Sun. Feb 25th, 2024

എം ടി വാസുദേവൻ നായരുടെ ആദർശപുരുഷനായ ഇ.എം.എസ് നമ്പൂതിരിപ്പാടിനെയും കുളത്തൂർപ്രസംഗത്തിൽ പത്രാധിപർ കെ സുകുമാരൻ വേദിയിലിരുത്തി പൊരിച്ചിട്ടുണ്ട്.

✍️  ഡോ. അമൽ സി. രാജൻ

ഇന്ത്യൻ ഭരണഘടന സമ്പൂർണ്ണമായി അട്ടിമറിക്കപ്പെടുന്ന പുതിയ സന്ദർഭത്തിൽ നാരായണഗുരുവിനെ സമരബിംബമായി വീണ്ടെടുത്ത് പ്രതിരോധം തീർക്കേണ്ടതുണ്ട്.

അരുവിപ്പുറം പ്രതിഷ്ഠ മുതൽ വൈക്കം സത്യഗ്രഹം വരെ സാമൂഹ്യമുന്നേറ്റങ്ങളിൽ നാരായണഗുരുവിന്റെ നേരിട്ടുള്ള ഇടപെടലുകൾ കാണാം. മരണശേഷവും അടിസ്ഥാന ജനതയുടെ സമരപോരാട്ടങ്ങളിൽ നാരായണഗുരു രാഷ്ട്രീയചിഹ്നമായി നിലനിന്നിരുന്നു. നിവർത്തന പ്രക്ഷോഭത്തിലും പാലിയം, കുട്ടൻകുളം സമരങ്ങളിലും നാരായണഗുരു എന്ന പേര് സമര സാന്നിധ്യമായി ഉയർന്നുവരുന്നുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണഘടന കീഴാള ജനതക്ക് പുതിയൊരു പ്രതീക്ഷ നൽകിയിരുന്നു. അതുറപ്പുനൽകുന്ന സവിശേഷാധികാരങ്ങൾ ഭരണഘടനയെ നിലനിർത്തിക്കൊണ്ടു തന്നെ അട്ടിമറിക്കാമെന്ന ബ്രാഹ്മണിക്കൽ ബുദ്ധിവൈഭവം സ്വതന്ത്ര ഇന്ത്യ ആദ്യമായി കണ്ടതും ഈ ‘പരശുരാമക്ഷേത്ര’ത്തിൽത്തന്നെയായിരുന്നു എന്നതു ചരിത്രം. 1958 ലെ ഒന്നാം ഭരണപരിഷ്ക്കാരക്കമ്മീഷൻ റിപ്പോർട്ടിൽ സംവരണത്തെ അട്ടിമറിക്കാനുള്ള സാമ്പത്തിക സംവരണമെന്ന ആശയം മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിച്ചേർത്ത ആ സാഹചര്യത്തിലാണ് ജനാധിപത്യ കേരളത്തിൽ നാരായണഗുരു വീണ്ടും സമരാഹ്വാനങ്ങളിൽ പ്രകമ്പനമായത്.

ഭരണപരിഷ്ക്കാരക്കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷം തിരുവനന്തപുരം കുളത്തൂർ ശ്രീനാരായണഗുരു സ്മാരക വായനശാല നാരായണഗുരു സമാധിയോടനുബന്ധിച്ചു നടത്തിയ യോഗത്തിൽ ഇ എം എസിനെ വേദിയിലിരുത്തിക്കൊണ്ട് കെ സുകുമാരൻ നടത്തിയ പ്രസംഗം ശ്രദ്ധേയമായൊരു ചരിത്രരേഖയാണ്. കുളത്തൂർ പ്രസംഗത്തിനു ശേഷം തൃശൂരിൽ വച്ചു ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയോഗം ഇ എം എസിൻ്റെ സാമ്പത്തിക സംവരണനിർദ്ദേശം തള്ളിക്കളഞ്ഞു.

ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം ഇന്ത്യയിൽ പാസാക്കുകയും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സർക്കാർ ഉദ്യോഗങ്ങളിലും 10% സവർണ്ണ സംവരണം നിയപരമായി പാസാക്കപ്പെടുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ വർഷത്തെ ഗുരുജയന്തി കടന്നു പോകുന്നത്. കേരളത്തിലെ ജനസംഖ്യയിൽ എത്ര ശതമാനം സവർണ്ണരുണ്ടെന്നോ അതിൽ എത്ര ശതമാനം ദരിദ്രരുണ്ടെന്നോ എന്നതിനെ സംബന്ധിച്ച് യാതൊരു കണക്കും പഠന റിപ്പോർട്ടും സർക്കാർ തയ്യാറാക്കിയിട്ടില്ലെങ്കിലും 10% പേർക്ക് ഭരണഘടനയെ അട്ടിമറിച്ച് സംവരണം നൽകിയേ തീരൂ എന്ന് സർക്കാർ പ്രഖ്യപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പത്രാധിപർ കെ. സുകുമാരൻറെ കുളത്തൂർ പ്രസംഗം വീണ്ടും പ്രസക്തമാകുകയാണ്


യോഗനാദം 1999ൽ കുളത്തൂർ പ്രസംഗം പുന:പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് സുദേഷ് എം.രഘു എഡിറ്റ് ചെയ്ത സംവരണത്തെ സംബന്ധിച്ച പുസ്തകത്തിന്റെ (സംവരണപ്രശ്നങ്ങളുടെ യാഥാർഥ്യങ്ങളിലൂടെ) അനുബന്ധമായി അതുണ്ട്. പിണറായി സർക്കാർ ദേവസ്വം ബോർഡിൽ 10% നിയമവിരുദ്ധ സവർണ്ണ സംവരണം പ്രഖ്യാപിച്ച ശേഷം കോടിയേരി ബാലകൃഷ്ണൻ “ധൈര്യമുണ്ടെങ്കിൽ നിങ്ങളും നടപ്പിലാക്കിക്കാണിക്കൂ” എന്ന് മോഡിയെ വെല്ലുവിളിച്ച ചരിത്ര സന്ദർഭത്തിൽ കേരളകൗമുദി തന്നെ പ്രസംഗം പുന:പ്രസിദ്ധീകരിച്ചതായി ഓർക്കുന്നുണ്ട്.

ഏതായാലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലിരുന്ന്, ഗുരു ജയന്തി ദിനത്തിൻ്റെ തലേരാത്രി കുറച്ചുപേർ കുളത്തൂർ പ്രസംഗം ഓൺലൈനിൽ തിരയുന്നുണ്ടെങ്കിൽ അത് മാർക്സിസ്റ്റു പാർട്ടിയിലെ ബ്രാഹ്മണ്യവാദികൾക്ക് ശുഭവാർത്തയല്ല എന്നുറപ്പ്.

നാരായണ ഗുരു വീണ്ടും സമര ബിംബമാകുന്ന കാലം വരിക തന്നെ വേണം. നവോത്ഥാനത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ കാത്തുസൂക്ഷിച്ചേ തീരൂ. പ്രിയ സഖാക്കളേ നമുക്ക് കുളത്തൂർ പ്രസംഗം വായിക്കാം.

