഗികളുടെ സുരക്ഷയ്ക്കുള്ള പ്രതിജ്ഞാബദ്ധത വളർത്തുന്നതിനു രോഗികൾ, കുടുംബങ്ങൾ, പരിചാരകർ, കമ്മ്യൂണിറ്റികൾ, ആരോഗ്യ പ്രവർത്തകർ, നയ നിർമ്മാതാക്കൾ എന്നിവരെ ഈ ദിവസം ഒരുമിച്ചു കൊണ്ടുവരുന്നു. എല്ലാ പങ്കാളികളും രോഗികളുടെ സുരക്ഷയ്ക്കു മുൻഗണന നല്കി അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഈ ദിനം ഉയർത്തിക്കാട്ടുന്നു. ദിനാഘോഷത്തിന്റെ ഭാഗമായി ഓരോ വർഷവും രോഗിയുടെ സുരക്ഷ സംബന്ധിച്ച് ഒരു ഒരു പുതിയ തീം തിരഞ്ഞെടുക്കുകയും അവബോധം വളർത്തുകയും ചെയ്യാറുണ്ട്. ലോകാരോഗ്യരംഗം കോവിഡ് മഹാമാരിയെ നേരിടുന്ന സന്ദർഭത്തിൽ ഈ വർഷത്തെ രോഗി സംരക്ഷണദിന മുദ്രാവാക്യം ‘സുരക്ഷിതരായ ആരോഗ്യ പ്രവർത്തകർ, സുരക്ഷിതരായ രോഗികൾ’ (Safe health workers, Safe patients) എന്നതാണ് (1).
ഇന്ത്യൻ ജനാധിപത്യം സപ്തതിയുടെ പക്വത പിന്നിട്ടിട്ടും ആധുനിക മനുഷ്യാവകാശങ്ങളുടെ നൈതികബോധം പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരു നിയമ സംഹിത ആരോഗപഠന ഉ തല യമേഖലയിൽ വികസിപ്പിക്കാൻ നമുക്കായിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാൻ നടപടികൾ വിവിധ മേഖലകളിൽ ഉണ്ടാകുന്നുണ്ടെന്നതു രോഗികൾക്ക് ആശ്വാസമാകുന്നുണ്ട്. ഇന്ത്യയിലെ പൗരസമൂഹത്തിൽ ഏറ്റവും അസംഘടിതരായൊരു വിഭാഗമായ രോഗികളുടെ അവകാശ സംരക്ഷണത്തിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു ‘പേഷ്യൻസ് ചാർട്ടർ’ പുറത്തിറക്കിയിട്ടുണ്ട്. അതിൽ രോഗികൾക്കു ലഭ്യമാക്കേണ്ട 17 അവകാശങ്ങളെക്കുറിച്ചു വ്യക്തമാക്കുന്നു. രോഗികളുടെ മനുഷ്യാന്തസ്സിന്റെ സംരക്ഷണത്തിനുള്ള നിർണ്ണായകമായ ഈ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് ഇന്ന് ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന പല ചൂഷണങ്ങളെയും തടയാൻ സഹായിക്കും. ഈ അവകാശങ്ങൾ താഴെ വിവരിക്കുന്നു (2)
1. വിവരാവകാശം :- ഓരോ രോഗിക്കും തങ്ങളുടെ അസുഖത്തിന്റെ സ്വഭാവം, കാരണം, താത്കാലിക / സ്ഥിരീകരിച്ച രോഗനിർണ്ണയം, നിർദ്ദിഷ്ട അന്വേഷണങ്ങൾ, ചികിത്സാ പദ്ധതി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെക്കുറിച്ചു പ്രസക്തമായ വിവരങ്ങൾ അറിയാൻ അവകാശമുണ്ട്. രോഗികൾക്കു അറിയാവുന്ന ഭാഷയിലും അവർക്കു കൃത്യമായ ധാരണയുണ്ടാകുന്ന രീതിയിലും അവ വിശദീകരിക്കണം. സ്വയമോ അല്ലെങ്കിൽ യോഗ്യതയുള്ള സഹായികൾ വഴിയോ പ്രസ്തുത വിവരങ്ങൾ ലളിതവും മനസ്സിലാകുന്നതുമായ ഭാഷയിൽ രോഗിക്കു നല്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ട കടമ ചികിത്സിക്കുന്ന ഡോക്ടർക്കുണ്ട്.
പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവു സംബന്ധിച്ച വസ്തുതാപരമായ വിവരങ്ങൾ അറിയാൻ ഓരോ രോഗിക്കും പരിചാരകനും അവകാശമുണ്ട്. ഈ കാര്യങ്ങൾ, അവർക്കു രേഖാമൂലം നല്കാൻ ആശുപത്രി അധികൃതർ ബാധ്യസ്ഥരാണ്. ശാരീരിക അവസ്ഥയിലോ ചികിത്സയിലോ ഉണ്ടാകാവുന്ന വ്യത്യാസം കാരണം വരാവുന്ന അധിക ചെലവുകളെക്കുറിച്ചും അവരെ രേഖാമൂലം അറിയിക്കണം. ചികിത്സ പൂർത്തിയാകുമ്പോൾ രോഗിക്ക് ഇനം തിരിച്ചുള്ള ബില്ലും പണത്തിന്റെ ഉറവിടമോ പണമടയ്ക്കൽ രീതിയോ പരിഗണിക്കാതെ അവയ്ക്കു വിശദീകരണവും ലഭിക്കാൻ അവകാശമുണ്ട്. കൂടാതെ, പണം നല്കിയതിനു കൈപ്പറ്റു രസീതുകളും കിട്ടണം. തങ്ങൾക്കു ചികിത്സ നല്കുന്ന വ്യക്തികളുടെ ഐഡന്റിറ്റിയും പ്രൊഫഷണൽ നിലയും അറിയാൻ രോഗികൾക്കും അവരുടെ പരിപാലകർക്കും അവകാശമുണ്ട്. പരിചരണത്തിനു പ്രാഥമികമായി ഉത്തരവാദി ഏതു ഡോക്ടർ / കൺസൾട്ടന്റാണെന്നും അവരോടു വ്യക്തമാക്കണം. എല്ലാ രോഗികൾക്കും പരിചാരകർക്കും ഈ വിവരങ്ങൾ ആശുപത്രി അധികാരികൾ കൃത്യമായി രേഖാമൂലം നല്കേണ്ടതാണ്.
