എൻ ഐ എ യുടെ 8 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായി; മന്ത്രി ജലീൽ തിരിച്ചു പോയി

എൻ.ഐ.എ ചോദ്യം ചെയ്യൽ പൂർ‌ത്തിയാക്കി മന്ത്രി കെ.ടി ജലീൽ തിരിച്ചു പോയി. എട്ട് മണിക്കൂറോളമാണ് മന്ത്രി എൻ.ഐ.എ ഓഫീസിലുണ്ടായിരുന്നത്. മൊഴി അന്വേഷണ സംഘത്തിന് ഒപ്പിട്ടു നൽകിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി കൊച്ചിയിലേക്ക് ഔദ്യോഗികവാഹനത്തിൽ പുറപ്പെട്ട മന്ത്രി പുലർച്ചെ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എം.എം യൂസഫിന്റെ വണ്ടിയിൽ കയറി പുലർച്ചെ അഞ്ചരയോടെ എൻ.ഐ.എ ഓഫീസിലെത്തുകയായിരുന്നു. എൻ.ഐ.എ ഓഫീസിലുണ്ടായിരുന്ന സാധാരണ സുരക്ഷാ ഉദ്യോഗസ്ഥർ അമ്പരന്നു. മന്ത്രി ഇത്ര നേരത്തേ വരുമെന്ന് അവർ കരുതിയിരുന്നില്ല. തുടർന്ന് എല്ലാവരും ഉണർന്ന് ഗേറ്റൊക്കെ തുറന്ന് മന്ത്രിയെ അകത്തേയ്ക്ക് വിളിക്കുന്നത് വരെ അദ്ദേഹം വണ്ടിയിൽത്തന്നെ ഇരുന്നു.

എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ എൻ.ഐ.എ ഓഫീസിൽ ആരെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ എത്തി അവിടെ ഉദ്യോഗസ്ഥരെ കാത്തിരിക്കുകയായിരുന്നു ജലീൽ. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എൻ.ഐ.എ ഉദ്യോഗസ്ഥരുമെത്തി. അവിടെ നിന്ന് പുലർച്ചെ എട്ടരയോടെ ചോദ്യം ചെയ്യൽ തുടങ്ങി.

ചോദ്യം ചെയ്യൽ ഓൺലൈനിലാക്കാൻ കഴിയുമോ എന്നും, അർദ്ധ രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എൻ.ഐ.എ ഉദ്യോഗസ്ഥർ നൽകിയെന്നാണ് സൂചന. അതേത്തുടർന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. പകൽ ചോദ്യം ചെയ്യലിനെത്തിയാൽ മാദ്ധ്യമങ്ങളുണ്ടാകുമെന്ന് കരുതിയാണ് ജലീൽ അതിരാവിലെ എത്തിയത്.

ജലീലിനെ എൻ.ഐ.എ ചോദ്യംചെയ്യാൻ വിളിച്ചതായുള്ള വിവരം പുറത്തുവന്നതോടെ പ്രതിപക്ഷവും ബി.ജെ.പിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികൾ നൽകുന്ന സൂചന. ഇനിയും കൂടുതൽ നാണം കെടാൻ നിൽക്കാതെ മന്ത്രി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ രണ്ട് ഏജൻസികൾക്കും ജലീൽ നടത്തിയ കുറ്റകൃത്യങ്ങൾ ബോദ്ധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീൽ സ്വർണം കടത്തിയെന്ന ബി.ജെ.പിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ജലീൽ രാജിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീൽ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് പ്രതിഷേധം തുടരുകയാണ്.