ബര്‍ യൂഹാനോന്‍ റമ്പാച്ചന്റെ ജീവന്‍ അപകടത്തിൽ; ചര്‍ച്ച് ആക്റ്റ് സമരം ജനകീയ പ്രക്ഷോഭമാക്കാനൊരുങ്ങി മക്കാബി

ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് 28 ദിസവമായി ഉപവാസം തുടരുന്ന മക്കാബി ഡയറക്ടർ ബര്‍ യൂഹാനോന്‍ റമ്പാച്ചന്റെ ജീവന്‍ രക്ഷിക്കാന്‍ വിശ്വാസികളും പൊതുസമൂഹവും നടത്തുന്ന പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു. റമ്പാച്ചന്റെ സഹനസമരത്തെ അവഗണിക്കുകയും ചര്‍ച്ചയ്ക്ക് ക്ഷണിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ക്രൂരനടപടിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ റാലികളും പ്രതിഷേധ സംഗമങ്ങളും രൂപംകൊള്ളുന്നതോടെ സമരത്തിന്റെ ഗതിമാറും. നിരാഹാരമനുഷ്ഠിക്കുന്ന റമ്പാച്ചൻ തീർത്തും അവശനാണ്.

ചര്‍ച്ച് ആക്റ്റ് നടപ്പാക്കി ക്രിസ്ത്യന്‍ സഭകളിലെ പുരോഹിത ഭരണം അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്ന യാക്കോബായ സഭയിലെ അഭിവന്ദ്യ പുരോഹിതന്‍ മാര്‍ യുഹാനോന്‍ റമ്പാൻ സ്വന്തം ആശ്രമത്തില്‍ ആഗസ്റ്റ് 19ന് സമരമാരംഭിച്ച യുഹാനോന്‍ റമ്പാന്‍ ഇപ്പോള്‍ മുവാറ്റുപുഴ ആശുപത്രിയില്‍ ജീവനു മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. കന്യാസ്ത്രീ സമരത്തില്‍ കന്യാസ്ത്രീകള്‍ക്കനുകൂലമായി ” മതി മെത്രാനെ മാടമ്പിത്തരം” എന്ന് പ്രഖ്യാപിച്ച് പരസ്യമായി സമരത്തിനിറങ്ങിയ ഏക പുരോഹിതന്‍ കൂടിയാണ് യുഹാനോന്‍ റമ്പാന്‍.

സമരത്തില്‍ രമ്യമായ പരിഹാരത്തിനുവേണ്ടി മുഖ്യമന്ത്രിയെ പലരും സമീപിച്ചെങ്കിലും അവരെ കാണാനോ കേള്‍ക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ക്കുപോലും ഇക്കാര്യത്തിന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചില്ല. ചര്‍ച്ച് ആകറ്റ് നടപ്പാക്കുന്നതില്‍ എതിര്‍പ്പുള്ള മെത്രാന്‍മാരും മതനേതൃത്വവുമായിരിക്കും മുഖ്യമന്ത്രിയെ സമരത്തില്‍ ഇടപെടുന്നതില്‍ നിന്ന് തടയുന്നതെന്നാണ് സമര സമിതി വിലയിരുത്തുന്നത്. കഴിഞ്ഞ സെപ്തംബര്‍ 13ാം തിയ്യതി രാത്രി റമ്പാന്‍ അപകടകരമായ അടിയന്തിര ഘട്ടത്തിലൂടെ കടന്നുപോയി. അദ്ദേഹത്തിന്റെ ശരീരം തണുത്തു മരവിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയതു. തയാമിന്‍ ഡിഫിഷ്യന്‍സി മൂലം ഉണ്ടായ പ്രയാസങ്ങള്‍ക്കുള്ള മരുന്ന് നല്‍കിയ ശേഷമാണ് ചെറിയ ശമനമുണ്ടായത്. നിരാഹാരമനുഷ്ടിച്ച് ഞരമ്പുകള്‍ ചുരുങ്ങിയതുകൊണ്ട് സൂചി പോലും വേണ്ട വിധത്തില്‍ കയറുന്നില്ല. ഇതിനും പുറമെ നിരവധി അസുഖങ്ങളുള്ള റമ്പാന്റെ ജീവന്‍ അപകടത്തിലാണെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്റ്റ് ബില്‍ ഇംപ്ലിമെന്റേഷന്‍ (മെക്കാബി) ജന. സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ് പറയുന്നത്.