2. റെക്കോഡുകൾക്കും റിപ്പോർട്ടുകൾക്കുമുള്ള അവകാശം :- ഓരോ രോഗിക്കും അല്ലെങ്കിൽ അയാളുടെ പരിചാരകനും കേസ് രേഖകൾ, ഇൻ പേഷ്യന്റ് റെക്കോഡുകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവയുടെ ഒറിജിനൽ / പകർപ്പു ലഭിക്കാൻ അവകാശമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂറിനുള്ളിലും ഡിസ്ചാർജിന് ശേഷം 72 മണിക്കൂറിനുള്ളിലും ഇവ നല്കിയിരിക്കണം. രോഗികളോട് ഉചിതമായ ഫീസ് മേടിച്ചുകൊണ്ടു രേഖകൾ ലഭ്യമാക്കുകയോ അല്ലെങ്കിൽ സ്വന്തം ചെലവിൽ ഫോട്ടോകോപ്പി ചെയ്യാൻ അനുവദിക്കുകയോ ചെയ്യാം.
രോഗിയെ ആശുപത്രിയിൽ നിന്നു വിടുമ്പോൾ ഡിസ്ചാർജ് സമറിയോ രോഗിയുടെ മരണമുണ്ടായാൽ ഡെത്ത് സമറിയോ ലഭിക്കാൻ ബന്ധുക്കൾക്കും പരിചരണം നല്കുന്നവർക്കും അവകാശമുണ്ട്. ക്ളിനിക്കൽ പരിശോധനയുടെ ഭാഗമായി ലഭിച്ച രേഖകളുടെയും റിപ്പോർട്ടുകളുടെയും യഥാർത്ഥ പകർപ്പുകൾ സമറിയുടെ കൂടെ ലഭ്യമാക്കേണ്ടതാണ്. ഇവ ജീവനക്കാർ വഴി രോഗിക്കു നല്കാനുള്ള ഉത്തരവാദിത്വം ആശുപത്രി അധികാരികൾക്കുണ്ട്.
3. അടിയന്തിര വൈദ്യപരിചരണത്തിനുള്ള അവകാശം :- സർക്കാരിന്റെ നിയന്ത്രണത്തിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ ആശുപത്രികളും അടിയന്തിര വൈദ്യസഹായം നല്കാൻ ബാധ്യസ്ഥരാണ്. പരിക്കേറ്റവർക്ക് അടിയന്തിര വൈദ്യസഹായത്തിന് അവകാശമുണ്ട്. പൗരന്റെ ഭരണഘടനാപരമായ അവകാശമാണിതെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂറായും മറ്റും പണം ആവശ്യപ്പെടാതെ അത്തരം പരിചരണം ആശുപത്രികൾ ആരംഭിക്കണം. രോഗിക്ക് അടിസ്ഥാന പരിചരണം നല്കുമ്പോൾ അവരുടെ സാമ്പത്തിക സ്ഥിതി യാതൊരു കാരണവശാലും പരിഗണിക്കരുത്. ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ തങ്ങളുടെ ഡോക്ടർമാരും മറ്റു ജീവനക്കാരും വഴി അടിയന്തിര ചികിത്സ രോഗിക്ക് ഉറപ്പാക്കുക എന്നത് ആശുപത്രി അധികൃതരുടെ കടമയാണ്.
4. പൂർണ്ണ ബോധ്യത്തോടെ സമ്മതപത്രം നല്കുന്നതിനുള്ള അവകാശം :- ശരീരത്തിനകത്തേയ്ക്ക് ഉപകരണങ്ങളോ രാസ വസ്തുക്കളോ കടത്തിയുള്ള അന്വേഷണം, ശസ്ത്രക്രിയ, കീമോതെറാപ്പി മുതലായ അപായകരമായേക്കാവുന്ന ഏതെങ്കിലും പരിശോധന / ചികിത്സ ചെയ്യുന്നതിനു മുമ്പ് അതിന്റെ അപകടസാധ്യതകൾ സംബന്ധിച്ചു രോഗിക്കോ ബന്ധുക്കൾക്കോ അറിവു നല്കിയ ശേഷം അവരുടെ സമ്മതപത്രം വങ്ങേണ്ടതാണ്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ഡോക്ടർമാരും രോഗികളോടു സമ്മതം തേടുന്നതിനുള്ള കൃത്യമായി നിർദ്ദേശം ആശുപത്രി അധികൃതർ നല്കേണ്ടതാണ്. ശരിയായ വിവരങ്ങൾ ലഭ്യമാക്കിയ ശേഷം സമ്മതം തേടുന്നതിനു കൃതമായ പ്രോട്ടോക്കോൾ പ്രകാരമുള്ള സമ്മതപത്രങ്ങൾ രോഗികളിൽ നിന്നു മേടിക്കുന്നുണ്ടെന്ന് ആശുപത്രി അധികാരികള്‍ ഉറപ്പാക്കണം. ചികിത്സയുടെ പ്രധാന അപകടസാധ്യതകൾ രോഗിയോടും പരിചാരകരോടും വിശദീകരിക്കുക എന്നതു അപകടകരമായ പരിശോധന / ചികിത്സ നല്കുന്ന ഡോക്ടറുടെ കടമയാണ്. കാര്യങ്ങൾ ബോധ്യപ്പെട്ടശേഷം രോഗിയോ പരിചാരകനോ രേഖാമൂലമോ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ടിന്റെ കീഴിലെ ചട്ടങ്ങളിൽ വിശദീകരിച്ച രീതിയിലോ സമ്മതപത്രം നല്കിയാൽ മാത്രമേ ഡോക്ടർ ചികിത്സയുമായി മുന്നോട്ടു പോകാവൂ.
5. രഹസ്യാത്മകത, മനുഷ്യാന്തസ്സ്, സ്വകാര്യത എന്നിവയ്ക്കുള്ള അവകാശം :- എല്ലാ രോഗികൾക്കും സ്വകാര്യതയ്‌ക്കുള്ള അവകാശമുണ്ട്, മറ്റു വ്യക്തികളുടെ സംരക്ഷണത്തിനായോ പൊതുജനാരോഗ്യ പരിഗണനയാലോ ആശയവിനിമയം പ്രത്യേക സാഹചര്യങ്ങളിൽ അത്യാവശ്യമാകുമ്പോളൊഴിച്ച് രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സാ പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങൾ കർശനമായ രഹസ്യാത്മകതയിൽ സൂക്ഷിക്കാൻ ഡോക്ടർമാർക്കു ബാധ്യതയുണ്ട്. പുരുഷ പ്രാക്ടീഷണറുടെ ശാരീരിക പരിശോധനയ്ക്കിടെ സ്ത്രീ രോഗികൾക്കു മറ്റൊരു സ്ത്രീയുടെ സാന്നിധ്യമുണ്ടാകാനുള്ള അവകാശമുണ്ട്. സ്ത്രീ രോഗികളുടെ കാര്യത്തിൽ അത്തരം വനിതാ പരിചാരകരുടെ സാന്നിധ്യം ആശുപത്രി അധികൃതർ ഉറപ്പാക്കേണ്ടതാണ്. കൂടാതെ, എല്ലാ സാഹചര്യങ്ങളിലും തങ്ങളുടെ ജീവനക്കാർ, ഓരോ രോഗിയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നുവെന്ന് അധികാരികൾ ഉറപ്പു വരുത്തണം. രോഗിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുകയും വിവര മോഷണം, ചോർച്ച മുതലായവ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
6. ചികിത്സയെക്കുറിച്ചു രണ്ടാമതൊരു വിദഗ്ദ്ധോപദേശം തേടുന്നതിനുള്ള അവകാശം :- രോഗിക്കോ പരിചാരകർക്കോ ഉചിതമായ ഒരു ഡോക്ടറിൽ നിന്നു ചികിത്സയെ സംബന്ധിച്ചു രണ്ടാമത്തൊരു വിദഗ്ദ്ധാഭിപ്രായം തേടാനുള്ള അവകാശമുണ്ട്. ഈ അവകാശത്തെ മാനിക്കേണ്ടത് ആശുപത്രി അധികൃതരുടെ കടമയാണ്. കൂടാതെ, അധിക ചെലവുകളോ കാലതാമസമോ ഇല്ലാതെ അത്തരം അഭിപ്രായം തേടുന്നതിന് ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും രോഗികൾക്കോ പരിചരണക്കാർക്കോ അവർ നല്കണം.
