Fri. Mar 29th, 2024

ചര്‍ച്ച് ആക്റ്റ് നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന മക്കാബി ഡയറക്‌ടർ ബര്‍ യൂഹാനോന്‍ റമ്പാച്ചന്‍ തുടരുന്ന ഉപവാസം 29 ദിവസം പിന്നിട്ടതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമായിരിക്കുകയാണ് . വിശ്വാസി സമൂഹത്തിന്റെ സമരം പൊതുസമൂഹം ഏറ്റെടുക്കുകയും വിഭിന്ന മേഖലകളില്‍ നിന്ന് ജാതി മതഭേദമില്ലാതെ പ്രമുഖ വ്യക്തികളും സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ പുരോഹിത മേധാവിത്വത്തിൻറെ പ്രീതിക്കായി കോവിഡ് പ്രോട്ടോക്കോളിന്റെ മറവിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് സഹന സമരം പൊളിക്കാനുള്ള ഗൂഢനീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പോലീസ് യുഹാനോന്‍ റമ്പാച്ചനെ പ്രവേശിപ്പിച്ചിരിക്കുന്ന മൂവാറ്റുപുഴ താലൂക്ക് ആശുപത്രിക്ക് എതിര്‍വശത്ത് വിശ്വാസികൾ ഒരുക്കിയ സമരപ്പന്തലില്‍ ഇന്ന് രാവിലെ പൊലീസെത്തി പന്തലുകാരനെ ഭീഷണിപ്പെടുത്തി പന്തൽ പൊളിപ്പിക്കുകയായിരുന്നു.

ചര്‍ച്ച് ആക്റ്റ് നടപ്പാക്കി ക്രിസ്ത്യന്‍ സഭകളിലെ പുരോഹിത ഭരണം അവസാനിപ്പിക്കാനായി യാക്കോബായ സഭയിലെ അഭിവന്ദ്യ പുരോഹിതന്‍ മാര്‍ യുഹാനോന്‍ റമ്പാൻ നടത്തുന്ന നിരാഹാര സമരം 29 ദിവസം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഈ ജനകീയ സഹനസമരത്തിന് വര്‍ധിച്ച് വരുന്ന പിന്തുണ കണ്ട് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുകയാണെന്ന് മക്കാബി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബോബന്‍ വര്‍ഗീസ് പറഞ്ഞു.

ബര്‍ യുഹാനോന്‍ റമ്പാച്ചന്റെ ആരോഗ്യനില അതീവ അപകടാവസ്ഥയിലായ സാഹചര്യത്തില്‍ വിശ്വാസികള്‍ നടത്തുന്ന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള പ്രാര്‍ഥനാ യജ്ഞത്തെ തടഞ്ഞ് സഹനസമരത്തെ അട്ടിമറിക്കാമെന്ന് ആരും വ്യാമോഹിക്കണ്ടെന്നും ചർച്ച് ആക്റ്റ് നടപ്പിലാക്കാതെ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച് ആക്റ്റിനായുള്ള പ്രക്ഷോഭവും ബര്‍ യൂഹാനോന്‍ റമ്പാച്ചന്റെ സഹനസമരവും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയും, റമ്പാച്ചന്റെ ആരോഗ്യനില വഷളായിട്ടു പോലും ചര്‍ച്ചയ്ക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ജനരോക്ഷമുയരുകയാണ്.

വിശ്വാസികളുടെ പണം സഭകളും സഭാമേധാവികളും ധൂര്‍ത്തടിക്കുന്നത് ചോദ്യംചെയ്ത്, പള്ളികളുടെയും ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെയും സ്വത്തു വിനിയോഗത്തിന് സര്‍ക്കാര്‍ മേല്‍നോട്ടമുള്ള സുതാര്യ സംവിധാനം ഉറപ്പാക്കുന്ന ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ആഗസ്റ്റ് 19 നാണ് ബര്‍ യൂഹാനോന്‍ റമ്പാച്ചന്‍ ഉപവാസമാരംഭിച്ചത്. സഹനസമരത്തിന്റെ ആറാം ദിവസം പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. അതിനു ശേഷവും ഉപവാസം തുടരുന്ന റമ്പാച്ചന്റെ ആരോഗ്യനില അനുദിനം വഷളായിട്ടു പോലും മക്കാബി പ്രതിനിധികളെ ചര്‍ച്ചയ്ക്കു ക്ഷണിക്കാത്തതിന് എതിരെ പൊതുസമൂഹത്തില്‍ അമര്‍ഷവും പ്രതിഷേധവും പുകയുകയാണ്.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍, ആരോഗ്യം ക്ഷയിച്ചുവരുന്ന റമ്പാച്ചനെ കിടത്തിയിരിക്കുന്നത് അണുബാധാ സാദ്ധ്യതയുള്ളിടത്താണെന്നും അദ്ദേഹത്തിന് മികച്ച പരിചരണം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, അദ്ദേഹത്തിന് പിന്തുണയറിയിച്ച് വിവിധ ജില്ലകളില്‍ നിന്നായി വിശ്വാസികളുടെയും പ്രമുഖ വ്യക്തികളുടെയും പ്രവാഹം തുടരുകയാണ്. റമ്പാച്ചൻ്റെ ജീവൻ സഭയുടെ ജനാധിപത്യവൽക്കരണത്തിന് മാത്രമല്ല, പൊതു സമൂഹത്തിൻ്റെ ജനാധിപത്യവൽക്കരണത്തിനും ഏറെ ആവശ്യമാണ്. അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ ജനാധിപത്യ വാദിക്കുമുണ്ട്.