കേരളത്തിലെ ഐതിഹാസികമായ കർഷക സമരങ്ങൾ സ്വാത്യന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന ഐ.സി.എച്ച്. ആർ നിലപാടിനെതിരെ പ്രതിഷേധം

ഇടതുപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും സംയുക്ത പ്രസ്താവന

രാഷ്ട്രീയകേരളത്തിന്റെ അഭിമാനമായ പുന്നപ്ര – വയലാർ, കാവുമ്പായി, കരിവെള്ളൂർ രക്തസാക്ഷികൾ സ്വാതന്ത്ര്യ സമര പോരാളികളല്ലെന്ന ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ നിലപാട് ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും ഇതിനെതിരെ ജനാധിപത്യ രാഷ്ടീയ കേരളം ശക്തമായി പ്രതിഷേധിക്കണമെന്നും ഞങ്ങളാവശ്യപ്പെടുന്നു.

വിദ്യാഭ്യാസ – സാംസ്കാരിക ചരിത്ര സ്ഥാപനങ്ങളെയെല്ലാം കാവിവല്കരിക്കുന്നതിന്റെ ഭാഗമായി അത്തരം സ്ഥാപനങ്ങളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്ന രീതി ബിജെപി ഗവൺമെന്റ് തുടരുകയാണ്.  എൻ.സി. ഇ.ആർ.ടി, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കാവിവല്കരണം ദ്രുതഗതിയിൽ നടക്കുകയാണ്. പാഠപുസ്തകങ്ങളുടെ നിർമ്മാണം,കരിക്കുലം, സിലബസ് തുടങ്ങിയ വിഷയങ്ങളിൽ വിഭജനത്തിന്റെ രാഷ്ട്രിയം കടത്തിവിടാൻ സംഘപരിവാറിന്റെ ടാർജറ്റ്ഡ് ഗ്രൂപ്പുകൾ സദാ ഇടപെടലുകൾ നടത്തുകയാണ്.ഐസിഎച്ച്ആറിന്റെ ചെയർമാൻ ശ്രീ. അരവിന്ദ്. പി.ജാംഖേദ്കർ അധികാരമേറ്റ ഉടനെ പ്രസ്താവിച്ചത് ഇന്ത്യയുടെ ചരിത്രം ശരിയായ അർത്ഥത്തിൽ പുന:സൃഷ്ടിക്കുമെന്നാണ്. അതിന്റെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൽ കയറിക്കൂടിയ സംഘപരിവാർ പക്ഷപാതികൾ കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ പുന്നപ്ര – വയലാർ, കാവുമ്പായി, കരിവെള്ളൂർ രക്തസാക്ഷികളെ ഒഴിവാക്കാൻ കേന്ദ്രഗവൺമെന്റിൽ ശ്രമം നടത്തുകയാണ്.

സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാറിന്റെ അന്നത്തെ സംഘടനകളായ ഹിന്ദുമഹാസഭയ്ക്കോ ആർ എസ്എസിനോ യാതൊരു ബന്ധവുണ്ടായിരുന്നില്ല എന്നുമാത്രമല്ല സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിൽ ഒളിഞ്ഞും തെളിഞ്ഞും അവർ ഉണ്ടായിരുന്നു. ലണ്ടനിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച ഗ്രൂപ്പുകളിൽ വീർ സവർക്കർ എന്ന് സംഘ പരിവാർ വിളിക്കുന്ന വിനായക് ദാമോദർ സവർക്കർ പങ്കെടുത്തിരുന്നതൊഴിച്ചാൽ 1911ൽ വി.ഡി സവർക്കറെ അറസ്റ്റ് ചെയ്ത് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ അടച്ചപ്പോൾ ഒരുമാസത്തെ ജയിൽവാസം കൊണ്ടുതന്നെ ഭയവിഹ്വലനായ സവർക്കർ ബ്രിട്ടീഷ് അധികാരികളെ ദയാഹർജിയുമായി സമീപിക്കുകയാണ് ചെയ്തത്. പക്ഷേ ബ്രിട്ടീഷ് അധികാരികൾ ആ ദയാഹർജി തള്ളി.എന്നാൽ ‘വീരനായ’ സവർക്കർ 1913 നവംബർ 14ന് വീണ്ടും ദയാഹർജി സമർപ്പിച്ചു. അതിൽ സവർക്കർ പറഞ്ഞത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ദയാപൂർണ്ണമായ പരിഗണനയിൽ തന്നെ മോചിപ്പിച്ചാൽ താനും തന്റെ സഹപ്രവർത്തകരും ഗവൺമെന്റ് നിശ്ചയിക്കുന്ന ഏത് ചുമതലയും നിർവ്വഹിക്കുകയും പിന്തുണ നല്കുകയും ചെയ്യുമെന്നാണ്. അങ്ങനെ ജയിൽമോചിതനായ സവർക്കർ മരണം വരെ ബ്രിട്ടീഷ് ദാസനായി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്തത്. സംഘപരിവാറിന്റെ എക്കാലത്തെയും വലിയ നേതാക്കളായിരുന്ന എംഎസ് ഗോൾവാൾക്കർ , ദീനദയാൽ ഉപാധ്യായ, ബൽരാജ് മധോക്,എൽകെ അദ്വാനി,കെ. ആർ മൽക്കാനി,ഏബി വാജ്പേയ് തുടങ്ങിയവർ ഒന്നും തന്നെ ഒരു ഘട്ടത്തിലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരല്ല. ആർ.എസ്. എസ്.ഹിന്ദുമഹാസഭ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജി മുസ്ലീലീഗിന്റെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആയിരിക്കെ 1942ജൂലൈ 26ന് വൈസ്രോയിക്ക് എഴുതിയ കത്തിൽ കോൺഗ്രസ് മൂവ്മെന്റിനെ തകർക്കാൻ ബംഗാളിൽ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്കുന്നുമുണ്ട്.

