സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പിടിച്ച തുക പി എഫില്‍ ലയിപ്പിക്കുംൽ മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാസം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസങ്ങളിലായി പിടിച്ചത്. ഇപ്പോള്‍ ലയിപ്പിക്കുമെങ്കിലും ഏപ്രിലില്‍ മാത്രമെ ഈ തുക പി എഫില്‍നിന്നും പിന്‍വലിക്കാനാകു.

20,000 രൂപയില്‍ കുറവു ശമ്പളമുള്ളവര്‍ക്ക് സാലറി ചാലഞ്ച് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇത്തരത്തില്‍ മാറ്റിവച്ച ശമ്പളം തിരികെ നല്‍കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. 4,83,733 സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.

വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിന്‍ഹയെ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഇന്‍ഡസ്ട്രീസ് (കാഷ്യൂ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍:

സപ്ലൈക്കോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.

തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവില്‍ വഹിക്കുന്ന ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പിന്റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ബിജുവിനെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്‌പെഷ്യല്‍ സെക്രട്ടറി (ലാന്റ് അക്വിസിഷന്‍) റവന്യൂ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.

ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.

വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.