വ്യക്തി ഒരാശുപത്രിയിൽ ചികിത്സയിലായിരിക്കുന്നിടത്തോളം, അവിടെ നല്കുന്ന പരിചരണത്തിന്റെ ഗുണനിലവാരത്തെ രോഗി / പരിചാരകർ രണ്ടാമത്തൊരു ഉപദേശം തേടാനെടുക്കുന്ന ഏതൊരു തീരുമാനവും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ആശുപത്രി അധികാരികൾ ഉറപ്പാക്കണം. ആശുപത്രിയോ സേവന ദാതാക്കളോ സ്വീകരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവേചനപരമായ നടപടി മനുഷ്യാവകാശ ലംഘനമായി കണക്കാക്കും.
7. ചികിത്സാ നിരക്കുകളിൽ സുതാര്യതയ്ക്കും പ്രസക്തമായ സന്ദർഭങ്ങളിലെല്ലാം നിശ്ചിത നിരക്കനുസരിച്ചു ചികിത്സ ലഭിക്കാനുമുള്ള അവകാശം :- ഓരോ ആശുപത്രിയും നല്കുന്ന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിരക്കുകളെക്കുറിച്ച് അറിയാൻ ഓരോ രോഗിക്കും പരിചാരകർക്കും അവകാശമുണ്ട്. നിരക്കുകൾ ഡിസ്പ്ലേബോർഡുകളും ബ്രോഷറുകളും വഴി അറിയിക്കേണ്ടതാണ്. പണമടയ്ക്കുന്ന സമയത്ത് ഒരു വിശദമായ ബിൽ ലഭിക്കാൻ രോഗികൾക്ക് അവകാശമുണ്ട്. ആശുപത്രി നല്കുന്ന പ്രധാന സേവനങ്ങളുടെ നിരക്കുകൾ പ്രാദേശിക ഭാഷയിലും, ഇംഗ്ലീഷിലും വ്യക്തമായ കാണാവുന്ന സ്ഥലത്ത് ആശുപത്രി / ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് പ്രദർശിപ്പിക്കേണ്ടതാണ്. എല്ലാ രോഗികൾക്കും പരിചരണം നല്കുന്നവർക്കും നിരക്കുകളുടെ വിശദമായ പട്ടിക ഒരു ലഘുലേഖയുടെ രൂപത്തിൽ ലഭ്യമാക്കണം.
ഇന്ത്യൻ ഫാർമക്കോപ്പിയ പ്രകാരമുള്ള അവശ്യ മരുന്നുകളും ഉപകരണങ്ങളും ഇംപ്ലാന്റുകളും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയും (എൻപിപിഎ) മറ്റു പ്രസക്തമായ അധികാരികളും നിശ്ചയിച്ച നിരക്കിൽ ലഭിക്കാൻ ഓരോ രോഗിക്കും അവകാശമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമയാസമയങ്ങളിൽ നിർദ്ദേശിക്കുന്ന നിരക്കിനുള്ളിൽ പ്രസക്തമാകുന്നിടത്തെല്ലാം ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കാനുള്ള അവകാശം ഓരോ രോഗിക്കുമുണ്ട്. എന്നിരുന്നാലും, സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ മരുന്നുകൾ, ഉപകരണങ്ങൾ, ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ രോഗിക്കു തിരഞ്ഞെടുക്കാം. ഇന്ത്യാ ഗവൺമെന്റും ലോകാരോഗ്യ സംഘടനയും പറയുന്നത് അനുസരിച്ച് ദേശീയ അവശ്യ മരുന്നു പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെട്ട ഔഷധങ്ങൾ, ഉപകരണങ്ങൾ, ഇംപ്ലാന്റുകൾ, സേവനങ്ങൾ എന്നിവ രോഗികൾക്കു നിർദ്ദിഷ്ട നിരക്കിനേക്കാൾ താഴ്ന്ന നിരക്കിലോ അല്ലെങ്കിൽ രേഖപ്പെടുത്തിയ പരമാവധി ചില്ലറ വില്പന വിലയിലോ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ ആശുപത്രിക്കും ക്ലിനിക്കൽ സ്ഥാപനത്തിനും ഉത്തരവാദിത്വമുണ്ട്.
8. വിവേചനമില്ലാതെ ചികിത്സ ലഭിക്കാനുള്ള അവകാശം :- എച്ച് ഐ വി പോലുള്ള രോഗങ്ങൾ, മറ്റു ശാരീരിക അവസ്ഥകൾ, മതം, ജാതി, വംശീയത, ലിംഗഭേദം, പ്രായം, ലൈംഗിക ആഭിമുഖ്യം, ഭാഷാപരമായതോ ഭൂമിശാസ്ത്രപരമായതോ ആയ സാമൂഹിക ഉത്ഭവം എന്നിവയുടെ അടിസ്ഥാനത്തിൽ ചികിത്സയിൽ രോഗികളോടു വിവേചനം കാണിക്കാൻ പാടില്ല.
ചികിത്സയ്ക്കെത്തുന്ന വ്യക്തികൾ വിവേചനപരമായ ഏതെങ്കിലും പെരുമാറ്റമോ ചികിത്സയോ നേരിടുന്നില്ലെന്ന് ആശുപത്രി അധികൃതർ ഉറപ്പാക്കേണ്ടതാണ്. കൂടാതെ, തങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ഡോക്ടർമാർക്കും ജീവനക്കാർക്കും ഇതെക്കുറിച്ചു നിർദ്ദേശവും ബോധവത്കരണവും അവർ നിരന്തരം നല്കണം.
9. മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചികിത്സയ്ക്കുള്ള അവകാശം :- ആശുപത്രി പരിസരത്തു രോഗികൾക്ക് സുരക്ഷയ്ക്കുള്ള അവകാശമുണ്ട്. ആവശ്യമായ ശുചിത്വം, അണുബാധ നിയന്ത്രണ നടപടികൾ, ബിഐഎസ് / എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതമായ കുടിവെള്ളം, ശുചിത്വ സൗകര്യങ്ങൾ എന്നിവയുള്ള അന്തരീക്ഷത്തിൽ ചികിത്സ ലഭിക്കാൻ അവർക്ക് അവകാശമുണ്ട്. വൃത്തിയുള്ള സ്ഥലവും അണുബാധ നിയന്ത്രണത്തിനുള്ള വ്യവസ്ഥയും ഉൾപ്പെടെ എല്ലാ രോഗികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ആശുപത്രി അധികാരികളുടെ കടമയാണ്. ഹോസ്പിറ്റലുകളുടെ നാഷണൽ അക്രഡിറ്റേഷൻ ബോർഡോ (NABH) സമാന ഏജൻസികളോ നിഷ്കർഷിച്ച മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള ഗുണനിലവാരം പാലിക്കുന്ന ആരോഗ്യ പരിരക്ഷ ലഭിക്കാൻ രോഗികൾക്ക് അവകാശമുണ്ട്. വൈദ്യശാസ്ത്ര നൈതികതയുടെ തത്ത്വങ്ങൾക്കനുസൃതമായി പൂർണ്ണ നിപുണതയുള്ള, പ്രൊഫഷണലായ ചികിത്സയും പരിചരണവും അവർക്കു ലഭിക്കണം. ചികിത്സയിൽ ഉണ്ടാകുന്ന ബോധപൂർവമായ അശ്രദ്ധ മൂലം അപായം സംഭവിച്ചാൽ പരിഹാരം തേടാൻ രോഗികൾക്കും പരിപാലകർക്കും അവകാശമുണ്ട്.
നിലവിലെ പരിചരണ മാനദണ്ഡങ്ങളും ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചു ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്കാനും അതിൽ അശ്രദ്ധയും അപര്യാപ്തതയും ഒഴിവാക്കാനും ആശുപത്രി അധികൃതർക്കും ചികിത്സിക്കുന്ന ഡോക്ടർമാർക്കും കടമയുണ്ട്.
10. ലഭ്യമെങ്കിൽ ഇതര ചികിത്സാ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം :- ഇതര ചികിത്സാ സമ്പ്രദായങ്ങളോ മറ്റു സാധ്യതകളോ ലഭ്യമാണെങ്കിൽ, എല്ലാ സാഹചര്യവും പരിഗണിച്ച ശേഷം രോഗികൾക്കും അവരുടെ പരിപാലകർക്കും അവ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ലഭ്യമായ എല്ലാ പരിഗണനകൾക്കും ശേഷം ചികിത്സ നിരസിക്കുന്നതിനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു. ഈ തീരുമാനം വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം രോഗിയും പരിപാലകരും ഏറ്റെടുക്കേണ്ടതാണ്. ഒരു രോഗി, അദ്ദേഹത്തിനു നല്കുന്ന വൈദ്യോപദേശത്തിനു വിരുദ്ധമായി സ്വന്തം ഉത്തരവാദിത്വത്തിൽ ഒരു ആരോഗ്യ പരിരക്ഷാ സൗകര്യം ഉപേക്ഷിക്കുകയാണെങ്കിൽ, തുടർ ചികിത്സയിലും അവസ്ഥയിലും ഈ തീരുമാനം ചെലുത്താവുന്ന സ്വാധീനം കണക്കിലെടുക്കാതെ ഈ ചാർട്ടറിൽ പരാമർശിച്ചിരിക്കുന്ന വിവിധ അവകാശങ്ങൾ ടി വ്യക്തിക്കു ലഭ്യമാക്കേണ്ടതാണ്. ഇതര ചികിത്സാ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ രോഗിക്കു നല്കാനും അദ്ദേഹത്തിന്റെയും പരിചാരകരുടെയും പൂർണ്ണ ബോധ്യത്തോടെയുള്ള തിരഞ്ഞെടുപ്പിനെ ബഹുമാനിക്കാനും ആശുപത്രി അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. ഈ വിഷയത്തിൽ രോഗിയുമായോ പരിപാലകരുമായോ ഉള്ള ആശുപത്രി അധികൃതരുടെ ആശയവിനിമയം രേഖാമൂലമായിരിക്കണം. കൂടാതെ, ഈ ആശയവിനിമയം നടന്നുവെന്നു രോഗിയോ പരിചാരകരോ അംഗീകരിച്ചതിനു തെളിവുമുണ്ടാകണം.
11. മരുന്നുകളും ടെസ്റ്റുകളും ഇഷ്ടമുള്ളിടത്തു നിന്നു തിരഞ്ഞെടുക്കാനുള്ള അവകാശം :- ഏതെങ്കിലും മരുന്ന് ഒരു ഡോക്ടറോ ആശുപത്രിയോ നിർദ്ദേശിക്കുമ്പോൾ, രോഗികൾക്കും അവരുടെ പരിചാരകർക്കും രജിസ്റ്റർ ചെയ്ത ഏതെങ്കിലും ഫാർമസിയിൽ നിന്ന് അവ വാങ്ങാൻ അവകാശമുണ്ട്. അതുപോലെ, ഒരു പ്രത്യേക ക്ളിനിക്കൽ ടെസ്റ്റ് ഒരു ഡോക്ടറോ ആശുപത്രിയോ നിർദ്ദേശിക്കുമ്പോൾ, യോഗ്യതയുള്ള വ്യക്തികൾ നടത്തുന്ന, രജിസ്റ്റർ ചെയ്ത, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് (എൻഎബിഎൽ) അംഗീകാരമുള്ള ഏതെങ്കിലും ഡയഗ്നോസ്റ്റിക് സെന്റർ / ലബോറട്ടറിയിൽ അതു നടത്താനും രോഗിക്കും പരിപാലകനും അവകാശമുണ്ട്.
തങ്ങൾക്ക് ഇഷ്ടമുള്ള ഫാർമസി / ഡയഗ്നോസ്റ്റിക് സെന്ററിൽ നിന്നു, നിർദ്ദേശിച്ച മരുന്നുകൾ വാങ്ങാനും ക്ളിനിക്കൽ അന്വേഷണങ്ങൾ നടത്താനും സ്വാതന്ത്ര്യമുണ്ടെന്നു രോഗിയെയും പരിചാരകരെയും അറിയിക്കാൻ ചികിത്സിക്കുന്ന ഫിസിഷ്യന്മാർക്കും ഹോസ്പിറ്റൽ അധികാരികൾക്കും ബാധ്യതയുണ്ട്. രോഗി / പരിപാലകൻ അവരുടെ ഇഷ്ടപ്രകാരം ഫാർമസി / ഡയഗ്നോസ്റ്റിക് സെന്റർ തിരഞ്ഞെടുക്കുന്നതു ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രിയോ നല്കുന്ന ചികിത്സയെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കരുത്.