2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതിനെത്തുടർന്ന് സ്വാതന്ത്ര്യസമരത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ല എന്നതിന്റെ പേരിൽ ഒരു ജാള്യത പൊതുവിൽ സംഘപരിവാർ സംഘടനകൾക്കുണ്ട്. രാജ്യത്തെ നിലവിലുള്ള ചരിത്രം തിരുത്താതെ തങ്ങൾക്ക് മേൽക്കൈയുള്ള ചരിത്രം കൊണ്ടുവരാൻ കഴിയില്ല എന്ന യാഥാർത്ഥ്യം സംഘപരിവാർ തിരിച്ചറിയുന്നു. വ്യത്യസ്ത ദേശീയതകൾ ഉള്ള ഒരു രാജ്യമെന്ന നിലയിൽ ഉപദേശീയതകളിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ – ജന്മിത്തവിരുദ്ധ സമരങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കയ്യൂരും കരിവെള്ളൂരും പുന്നപ്ര -വയലാറും തെലുങ്കാനയും തേഭാഗയുമെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. 1946സെപ്റ്റംബർ-ഒക്ടോബറിൽ നടന്ന പുന്നപ്ര -വയലാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയെന്ന് ചരിത്രകാരൻമാർ അംഗീകരിച്ചതാണ്. ഐ.കെ ഗുജ്റാളിന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന സ. ഇന്ദ്രജിത്ത് ഗുപ്തയുടെ മുൻകയ്യിലാണ് കേന്ദ്രഗവൺമെന്റ്1998 ജനുവരി 20 ന് പുന്നപ്ര -വയലാർ അടക്കമുള്ള സാമ്രാജ്യത്വ വിരുദ്ധ -ജന്മിത്ത വിരുദ്ധ സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചത്.

തിരുവിതാംകൂർ ദിവാൻ സിപി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിക്കുകയും അമേരിക്കൻ മോഡൽ ഭരണത്തിനായി വാദിക്കുകയും ചെയ്തു. ഈ രാഷ്ട്രിയ സഹാചര്യത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സംഘർഷഭരിതമായ ദേശീയ രാഷ്ടീയ സംഭവവികാസങ്ങളും രൂക്ഷമായ ഭക്ഷ്യക്ഷാമവും കൂലിയ്ക്കും മറ്റ് അവകാശങ്ങൾക്കും വേണ്ടി കയർ -കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബിഡിത്തൊഴിലാളികൾ തുടങ്ങിയവർ സമരം പ്രഖ്യാപിക്കുകയുണ്ടായി. ജൻമിമാരുടെയും മുതലാളിമാരുടെയും കടുത്ത ചൂഷണത്തിനും മർദ്ദനത്തിനും വിധേയരായ തൊഴിലാളികൾ പന്ത്രണ്ടോളം യൂണിയനുകളുടെ നേതൃത്വത്തിൽ 1946 സെപ്റ്റംബർ 15ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. ജൻമിമാരുടെയും ഗുണ്ടകളുടെയും സിപി യുടെ പോലീസിന്റെയും കടുത്ത മർദ്ദനങ്ങളെ ചെറുക്കാൻ കമ്മ്യൂണിസ്റ്റ്പാർട്ടി ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ വളന്റിയർ ക്യാമ്പ് ആരംഭിച്ചു. അതേസമയം ദിവാൻ സിപി രാമസ്വാമി അയ്യരുടെ ഭരണപരിഷ്ക്കാരങ്ങൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും തള്ളിക്കളയുകയും ഉത്തരവാദഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശകതിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.ഈ പശ്ചാത്തലത്തിലാണ് 1946 സെപ്റ്റംബർ 15ന്റെ പൊതുമണിമുടക്ക്. സാമ്പത്തിക ആവശ്യങ്ങളോടൊപ്പം ഉത്തരവാദിത്തഭരണം ആവശ്യപ്പെട്ടും തൊഴിലാളികൾ പ്രക്ഷോഭം ആരംഭിച്ചു. ഇന്ത്യൻയൂണിയനിൽ ലയിക്കാൻ വിസമ്മതിച്ചപ്പോൾ ആലപ്പുഴയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും, കർഷകത്തൊഴിലാളികളും പണിമുടക്കി, സിപിയുടെ സ്വതന്ത്ര തിരുവിതാംകൂർ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി തെരുവിലിറങ്ങി. സമരക്കാരെ അടിച്ചമർത്താൻ സിപി പട്ടാളത്തെ ഇറക്കി. വാരിക്കുന്തവുമായി തൊഴിലാളികൾ പട്ടാളത്തെ നേരിട്ടു. 500ൽ അധികം പേർ രക്തസാക്ഷികളായത് സ്വതന്ത്രവും ഏകീകൃതവുമായ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു.