ചര്‍ച്ച് ആക്റ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മെക്കാബി പ്രതിനിധികള്‍ നേരത്തെ അഞ്ച് തവണ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് ചെന്നിരുന്നു. മുന്‍കൂട്ടി അനുവാദം ലഭിച്ചശേഷമാണ് അവരവിടെ എത്തിയതെങ്കിലും ഒരിക്കല്‍ പോലും കാണാനോ കേള്‍ക്കാനോ തയ്യാറാകാതെ മുഖ്യമന്ത്രി അപമാനിച്ചയച്ചു. നേരത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ആയിരങ്ങള്‍ പങ്കെടുത്ത സമരത്തിനു ശേഷം ചര്‍ച്ച് ആകറ്റ് നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ വാക്കും നടപ്പായില്ല. ഈ സാഹചര്യത്തിലാണ് മെക്കാബിയുടെ ഹിയറിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ചെയര്‍മാന്‍ കൂടിയായ റമ്പാന്‍ മുവാറ്റുപുഴ ആശ്രമത്തില്‍ നിരാഹാര സമരമാരംഭിച്ചത്. യാക്കോബായ സഭയ്‌ക്കെതിരേ നടക്കുന്ന നീതി നിഷേധം അവസാനിപ്പിക്കുക, പുരോഹിതരുടെ അധികാരം ഇല്ലാതാക്കി പള്ളി സ്വത്തുക്കളില്‍ വിശ്വാസികള്‍ക്ക് അധികാരമുണ്ടാവുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തുക എന്നിവയാണ് ആവശ്യം. ഇന്ത്യയില്‍ നിലവിലുള്ള ഗുരുദ്വാരാ ആക്റ്റ്, വഖഫ് ആക്റ്റ് എന്നിവ പോലുള്ള ഒരു നിയമം ക്രിസ്ത്യന്‍ സഭയ്ക്കും വേണമെന്നും ക്രൈസ്തവ സഭയില്‍ പള്ളിത്തര്‍ക്കം പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ഇത്തരമൊരു ആക്റ്റിന്റെ അഭാവമാണ്.

മുന്‍കാലങ്ങളിലും ചര്‍ച്ച് ആക്റ്റിനു വേണ്ടി ക്രൈസ്തവ സംഘടനകള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു നിയമം കൃഷ്ണയ്യര്‍ അധ്യക്ഷനായി 2009 ല്‍ തന്നെ എഴുതിത്തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തു. ഇതു നടപ്പാക്കാനോ നിയമസഭയില്‍ അവതരിപ്പിക്കാനോ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് യാക്കോബായ സഭയിലെ പ്രമുഖനായ പുരോഹിതന്‍ തന്നെ നേരിട്ട് സമരത്തിനിറങ്ങിയത്. 1927 ലാണ് ഇന്ത്യന്‍ ചര്‍ച്ച് ആക്റ്റ് നിലവില്‍ വന്നത്. സ്വാതന്ത്ര്യാനന്തരം 1957 ല്‍ എസ് സി സെതല്‍വാദ് അദ്ധ്യക്ഷനായ ലോകമ്മീഷന്റെ റിപോര്‍ട്ടില്‍ ഇത്തരമൊരു നിയമം എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവിലുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സഭയുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമം ഇതുവരെയും കേരളത്തില്‍ നടപ്പായിട്ടില്ല.