12. വാണിജ്യ സ്വാധീനങ്ങളിൽ നിന്നു മുക്തമായി ശരിയായ റഫറലിനും കൈമാറ്റത്തിനുമുള്ള അവകാശം :- ചികിത്സ തേടിയ ആദ്യത്തെ ചികിത്സാലയത്തിൽ പ്രവേശിപ്പിക്കപ്പെടാനും പരിചരണം തുടരാനുമുള്ള അവകാശം ഒരു രോഗിക്കുണ്ട്. തുടർന്നു രോഗിയെ പ്രവേശിപ്പിക്കുന്ന ഏതെങ്കിലും ആരോഗ്യകേന്ദ്രത്തിലും രോഗിക്കു ചികിത്സ സ്വീകരിക്കാം. കൂടാതെ, ഒരു ചികിത്സാകേന്ദ്രത്തിൽ നിന്നു മറ്റൊന്നിലേക്കു മാറ്റപ്പെടുമ്പോൾ കൈമാറ്റത്തിനുള്ള കാരണവും ബദൽ സാധ്യതകളും സംബന്ധിച്ച പൂർണ്ണ വിവരം രോഗിക്ക് / പരിചാരകനു ലഭിക്കണം. മാത്രമല്ല, കൈമാറുന്ന രോഗിയെ സ്വീകരിക്കുന്നിടത്ത് അതു സാധ്യമാണെന്നു സ്ഥിരീകരിക്കുകയും വേണം. ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ്ജിനു ശേഷം തുടരേണ്ട ആരോഗ്യ പരിചരണ നടപടികളെക്കുറിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് അറിയാൻ രോഗിക്കും പരിചാരകർക്കും അവകാശമുണ്ട്. രോഗികളുടെ ശരിയായ റഫറലും കൈമാറ്റവും ഉറപ്പാക്കേണ്ടത് ആശുപത്രി അധികൃതരാണ്.
മറ്റ് ആശുപത്രികൾ, സ്പെഷ്യലിസ്റ്റുകൾ, ലബോറട്ടറികൾ അല്ലെങ്കിൽ ഇമേജിംഗ് സേവനങ്ങൾ എന്നിവയിലേക്കുള്ളവ ഉൾപ്പെടെ എല്ലാ റഫറലുകളെയും സംബന്ധിച്ച തീരുമാനം പൂർണ്ണമായും രോഗിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കാൻ മാത്രമാകണം. കൈക്കൂലി, കമ്മീഷനുകൾ, ആനുകൂല്യങ്ങൾ അല്ലെങ്കിൽ മറ്റ് അധാർമ്മികമായ ബിസിനസ്സ് രീതികൾ മുതലായ വാണിജ്യ പരിഗണനകൾ റഫറൽ പ്രക്രിയയെ സ്വാധീനിക്കരുത്.
13. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉൾപ്പെടുന്ന രോഗികൾക്കു സംരക്ഷണത്തിനുള്ള അവകാശം :- ഒരു ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും / രോഗിക്കും ഉചിതമായ പരിരക്ഷയ്ക്കുള്ള അവകാശമുണ്ട്. എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ്, കേന്ദ്ര സർക്കാർ എന്നിവർ നിശ്ചയിച്ച പെരുമാറ്റച്ചട്ടങ്ങൾക്കും (Protocols) മാർഗ്ഗനിർദ്ദേശങ്ങൾക്കും (Good Clinical Practice Guidelines) ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് 1940 ലെയും അനുബന്ധ ചട്ടങ്ങളിലെയും ബന്ധപ്പെട്ട വ്യവസ്ഥകൾക്കും അനുസൃതമായി നടത്തണം. കൂടാതെ, രോഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന വ്യവസ്ഥകളും പാലിക്കേണ്ടതാണ്.
എ) ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രോഗികളുടെ പങ്കാളിത്തം, എല്ലായ്പ്പോഴും പ്രസക്തമായ സർവ്വ വിവരങ്ങളും നല്കിയ ശേഷം ബോധ്യത്തോടെയുള്ള സമ്മതത്തെ അടിസ്ഥാനമാക്കിയാകണം. ഒപ്പിട്ടു നല്കിയ ബോധ്യത്തോടെയുള്ള സമ്മതപത്രത്തിന്റെ ഒരു പകർപ്പു രോഗിക്കു നല്കണം. അതുവഴി, ക്ളിനിക്കൽ ട്രയലിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ഒരു രേഖ രോഗിക്കു ലഭ്യമാകുന്നു. കൂടാതെ, ക്ലിനിക്കൽ പരീക്ഷണത്തിൽ അവരുടെ പങ്കാളിത്തത്തിനുള്ള രേഖാപരമായ തെളിവായി ഇതു മാറുകയും ചെയ്യുന്നു.
ബി) ഒരു ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കുന്നതിനോ നിരസിക്കാനോ ഉള്ള ഒരു പങ്കാളിയുടെ അവകാശം മാനിക്കണം. കൂടാതെ, രോഗി പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആ വ്യക്തിയുടെ പതിവു ചികിത്സയുടെ ഗുണനിലവാരത്തെ ഒരു കാരണവശാലും ബാധിക്കരുത്.
സി) ക്ളിനിക്കൽ പരിശോധനയ്ക്കു വിധേയമാകുന്ന മരുന്നിന്റെ പേര് കഴിക്കേണ്ട തീയതി, ഡോസ്, ദൈർഘ്യം എന്നിവയ്ക്കൊപ്പം രോഗിയെ രേഖാമൂലം അറിയിക്കണം.
ഡി) ഒരു ക്ലിനിക്കൽ പരീക്ഷണത്തിലെ പങ്കാളിയുടെ സ്വകാര്യത എല്ലാ സമയത്തും കാത്തുസൂക്ഷിക്കുകയും പങ്കാളിയിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ കർശനമായും രഹസ്യമായി സൂക്ഷിക്കുകയും വേണം.
ഇ) ഒരു ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കുമ്പോൾ എന്തെങ്കിലും പ്രതികൂലമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ട്രയൽ പങ്കാളികൾക്കു പരീക്ഷണവുമായി ബന്ധമുണ്ടോ എന്ന പരിഗണനയില്ലാതെ സൗജന്യ രോഗ ചികിത്സയ്ക്ക് അർഹതയുണ്ട്. അത് ആവശ്യമുള്ളിടത്തോളമോ അല്ലെങ്കിൽ പ്രത്യാഘാതം ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ടുണ്ടായതല്ല എന്നു തെളിയും വരെയോ ലഭ്യമാക്കണം. കൂടാതെ, ഉണ്ടാകുന്ന ഏതെങ്കിലും തകരാറിനോ വൈകല്യത്തിനോ നഷ്ടപരിഹാരമായി സാമ്പത്തികമോ അല്ലെങ്കിൽ മറ്റു സഹായമോ നല്കണം. മരണമുണ്ടായാൽ ആശ്രിതർക്കു നഷ്ടപരിഹാരത്തിനുള്ള അവകാശമുണ്ട്.
