Fri. Apr 19th, 2024

പ്രിയ ജലീൽ, താങ്കൾ ജീവിക്കുന്നത് ഏതോ കാലത്തെ ഫ്യൂഡൽ മൂല്യങ്ങളുമായാണ്. താങ്കൾക്ക് ജനാധിപത്യത്തിന്റെ ഒരു തരിമ്പും മനസ്സിലായിട്ടില്ലെന്ന് പിജെ ബേബി. താങ്കൾ രാജി വച്ച് താങ്കളുടെ പ്രഭു (lord) ആയ പാണക്കാട് തങ്ങളെ സേവിക്കാൻ പോകണം. ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു ഭരണഘടനയുണ്ട്. അതിനോട് സത്യസന്ധത പുലർത്തലാണ് മന്ത്രിയുടെ കടമ. മന്ത്രി പദവി നിലനിർത്തിക്കൊണ്ട് പാണക്കാട് തങ്ങൾ പറയുന്നതുപോലെ പ്രവർത്തിക്കാൻ താങ്കളായാലും മറ്റാരായാലും അവകാശമില്ലെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. പാണക്കാട് തങ്ങൾ ഇന്നിന്ന രീതിയിൽ പറഞ്ഞാൽ രാജിവക്കാം എന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിൻറെ ജനാധിപത്യവിരുദ്ധ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം:

കേരള മന്ത്രിസഭയിലെ ഒരു മന്ത്രി പറയുന്നു: “ഞാൻ കള്ളം പറയും, അതെന്റെ മിടുക്കാണ്. നിങ്ങളെ പറ്റിക്കാനാണത്.”
ആരോട്? ഒരു ജനാധിപത്യ വ്യവസ്ഥയിലെ നാലാംതൂൺ (fourth eടtate)ആയ മാധ്യമങ്ങളോട് .
മാധ്യമങ്ങളോട് പറയുന്നതിലൂടെയാണ് ജനങ്ങളിൽ സന്ദേശം എത്തുന്നത്.
അവിടെ ഞാൻ കള്ളം പറയും, അതെന്റെ മിടുക്ക് !!!

ഇങ്ങനെ പറയുന്ന മന്ത്രി പറയുന്നു: ഞാൻ പാണക്കാട് തങ്ങൾ ഇന്നിന്ന രീതിയിൽ പറഞ്ഞാൽ രാജിവക്കാം.
അപ്പോൾ ചോദ്യം വരുന്നു:
സത്യ പ്രതിജ്ഞ ചെയ്തധികാരത്തിലേറിയ ഒരു മന്ത്രിക്ക് ആരോടാണ് കൂറ് ?
ജനങ്ങളോടോ, അതോ അതിൽ ഒരു വോട്ടർ മാത്രമായ പാണക്കാട് തങ്ങളോടോ?

ആദ്യം മുതലേ ജലീൽ പറയുന്നു:
യു എ ഇ കോൺസുലേറ്റ് സ്നേഹപൂർവം ഖുറാൻ വിതരണം ചെയ്യാമോ എന്നിങ്ങോട്ടു ചോദിച്ചു. അപ്പോൾ ചെയ്യാം എന്നു പറഞ്ഞു, ചെയ്തു. യു എ ഇ കോൺസുലേറ്റ് ആണോ ജലീലിനെ മന്ത്രിയാക്കിയത്? അല്ല.

അവർ അങ്ങനെ പറഞ്ഞത് ചെയ്യാൻ ഇന്ത്യൻ ഭരണഘടന താങ്കളെ അനുവദിക്കുന്നില്ല, താങ്കൾ രാജിവക്കണം, എന്നു ജനങ്ങൾ പറയുന്നത്, ജനാധിപത്യ മൂല്യങ്ങൾ പറയുന്നത്, മനസ്സിലായില്ല എന്നദ്ദേഹം അഭിനയിക്കുന്നു.

പ്രിയ ജലീൽ,
താങ്കൾ ജീവിക്കുന്നത് ഏതോ കാലത്തെ ഫ്യൂഡൽ മൂല്യങ്ങളുമായാണ്. താങ്കൾക്ക് ജനാധിപത്യത്തിന്റെ ഒരു തരിമ്പും മനസ്സിലായിട്ടില്ല.
താങ്കൾ രാജി വച്ച് താങ്കളുടെ പ്രഭു (lord) ആയ പാണക്കാട് തങ്ങളെ സേവിക്കാൻ പോകണം.
ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു ഭരണഘടനയുണ്ട്.
അതിനോട് സത്യസന്ധത പുലർത്തലാണ് മന്ത്രിയുടെ കടമ.
മന്ത്രി പദവി നിലനിർത്തിക്കൊണ്ട് പാണക്കാട് തങ്ങൾ പറയുന്നതുപോലെ പ്രവർത്തിക്കാൻ താങ്കളായാലും മറ്റാരായാലും അവകാശമില്ല.