1946 ഡിസംബർ 20ന് കരിവെള്ളൂരിലും 30ന് കാവുമ്പായിയിലും കർഷക -കർഷകത്തൊഴിലാളി മുന്നേറ്റമുണ്ടായി .വടക്കേ മലബാറിന്റെ വിപ്ലവമനസ്സിൽ ഒരു തീപ്പന്തമായി ജ്വലിച്ചുനില്ക്കുന്ന ഒരു ഏടാണ് കരിവെള്ളൂർ സമരവും രക്തസാക്ഷികളും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള നാട്ടിൻപുറം രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരുന്നു. പട്ടിണിമരണവും ദാരിദ്ര്യവും നാട്ടിൻപുറങ്ങളെ കീഴടക്കി. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടുപോകുന്നത് സ.എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ ജനങ്ങളും കർഷകരും തടഞ്ഞു. ജനങ്ങളെ ചിറക്കൽ തമ്പുരാന്റെ ഗുണ്ടകളും എംഎസ്പിയും ആക്രമിച്ചു. സഖാക്കൾ തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും രക്തസാക്ഷികളായി.

1936ൽ മലബാറിൽ അഖിലേന്ത്യാ കിസാൻ സഭയുടെ രൂപീകരണത്തോടെ ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമതിരായ സമരം ചെങ്കൊടിത്തണലിൽ ശക്തിപ്പെട്ടു.ഇരിക്കൂർ ഫർക്കയിലെ ഭൂമിയുടെയും സമ്പത്തിന്റെയും ഉടമകൾ കല്യാട്ട് ജൻമിയും കരകാട്ടിടം നായനാരുമായിരുന്നു. ക്രൂരന്മാരായ ഈ ജൻമിമാരുടെ കർഷകവിരുദ്ധ നിലപാടുകളെ കിസാൻസഭയുടെ നേതൃത്വത്തിൽ കൃഷിക്കാർ ചെറുത്തു. ഗുണ്ടകളും എംഎസ്പിയും ജന്മിമാരുടെ കർഷകവിരുദ്ധനിലപാടുകളെ പിന്തുണയ്ക്കുകയും കൃഷിക്കാർക്കെതിരെ മർദ്ദനം അഴിച്ചുവിടുകയും ചെയ്തു .ഇതിൽ പ്രതിഷേധിച്ച് എംഎസ്പി . കാമ്പിലേക്ക് മാർച്ചുനടത്താൻ കിസാൻസഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചു. 1946 ഡിസംബർ 29ന് രാത്രിയിൽ കർഷകക്യാമ്പ് എംഎസ്പി ആക്രമിച്ചു. സഖാക്കൾ പുളുക്കൽ കുഞ്ഞിരാമൻ, പി.കുമാരൻ ,മഞ്ഞേരി ഗോവിന്ദൻ, ആലോറമ്പൻ കൃഷ്ണൻ ,തെങ്ങിൽ അപ്പനമ്പ്യാർ എന്നിവർ രക്തസാക്ഷികളായി. അറസ്റ്റ് ചെയ്ത മറ്റുള്ളവരെ സേലം ജയിലിടച്ചു. 1950 ഫെബ്രുവരി 11ന് സേലം ജയിലെ വെടിവെപ്പിൽ സഖാക്കൾ തളിയൻ രാമൻ നമ്പ്യാരും ഒ.പി അനന്തൻ മാസ്റ്ററും പി.നാരായണൻ നമ്പ്യാരും പറമ്പൻ കുഞ്ഞിരാമനും കൊല്ലപ്പെട്ടു. ഗോവാ വിമോചന സമരവും നൈസാമിനെതിരെയുള്ള സമരവും മയ്യഴി സമരവുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.