എഫ്) ക്ളിനിക്കൽ ട്രയൽ കാലയളവിൽ ഉണ്ടാകുന്ന പരീക്ഷണ സംബന്ധവും പഠനേതരവുമായ അസുഖങ്ങൾക്കായി പങ്കാളികൾക്ക് അനുബന്ധ പരിചരണം നല്കാം. ഇതു ചികിത്സയുടെയോ അല്ലെങ്കിൽ സൗകര്യങ്ങളെക്കുറിച്ചുള്ള റഫറൻസിന്റെയോ രൂപത്തിൽ ആകാം.
ജി) ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ടതോ ബന്ധമില്ലാത്തതോ ആയി ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കും അനുബന്ധ പരിചരണത്തിനുമായുള്ള ഇൻഷുറൻസും ബന്ധപ്പെട്ട എത്തിക്സ് കമ്മിറ്റി ആവശ്യപ്പെടുന്നിടത്തെല്ലാം നഷ്ടപരിഹാരവും നല്കുന്നതിനായി വ്യവസ്ഥാപിത സംവിധാനങ്ങൾ സ്ഥാപിക്കണം.
എച്ച്) ക്ളിനിക്കൽ പരീക്ഷണത്തിനു ശേഷം, പഠനം വഴി ഗുണപ്രദമെന്നു തെളിയിക്കപ്പെടുന്ന മികച്ച ചികിത്സകൾ ട്രയലിൽ പങ്കെടുക്കുന്നവർക്കു ലഭ്യമാകുമെന്ന് ഉറപ്പാക്കണം.
ക്ളിനിക്കൽ ട്രയലിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും വ്യക്തികൾ / രോഗികൾ ഉണ്ടെങ്കിൽ അവരെ സംബന്ധിച്ച് ഈ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നു പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടറും ആശുപത്രിയും ഉറപ്പാക്കണം.
14. ബയോമെഡിക്കൽ / ആരോഗ്യ ഗവേഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ സംരക്ഷണത്തിനുള്ള അവകാശം :- ബയോമെഡിക്കൽ ഗവേഷണത്തിൽ പങ്കെടുക്കുന്ന ഓരോ രോഗിയെയും ഗവേഷണ പങ്കാളി എന്നു വിളിക്കാം. ഓരോ ഗവേഷണ പങ്കാളിക്കും ഈ സന്ദർഭത്തിൽ ഉചിതമായ പരിരക്ഷ ലഭിക്കാനുള്ള അവകാശമുണ്ട്. അത്തരം പങ്കാളികൾ ഉൾപ്പെടുന്ന ഏതൊരു ഗവേഷണവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തിറക്കിയ 2017 ലെ മനുഷ്യ പങ്കാളികളെ ഉൾക്കൊള്ളുന്ന ബയോമെഡിക്കൽ, ആരോഗ്യ ഗവേഷണത്തിനായുള്ള ദേശീയ നൈതിക മാർഗ്ഗനിർദ്ദേശങ്ങൾ (National Ethical Guidelines for Biomedical and Health Research Involving Human Participants 2017) പാലിച്ചായിരിക്കണം നടത്തേണ്ടത്. കൂടാതെ, എത്തിക്കൽ കമ്മറ്റിയുടെ മുൻകൂർ അനുമതിയും വാങ്ങേണ്ടതാണ്. ഗവേഷണ പങ്കാളികളുടെ ബോധ്യത്തോടെയുള്ള സമ്മതപത്രം രേഖാമൂലം സ്വീകരിക്കണം. ദുർബ്ബലരായ ജനങ്ങൾ ഉൾപ്പെടുന്ന ഗവേഷണത്തിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണം. അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള അവകാശം, വ്യക്തികളുടെയും കമ്മ്യൂണിറ്റികളുടെയും രഹസ്യസ്വഭാവം എന്നിവ പരിരക്ഷിക്കണം. ഗവേഷണത്തിലെ പങ്കാളിത്തത്തിന്റെ ഫലമായി ശാരീരികമോ മാനസികമോ സാമൂഹികമോ നിയമപരമോ സാമ്പത്തികമോ ആയ നേരിട്ടുള്ള നാശനഷ്ടങ്ങൾ ഉണ്ടായ ഗവേഷണ പങ്കാളികൾക്കു കൃത്യമായ വിലയിരുത്തലിനു ശേഷം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. താത്കാലികമോ ശാശ്വതമോ ആയ വൈകല്യത്തിനു പരിഹാരമായി സാമ്പത്തികമായോ അല്ലെങ്കിൽ മറ്റു സഹായങ്ങളുടെ രൂപത്തിലോ അണ് ഇതു നല്കേണ്ടത്. ഗവേഷണത്തിലൂടെ ലഭിക്കുന്ന ഗുണഫലങ്ങൾ പ്രസക്തമായ വ്യക്തികൾക്കും സമുദായങ്ങൾക്കും ജനങ്ങൾക്കും ലഭ്യമാക്കണം.
രോഗികൾ ഉൾപ്പെടുന്ന ബയോമെഡിക്കൽ / ആരോഗ്യ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു ഡോക്ടറും ആശുപത്രിയും, അത്തരം ഗവേഷണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തികളെയും രോഗികളെയും സംബന്ധിച്ച് ഈ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
15. രോഗിയെ ഡിസ്ചാർജ് ചെയ്യുന്നതിനും മരിച്ച വ്യക്തിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നു സ്വീകരിക്കുന്നതിനും ഉള്ള അവകാശം :- ഒരു രോഗിക്ക് ഏതു സമയത്തും ഡിസ്ചാർജ്ജ് എടുക്കാൻ അവകാശമുണ്ട്. ആശുപത്രി ബില്ലുകൾ അടയ്ക്കുന്നതിലെ തർക്കം പോലുള്ള നടപടിക്രമങ്ങൾ ഇതിനു തടസ്സമാകാൻ പാടില്ല. അതുപോലെ, ഒരാശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മൃതദേഹം വിട്ടുകിട്ടാൻ കെയർടേക്കർമാർക്ക് അവകാശമുണ്ട്. കൂടാതെ, അവരുടെ ആഗ്രഹത്തിനു വിരുദ്ധമായി ആശുപത്രി ചാർജ്ജുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മൃതദേഹം തടഞ്ഞുവയ്ക്കാൻ പാടില്ല. രോഗിയുടെ ഈ അവകാശങ്ങൾ പാലിക്കാൻ ആശുപത്രി അധികാരികൾക്കു കടമയുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഏതെങ്കിലും രോഗിയെയോ അല്ലെങ്കിൽ രോഗിയുടെ മൃതദേഹത്തെയോ അവർ യാതൊരു സാഹചര്യത്തിലും തടഞ്ഞുവയ്ക്കരുത്.
16. രോഗിയുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം :- രോഗിയുടെ അവസ്ഥ; ആരോഗ്യകരമായ ജീവിത രീതികൾ; അവരുടെ അവകാശങ്ങൾ, ഉത്തരവാദിത്വങ്ങൾ; രോഗിക്ക് ഉപയുക്തമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ; ചാരിറ്റബിൾ ആശുപത്രികളിലും മറ്റും ലഭ്യമായ സൗകര്യങ്ങൾ, അവകാശങ്ങൾ; പരാതികൾക്ക് എങ്ങനെ പരിഹാരം തേടാം തുടങ്ങിയ പ്രധാന കാര്യങ്ങളെക്കുറിച്ച് അറിവു ലഭിക്കാൻ രോഗികൾക്ക് അവകാശമുണ്ട്. രോഗികൾ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ആവശ്യപ്പെടുന്ന ഭാഷയിലായിരിക്കണം വിവരങ്ങൾ ലഭ്യമാക്കേണ്ടത്. രോഗികൾ നിരന്തരം ആശയവിനിമയം നടത്തുന്നതും ലളിതവും എളുപ്പത്തിൽ മനസ്സിലാകുന്നതുമായ ഭാഷയിൽ അത്തരം വിദ്യാഭ്യാസം നല്കാൻ ആശുപത്രി അധികൃതർക്കും ചികിത്സിക്കുന്ന ഡോക്ടർമാർക്കും ബാധ്യതയുണ്ട്.
17. രോഗികളെ കേൾക്കാനും അവരുടെ പരാതികൾക്കു പരിഹാരം തേടാനുമുള്ള അവകാശം :- രോഗികൾക്കും അവരുടെ പരിചാരകർക്കും ഒരു ഡോക്ടറുടെ സേവനത്തെയോ ആശുപത്രിയിൽ നിന്നു ലഭിച്ച ചികിത്സയെയോ സംബന്ധിച്ച് അഭിപ്രായം അറിയിക്കാനോ ഫീഡ്ബാക്ക് നല്കാനോ പരാതി പറയാനോ അവകാശമുണ്ട്. ലളിതവും ഉപയോക്തൃ സൗഹാർദ്ദപരവുമായ രീതിയിൽ പരാതിയും ഫീഡ്ബാക്കും പ്രതികരണവും നല്കുന്നത് എങ്ങനെയെന്നുള്ളതു സംബന്ധിച്ച വിവരങ്ങളും ഉപദേശവും ലഭിക്കുന്നതിനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു.
ഈ ചാർട്ടറിൽ വിവരിച്ചിട്ടുള്ള ഏതെങ്കിലും അവകാശങ്ങൾ ലംഘിക്കപ്പെട്ടതു വഴി രോഗികൾക്കും പരിചാരകർക്കും വിഷമമുണ്ടായാൽ പരിഹാരം തേടാനുള്ള അവകാശമുണ്ട്. ആശുപത്രിയോ ആരോഗ്യ സേവന ദാതാവോ ഈ ആവശ്യത്തിനായി നിയോഗിച്ച ഒരു ഉദ്യോഗസ്ഥനു പരാതി നല്കാം. തുടർന്ന്, പേഷ്യന്റ്സ് റൈറ്റ്സ് ട്രൈബൂണൽ ഫോറം അല്ലെങ്കിൽ ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്സ് റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ മുമ്പാകെയും ഇത് ചെയ്യാം. എല്ലാ പരാതികളും ഒരു നമ്പർ നല്കി രജിസ്റ്റർ ചെയ്യണം. കൂടാതെ, പരാതിയുടെ സ്ഥിതി പരാതിക്കാരനു കണ്ടെത്തുന്നതിനു സഹായകമായ ശക്തമായ ട്രാക്കിംഗ് സംവിധാനവും ഉണ്ടായിരിക്കണം. രോഗിക്കും പരിചരണം നല്കുന്നവർക്കും അവരുടെ ആവലാതികൾ പരിഹരിക്കാനുള്ള അവകാശമുണ്ട്. മാത്രമല്ല, പരാതി ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ഇതിൽ കൈക്കൊണ്ട നടപടി രേഖാമൂലം അറിയാൻ അവർക്ക് അവകാശമുണ്ട്. ഓരോ ആശുപത്രിയും ക്ലിനിക്കൽ സ്ഥാപനവും ഒരു ആന്തരിക പരാതി പരിഹാര സംവിധാനം സജ്ജീകരിക്കണം. അതോടൊപ്പം, പരാതി പരിഹാരത്തിനുള്ള ഔദ്യോഗിക സംവിധാനങ്ങളെ സഹായിക്കാനായി പ്രസക്തമായ എല്ലാ വിവരങ്ങളും അവർക്കു ലഭ്യമാക്കുകയും ഈ ചാർട്ടറും നിലവിലുള്ള മറ്റു നിയമങ്ങളും അനുസരിച്ചു അവർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കനുസൃതമായി നടപടിയെടുക്കുകയും ചെയ്യണം.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ പേഷ്യൻസ് ചാർട്ടറിലൂടെ സമാഹരിച്ച രോഗികളുടെ അവകാശങ്ങൾ രാജ്യത്തെ വിവിധ നിയമങ്ങളും കോടതി വിധികളും അന്താരാഷ്ട്ര സംഹിതകളും അംഗീകരിച്ചിട്ടുള്ളതാണ്. ഈ അവകാശങ്ങൾ നിയമസംഹിതയുടെ ഭാഗമാക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും അത്തരം നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. എങ്കിലും, ഭരണഘടനയുടെ ആർട്ടിക്കിൾ 21, ഐപിസിയുടെ 340 മുതൽ 342 വരെ സെക്ഷനുകൾ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എത്തിക്കൽ കോഡ്, കൺസ്യൂമർ പ്രൊട്ടക്ഷനുള്ള നിയമങ്ങൾ, ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട്, പർമാനന്ദ് കതാര Vs. യൂണിയൻ ഓഫ് ഇന്ത്യ (1989) പോലുള്ള വിവിധ സുപ്രീം കോടതി വിധികൾ, നാഷണൽ ബോഡ് ഓഫ് ഹോസ്പിറ്റൽസ് അക്രെഡിറ്റേഷൻ മാനദണ്ഡങ്ങൾ, കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിഷ പ്രിയ ഭാട്ടിയ Vs. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എച്ച്ബി & എഎസ്, ജിഎൻസിടിഡി, 2014 പോലുള്ള വിധികൾ, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ പ്രാവത് കുമാർ മുഖർജി Vs. റൂബി ജനറൽ ഹോസ്പിറ്റലും മറ്റുള്ളവയും (2005) പോലുള്ള വിധികൾ, 1940 ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ്, പ്രസ്തുത ആക്ടിന് അനുബന്ധമായ സമ്മതപത്രവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, ഹെൽസിങ്കിയിൽ നടന്ന ലോക ആരോഗ്യ അസംബ്ലി പ്രഖ്യാപനം: കേന്ദ്ര സർക്കാർ, ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ തുടങ്ങിയവർ നിഷ്കർഷിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ന്യൂഡൽഹി പുറപ്പെടുവിച്ച ബയോമെഡിക്കൽ ഗവേഷണങ്ങൾ സംബന്ധിച്ച 2017 ലെ മാർഗ്ഗനിർദ്ദേശങ്ങൾ, വിവിധ അധികാരികൾ പുറപ്പെടുവിക്കുന്ന മരുന്നു വില നിയന്ത്രണ ഓർഡറുകൾ മുതലായവയ്ക്കുള്ള നിയമപരമായ അംഗീകരം മൂലം അവയിൽ നിന്നു ക്രോഡീകരിച്ച പേഷ്യൻസ് ചാർട്ടറിലെ അവകാശങ്ങൾക്കും രാജ്യത്തു നൈയാമികമായ പ്രാബല്യമുണ്ട്.