കുളത്തൂർപ്രസംഗം: പത്രാധിപർ കെ. സുകുമാരൻ

ഭാരതത്തിലെ ധനകാര്യമന്ത്രിമാർ ഭിക്ഷാപാത്രവുമേന്തി പാശ്ചാത്യ രാജ്യങ്ങളിലേക്കു യാത്ര തിരിക്കുന്നതിനുമുൻപ് ഒരു വിദേശ പത്രപ്രതിനിധിയെ ക്ഷണിച്ചുവരുത്തി ഒരു പ്രസ്താവന നൽകുന്ന പതിവുണ്ടെന്നു പറയാറുണ്ട്. ധനകാര്യമന്ത്രി ആകാശ മാർഗേണ ഇന്ത്യയുടെ അതിർത്തിമേഖല ലംഘിച്ചു കഴിയുമ്പോഴേക്കും ആ പ്രസ്താവനയെപ്പററി ഇന്ത്യയിൽ വലിയ വാദകോലാഹലമാകും. അതിനിടയിൽ ധനകാര്യമന്ത്രി ലക്ഷ്യം പ്രാപിച്ചു കഴിഞ്ഞിരിക്കും . അപ്പോൾ അദ്ദേഹം മറെറാരു പ്രസ്താവന ചെയ്യും; താൻ അങ്ങനെ പറഞ്ഞിട്ടില്ല; സന്ദർഭത്തിൽ നിന്നു വാക്കുകൾ അടർത്തിയെടുത്ത് സ്വന്തം ആവശ്യത്തിനും അഭിരുചിക്കും ഒത്തവണ്ണം വിവരമില്ലാത്ത ഒരു പത്രപ്രവർത്തകൻ നെയ്തുണ്ടാക്കിയ ഒരു വിചിത്രവസ്ത്രമാണു തന്നെ അണിയിച്ചിരിക്കുന്നതെന്നായിരിക്കും ആ പ്രസ്താവനയുടെ പൊരുൾ. ഈ നിഷേധപ്രസ്താവനാരോഗം ഇന്നു ധനകാര്യമന്ത്രിമാരെ മാത്രമല്ല, എല്ലാ രാജ്യതന്ത്രജ്ഞൻമാരെയും ബാധിച്ചുകാണുന്ന ഒരു തീരാവ്യാധിയായിട്ടുണ്ട്. അങ്ങു ഡൽഹിയിൽ മാത്രമല്ല, ഇങ്ങു തിരുവനന്തപുരത്തും ഈ രോഗം ഇന്നു സർവ്വസാധാരണമാണ്. അതുകൊണ്ട് മുഖ്യമന്ത്രി (ശ്രീ . ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്) ഉദ്ഘാടനം ചെയ്യുന്ന ഈ സമ്മേളനത്തിൽ അപകടമൊന്നും പറയരുതെന്നും, പറഞ്ഞുപോയാൽ പറഞ്ഞതു പറഞ്ഞതു തന്നെയാണെന്നും, പിന്നെ മാറിപ്പറയാൻ ഇടവരരുതെന്നും കരുതിത്തന്നെയാണ്, പറയാനുള്ളതെല്ലാം എഴുതിത്തന്നെ സമർപ്പിക്കാമെന്നു തീരുമാനിച്ചത്. നിങ്ങളുടെ ഗ്രന്ഥശാലയുടെ (കുളത്തൂർ ശ്രീനാരായണ ഗുരു സ്മാരക വായനശാല) വാർഷിക ദിനത്തോടുകൂടി ശ്രീനാരായണഗുരുവിന്റെ സമാധി ദിനം കൂടി ആചരിക്കുവാൻ വേണ്ടിയാണല്ലോ നാമിവിടെ കൂടിയിരിക്കുന്നത്. ആ മഹാപുരുഷന്റെ പേരിൽ ആണ്ടോടാണ്ടു രണ്ടു ദിനാചരണങ്ങൾ നാം കൊണ്ടാടാറുണ്ട്. ആ ദിനാചരണത്തിൽ അദ്ദേഹം നമുക്കു സംഭാവന ചെയ്ത തത്ത്വസംഹിതകളെപ്പററി നാം വിശദീകരണങ്ങളും ഉദ്ബോധനങ്ങളും നൽകാറുണ്ട്. ഇന്നു നമ്മുടെ ചുറ്റും നൃത്തം ചെയ്യുന്ന സംഭവപരമ്പരകൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാകുന്ന പക്ഷം, ഈ ആഘോഷങ്ങളും വിശദീകരണങ്ങളും ഉദ്ബോധനങ്ങളും ആശിച്ച ഫലം പ്രദാനം ചെയ്തിട്ടില്ലെന്നു മനസ്സിലാക്കുവാൻ വിഷമമുണ്ടായിരിക്കുകയില്ല. എന്നു മാത്രമല്ല, ഒരു കാടുവെട്ടിത്തെളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ശ്രീനാരായണനു ചുററും മറെറാരു കാടു നട്ടുപിടിപ്പിക്കുന്ന ജോലിയിലാണു അദ്ദേഹത്തിന്റെ വ്യാഖ്യാതാക്കൾ ഏർപ്പെട്ടിരിക്കുന്നതെന്നും കാണാൻ കഴിയും. അവർക്ക് അടിതന്ന കൊടുക്കണം.