”ഭാരതത്തിലെ സിക്കുകാര്‍ക്ക് ഗുരുദ്വാരാ ആക്ടുണ്ട്. മുസ്ലിംകള്‍ക്ക് വഖഫ് ആക്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ടുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് അവരുടെ സഭാ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഒരു നിയമമില്ല. ഈ വിവേചനം അവസാനിപ്പിക്കാന്‍ നടപടി വേണം”- മക്കാബി ജനറല്‍ സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് ഇന്ത്യയിലെ ഏതൊരു പൗരനും അവന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം, പ്രചരിപ്പിക്കാം, ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് മതത്തിന്റെ ഉന്നമനത്തിനുവേണ്ടിയും ജീവകാരുണ്യ ലക്ഷ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 26 (ഡി) പ്രകാരം ഈ സ്ഥാപനങ്ങള്‍ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ഭരിക്കപ്പെടേണ്ടത്. ഇത്തരമൊരു നിയം ക്രിസ്ത്യന്‍ സഭയില്‍ ഇല്ല. ഇതിനൊരു പ്രതിവിധിയാണ് കൃഷ്ണയ്യര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്ല്, 2009. മതമേധാവിമാരുടെ അധികാരത്തെ വെല്ലുവിളിച്ച് ഒരു പുരോഹിതന്‍ നേതൃത്വം നല്‍കുന്ന ജനാധിപത്യ സമരത്തെ കണ്ട ഭാവം നടിക്കാത്ത മുഖ്യമന്ത്രി ഒരു സാധു പുരോഹിതന്റെ ജീവന്‍ അപകടത്തിലാക്കുക മാത്രമല്ല ചെയ്യുന്നത് വിശ്വാസികളുടെ യഥാര്‍ത്ഥ ജനാധിപത്യ അവകാശത്തെ വെല്ലുവിളിക്കുക കൂടിയാണ്.

ഈ സാഹചര്യത്തിൽ ചര്‍ച്ച് ആക്റ്റിനൊപ്പവും ബര്‍ യൂഹാനോന്‍ റമ്പാച്ചനൊപ്പവും അണിനിരക്കുകയെന്ന ആഹ്വാനവുമായി സംഘടിപ്പിക്കപ്പെടുന്ന സമരപരമ്പരകള്‍ക്ക് ഇന്ന് തുടക്കമാകും. റമ്പാച്ചനെ പ്രവേശിപ്പിച്ചിരിക്കുന്ന മൂവാറ്റുപുഴ താലൂക്ക് ആശുപത്രിക്ക് എതിര്‍വശത്ത് സജ്ജീകരിച്ച സമരപ്പന്തലില്‍ കണ്ടനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഇന്നു വൈകിട്ട് നാലിന് കൊവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ അനുസരിച്ച് പെതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെ ഐക്യദാര്‍ഢ്യ ഉപവാസ സമരം നടക്കും.

വിശ്വാസികളുടെ പണം സഭകളും സഭാമേധാവികളും ധൂര്‍ത്തടിക്കുന്നത് ചോദ്യംചെയ്ത്, പള്ളികളുടെയും ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെയും സ്വത്തു വിനിയോഗത്തിന് സര്‍ക്കാര്‍ മേല്‍നോട്ടമുള്ള സുതാര്യ സംവിധാനം ഉറപ്പാക്കുന്ന ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ആഗസ്റ്റ് 19 നാണ് ബര്‍ യൂഹാനോന്‍ റമ്പാച്ചന്‍ ഉപവാസമാരംഭിച്ചത്. സഹനസമരത്തിന്റെ ആറാം ദിവസം പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. അതിനു ശേഷവും ഉപവാസം തുടരുന്ന റമ്പാച്ചന്റെ ആരോഗ്യനില അനുദിനം വഷളായിട്ടു പോലും മക്കാബി പ്രതിനിധികളെ ചര്‍ച്ചയ്ക്കു ക്ഷണിക്കാത്തതിന് എതിരെ പൊതുസമൂഹത്തില്‍ അമര്‍ഷവും പ്രതിഷേധവും പുകയുകയാണ്.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍, ആരോഗ്യം ക്ഷയിച്ചുവരുന്ന റമ്പാച്ചനെ കിടത്തിയിരിക്കുന്നത് അണുബാധാ സാദ്ധ്യതയുള്ളിടത്താണെന്നും അദ്ദേഹത്തിന് മികച്ച പരിചരണം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, അദ്ദേഹത്തിന് പിന്തുണയറിയിച്ച് വിവിധ ജില്ലകളില്‍ നിന്നായി വിശ്വാസികളുടെയും പ്രമുഖ വ്യക്തികളുടെയും പ്രവാഹം തുടരുകയാണ്. റമ്പാച്ചൻ്റെ ജീവൻ സഭയുടെ ജനാധിപത്യവൽക്കരണത്തിന് മാത്രമല്ല, പൊതു സമൂഹത്തിൻ്റെ ജനാധിപത്യവൽക്കരണത്തിനും ഏറെ ആവശ്യമാണ്. അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ ജനാധിപത്യ വാദിക്കുമുണ്ട്. 