ആൻഡമാൻ സെല്ലുലാർ ജയിലിൽ മാപ്പെഴുതി നല്കി തടിതപ്പിയ ഗോൾവാൾക്കറുടെ അനുയായികൾ അധികാരത്തിൽ എത്തിയപ്പോൾ സ്വാതന്ത്ര്യസമരത്തിൽ അണിനിരന്ന ജീവത്യാഗം ചെയ്തവരെ ഇപ്പോൾ അപമാനിക്കുകയാണ്. സമസ്തമേഖലകളിലും സംഘപരിവാർ അധിനിവേശം നടന്നുകഴിഞ്ഞിരിക്കുന്നു. പ്രാദേശിക മിത്തുകളെയും ആഘോഷങ്ങളെയും അവർ അപഹസിക്കുകയാണ്. ഓണംപോലുള്ള ഒരുമയുടെ ആഘോഷങ്ങളെപ്പോലും സംഘപരിവാർ കാണുന്നത് വാമനവിജയത്തിന്റെ ആഘോഷമായിട്ടാണ്. മഹാബലി സംഘികൾക്ക് അസ്വീകാര്യനാണ്. ചരിത്രത്തെ തിരുത്താനും പ്രാദേശിക ദേശീയതകളെ തള്ളിപ്പറയാനും പ്രാദേശിക ഭാഷകളെ അവഗണിയ്ക്കാനും ഹിന്ദി അടിച്ചേല്പിക്കാനും അവർ ശ്രമിക്കുകയാണ്.

കേരളത്തിന്റെ ചരിത്രത്തിൽ രാഷ്ട്രിയ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ കർഷകത്തൊഴിലാളികളും കയർതൊഴിലാളികളും മത്സ്യത്തൊഴിലാളികളും പണിമുടക്കി തെരുവിലറങ്ങി പട്ടാളവുമായി ഏറ്റുമുട്ടിയ സംഭവമാണ് പുന്നപ്രവയലാർ സമരം. സിപിയെ കെട്ടുകെട്ടിക്കുന്നതിലും തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനും ഈ സമരം നിർണ്ണായക സ്വാധീനം ചെലുത്തി. അതുകൊണ്ടുതന്നെ പുന്നപ്ര -വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണ്. ആ സമരത്തെ അവമതിയ്ക്കാനും അവഹേളിയ്ക്കാനും സംഘപരിവാർ ശക്തികൾ നടത്തുന്ന ശ്രമത്തെ മലയാളികൾ കക്ഷിഭേദമെന്യേ ചെറുത്തു തോൽപിക്കേണ്ടതാണ്.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് മാപ്പിള ലഹള എന്ന പേരിൽ അറിയപ്പെട്ട 1921ലെ മലബാർ ലഹള നടന്നത്. ഏറനാട് താലൂക്കിലെ കൃഷിക്കാർ നടത്തിയ പ്രക്ഷോഭത്തിന്റെ നായകസ്ഥാനത്ത് അലി മുസ്ലിയാരും വാര്യൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. മഹാത്മജിയും ഖിലാഫത്ത് നേതാക്കളും കോഴിക്കോട്ട് വന്നാണ് ബ്രിട്ടീഷ് വിരുദ്ധ സംയുക്തസമരത്തിന് ആഹ്വാനം ചെയ്തത്. 1921ലെ സമരത്തിന്റെ ഭാഗമായിരുന്നു വാഗൺ ട്രാജഡിയും .മലബാർ കലാപത്തിന്റെ നേതാക്കളെയും സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കാനാണ് ഐസിഎച്ച്ആർ കേന്ദ്രഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുന്നത്.സമരത്തിന്റെ ചില ഘട്ടങ്ങളിൽ വർഗീയ ചേരിതിരിവിന് ചില ദുഷ്ടശക്തികൾ ശ്രമിച്ച കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ ഖിലാഫത്ത് പ്രസ്ഥാനവും 1921ലെ മലബാർ കാർഷിക കലാപവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെ .അതിന്റെ ചരിത്രപ്രധാന്യം കുറയ്ക്കാനും തമസ്കരിക്കാനും സംഘപരിവാർ നടത്തുന്ന നീക്കം അപലപനീയമാണ്.

എം. ശ്രീകുമാർ -MCPI(U)
കെ.എസ്. ഹരിഹരൻ (RMPI)
എം. കെ.ദാസൻ ( CPI ML Red Star)
പി.സുശീലൻ (CPI ML)
ഡോ: വി.പ്രസാദ് (Mass Movement for Socialist Alternative)
അഡ്വ: രാജദാസ് (AIKF)
വി.വി. രാജേന്ദ്രൻ (AICTU)
റോബി അരയാക്കണ്ടി (AIFTU-N)
ജയൻ കോന്നിക്കര (TUCI)