Thu. Mar 28th, 2024

സ്വര്‍ണക്കടത്ത് കേസില്‍ ജലീലിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തത്. അദ്ദേഹത്തിന്റെ സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ്. ഈ വിഷയത്തില്‍ ജലീലിന്റെ മൊഴി തൃപ്തികരമാണ്. ഇനി മൊഴി എടുക്കേണ്ട ആവശ്യമില്ല. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു സ്വാകാര്യ ചാനലിനോട് വ്യക്തമാക്കി.

ഇ ഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബേങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീല്‍ ഹാജരാക്കിയിരുന്നു. ഈ രേഖങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ല.

ഖുര്‍ആന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ സംശയം ദൂരീകരിക്കപ്പെട്ടു. ഖുര്‍ആനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.

ജലീലിനെതിരെ ചില പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ഇഡിയും നടത്തിയത്.