ബര്‍ യൂഹാനോന്‍ റമ്പാന് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആശുപത്രിക്കു മുന്നിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിരുന്നു. ഇന്ന് ആശുപത്രിക്കു മുന്നില്‍ ഐക്യദാര്‍ഢ്യ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചര്‍ച്ച് ആക്റ്റ് പ്രക്ഷോഭം കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആളിപ്പടരുകയും, സര്‍ക്കാരിനെതിരെ സമരജ്വാലയായിത്തീരുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ 2009 ലാണ് ചര്‍ച്ചാ അക്റ്റിന്റെ കരട് അന്നത്തെ സര്‍ക്കാരിനു സമര്‍പ്പിച്ചത്. മാറിവന്ന സര്‍ക്കാരുകള്‍ ഇതുവരെ ഈ വിഷയം ചര്‍ച്ചയ്ക്കു പോലുമെടുക്കാത്തതിനു പിന്നില്‍ മതമേധാവികളും രാഷ്ട്രീയ നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് വിശ്വാസികളുടെ ആക്ഷേപം. സഭാനേതൃത്വങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി, വിശ്വാസികളുടെ പണം കണക്കില്ലാതെ ധൂര്‍ത്തടിക്കാന്‍ വഴിതുറന്നുകൊടുക്കുന്ന സര്‍ക്കാരിനെതിരെ ബഹുമുഖ പ്രക്ഷോഭത്തിനാണ് വിശ്വാസികള്‍ ഒരുങ്ങുന്നത്.

മക്കാബിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം വിശ്വാസികളും പൊതുസമൂഹവും ഏറ്റെടുക്കുന്നതോടെ ചര്‍ച്ച് ആക്റ്റിനായുള്ള സമരം സംസ്ഥാനത്ത് പുതിയൊരു സാമൂഹികപോരാട്ടത്തിനാകും വഴിതുറക്കുക. പള്ളികളുടെ ഭരണാധികാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൈക്കൊണ്ട നിലപാടിനെതിരെ വിശ്വാസികള്‍ക്കിടയില്‍ ശക്തിയാര്‍ജ്ജിച്ച സര്‍ക്കാര്‍ വിരുദ്ധ വികാരം ചര്‍ച്ച് ആക്റ്റ് സമരത്തോടെ കൂടുതല്‍ രൂക്ഷമാവുകയും ഭരണനേതൃത്വത്തെ പിടിച്ചുലയ്ക്കുകയും ചെയ്യും. റമ്പാച്ചന്റെ സഹനസമരത്തോട് മുഖ്യമന്ത്രി കാട്ടുന്ന അവഗണന തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതു പോലെയാണെന്ന് താമസിയാതെ ബോധ്യമാകുമെന്ന് ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ വകതാക്കൾ പറഞ്ഞു.