എന്‍ഐഎ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; നിലപാടിലുറച്ച് സിപിഎം

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിറകെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തി. എന്‍ഐഎ ചോദ്യം ചെയ്യല്‍ ഇന്ധനമാക്കി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ അതി ശക്തമാക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ പദ്ധതിയിടുന്നത്. എന്‍ ഐ എ ഓഫീസില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ജലീല്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടുന്നു എന്നതിന്റെ പേരില്‍ രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ജലീലിന്റെ രാജി എന്ന ആവശ്യം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്തെത്തി. ഒരു തരത്തിലുമുള്ള നിയമലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സിക്കും അന്വേഷണം നടത്താം. അവര്‍ ചോദിക്കുന്നതില്‍ അറിയുന്ന കാര്യം പറയും. ഇക്കാര്യത്തില്‍ ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ ഐ എ ഓഫീസിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മന്ത്രിക്കെതിരെ പ്രതിഷേധമാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ പ്രതിപക്ഷ സംഘടനകളെക്കൂടാതെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്ന സൂചനയുമുണ്ട്.അതേ സമയം കൊച്ചി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് എന്‍ഐഎ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.