രോഗികളുടെയും അവരെ പരിപാലകരുടെയും ഉത്തരവാദിത്വങ്ങൾ
അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനൊപ്പം രോഗികളും പരിപാലകരും ചില സുപ്രധാന ഉത്തരവാദിത്വങ്ങൾ പാലിക്കേണ്ടതുമുണ്ട്. അതുവഴി മാത്രമേ, ആശുപത്രികൾക്കും ഡോക്ടർമാർക്കും രോഗികളുടെ സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാൻ കഴിയൂ. രോഗികളുടെ അവകാശ സംരക്ഷണത്തിനും ഇതു സുപ്രധാനമാണ്. രോഗികളുടെ പ്രധാന ഉത്തരവാദിത്വങ്ങൾ തുടർന്നു വിവരിക്കുന്നു.
1) പ്രസക്തമായ വിവരങ്ങളൊന്നും മറച്ചുവെക്കാതെ ഡോക്ടറുടെ ചോദ്യങ്ങൾക്കു മറുപടിയായി രോഗികൾ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡോക്ടർക്കു നല്കുന്നതു വഴി രോഗനിർണ്ണയവും ചികിത്സയും സുഗമമാക്കാൻ സഹായിക്കണം. 2) പരിശോധനയുമായും ചികിത്സയുമായും ബന്ധപ്പെട്ടു രോഗികൾ ഡോക്ടറുമായി പൂർണ്ണമായി സഹകരിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഡോക്ടറുടെ അവകാശത്തെ കണക്കിലെടുക്കുകയും ഡോക്ടറുടെ ഉപദേശങ്ങൾ പിന്തുടരുകയും വേണം. 3) രോഗികൾ ഡോക്ടർ നല്കിയ അപ്പോയിന്റ്മെന്റ് സമയത്തെക്കുറിച്ചുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കുകയും ആശുപത്രി ജീവനക്കാരുമായും സഹരോഗികളുമായും സഹകരിക്കുകയുംമറ്റു രോഗികൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത് ഒഴിവാക്കുകയും ആശുപത്രിയിൽ ശുചിത്വം പാലിക്കുകയും വേണം. 4) മനുഷ്യരും എന്ന നിലയിലും പ്രൊഫഷണലുകൾ എന്ന രീതിയിലും ഡോക്ടറുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും അന്തസ്സിനെ രോഗികൾ മാനിക്കണം. പരാതി എന്തുതന്നെയായാലും, രോഗികളും പരിചാരകരും യാതൊരു തരത്തിലും അക്രമത്തിൽ ഏർപ്പെടുകയോ ആശുപത്രിയുടെയോ സേവന ദാതാവിന്റെയോ ഏതെങ്കിലും സ്വത്തു നശിപ്പിക്കുകയോ ചെയ്യരുത്. 5) രോഗികൾ ചികിത്സയുമായി ബന്ധപ്പെട്ടു സ്വയം തിരഞ്ഞെടുപ്പുകൾ നടത്തുകയോ ചികിത്സ നിരസിക്കുകയോ ചെയ്യുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം,
വൈദ്യം ശാസ്ത്രീയമാകണമെന്നും കപട വൈദ്യങ്ങളെ നിരോധിക്കണമെന്നും ആവശ്യപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രൊഫഷണൽ സംഘടനകളും അലോപ്പതിയുടെ കുത്തകവത്കരണവും കോർപ്പറേറ്റ് ചൂഷണവും അവസാനിപ്പിക്കണമെന്നു വാശിപിടിക്കുന്ന ഹോമിയോപ്പതിക് സംഘടനകളും ഭാരതപൗരൻ്റെ ആരോഗ്യം സംരക്ഷിക്കാൻ ‘ദേശീയവൈദ്യം’ തന്നെ ഉപയോഗിക്കണമെന്നു നിർബന്ധമുള്ള ആയുർവ്വേദക്കാരും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാര്യമായ നടപടികൾ കൈക്കൊള്ളുന്നില്ല. ഒറ്റപ്പെട്ട പോരാട്ടങ്ങളിലൂടെ രോഗികൾ നേടിയെടുത്ത പരിമിതമായ അവകാശങ്ങൾ പോലും പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിനു നിരന്തരമായ ബുദ്ധിമുട്ടുകളാണ് ഇത്തരക്കാർ ഉണ്ടാക്കുന്നത്. വളരെ ചുരുക്കം ചികിത്സകർ മാത്രമാണു രോഗികളുടെ പൗരാവകാശങ്ങൾ മാനിക്കുന്നത്. അസംഘടിത ജനവിഭാഗങ്ങളെ ‘പ്രബുദ്ധരാക്കാൻ’ ശ്രമിക്കുന്ന രാഷ്ട്രീയപ്പാർട്ടികളും രോഗികളുടെ അവകാശ സംരക്ഷണത്തിന് ആത്മാർത്ഥ ശ്രമങ്ങൾ നടത്താറില്ല. ഈ സാഹചര്യത്തിൽ രോഗികളുടെ അവകാശ സംരക്ഷണത്തിനുള്ള ജനാധിപത്യ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണം. ഇതിലൂടെ മാത്രമേ രോഗികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന സമഗ്രമായ ഒരു നിയമം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. സമൂഹത്തിലെ അസംഘടിത വിഭാഗമായ രോഗികൾക്കായി ഈ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ലോക രോഗി സുരക്ഷാദിനം നമുക്കു പ്രചോദനമേകട്ടെ.
റഫറൻസ്
1.https://www.who.int/campaigns/world-patient-safety-day/
2.https://www.google.com/url?sa=t&source=web&rct=j&url=http://clinicalestablishments.gov.in/WriteReadData/8431.pdf&ved=2ahUKEwi8pqj07u7rAhXMcn0KHSZrCUUQFjALegQIAxAB&usg=AOvVaw35Ioyb1ZjElx4budLV4KDm