ഒരു ഉദാഹരണം ഞാൻ പറയാം: കഴിഞ്ഞ കൊല്ലം പേട്ടയിൽ ചേർന്ന ചതയദിന സമ്മേളനത്തിൽ മഹാപണ്ഡിതനായ ഒരു അതിമാനുഷൻ നാരായണഗുരുവിന്റെ മഹത്വത്തിന്റെ ഉത്പത്തിസ്ഥാനം കണ്ടെത്തി. അദ്ദേഹം ചെയ്ത അതിഗംഭീരമായ അധ്യക്ഷപ്രസംഗത്തിൽ, ശ്രീനാരായണൻ വർണാശ്രമ ധർമങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന ഒരു ഹൈന്ദവ യോഗീശ്വരനായിരുന്നുവെന്നും, ആ വിശ്വാസമാണ് അദ്ദേഹത്തെ മഹാനാക്കിത്തീർത്തതെന്നും ഒരു സങ്കോചവും കൂടാതെ പറഞ്ഞിരുന്നു. ചുറ്റും കൂടിയിരുന്നവരെല്ലാം, കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ടിനെ അനുസ്മരിപ്പിക്കുമാറ് “അതു ശരിയാണതു ശരിയാണ് ” എന്നു തലകുലുക്കി സമ്മതിക്കുകയും ചെയ്തു. മനുഷ്യനും മനുഷ്യനും തമ്മിൽ ഉച്ചനീചകർമങ്ങൾ നിശ്ചയിച്ച് അവരെ ജാതികളായി തരംതിരിച്ച് അവരിൽ പ്രബലരായുള്ളവരെ മാത്രം പ്രീണിപ്പിക്കുന്ന ഭാരതീയ സമ്പ്രദായത്തിന് അടിസ്ഥാനശിലയായിക്കിടന്ന ചാതുർവർണ്യവ്യവസ്ഥിതിയിൽ അടിയുറച്ച വിശ്വാസക്കാരനായിരുന്നു സ്വാമികൾ എന്നു പറയുന്നവർക്ക് അടി തന്നെയാണു കൊടുക്കേണ്ടത്.

ശിവഗിരിയിലെ ആശമോചിതമായ അന്തരീക്ഷത്തിൽ ഒരു ആശ്രമവൃക്ഷത്തിന്റെ തണലിലിരുന്ന് അതിന്റെ പത്രാവലിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നോക്കു! അവയുടെ ഉൽപ്പത്തി സ്ഥാനം ഒന്നുതന്നെയാണെങ്കിലും രൂപം ഭിന്നങ്ങളായിരിക്കുന്നുവെന്നു അവയുടെ ഉത്പത്തിസ്ഥാനം വർണ്യത്തിന്റെ മായാസൃഷ്ടി സ്വഭാവത്തെ സാധൂകരിക്കുവാൻ ശ്രമിച്ച മഹാത്മാഗാന്ധിയോട് ഉത്പത്തി സ്ഥാനം ഒന്നാണെങ്കിലും, രൂപങ്ങൾ ഭിന്നങ്ങളാണെങ്കിലും അവ ചർവണം ചെയ്തുനോക്കിയാൽ രസം ഒന്നാകയാൽ, ധർമം ഒന്നുതന്നെയാകുന്നു എന്നു പ്രത്യുത്തരം നൽകി, ആ മഹാത്മാവിന്റെ വർണാശ്രമ ധർമവിശ്വാസത്തിനു ഭംഗം വരുത്തിയ പുണ്യാത്മാവാണു ശ്രീനാരായണഗുരു. ചതയദിനാഘോഷങ്ങളും സമാധിദിനാചരണങ്ങളും നടത്തിയില്ലെങ്കിലും തരക്കേടില്ല, സ്വാമികളുടെ ചുറ്റും കാടുവളർത്തുവാനും ആ കാട്ടിനകത്ത് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുടിയിരുത്തുവാനും സ്വാമിഭക്തൻമാർ കൂട്ടുനിൽക്കരുത്.


സാമൂഹികവിപ്ലവകാരിയായ യോഗി:

കേരളത്തിൽ ജീവിച്ചിരുന്ന മഹാപുരുഷൻമാരിൽ ഒന്ന് ശങ്കരനും ഒന്ന് നാരായണഗുരുവുമായിരുന്നു. കാലാനുസൃതമായി ഭാരതത്തിൽ പുതിയ പുതിയ മഹാൻമാർ അവതരിക്കുകയും നൂതനങ്ങളും സമുന്നതങ്ങളുമായ വിശ്വാസങ്ങളെയും അഭിവാഞ്ഛകളെയും ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാം സഹിഷ്ണുതയുടെ സജീവത്വത്തെ ഈ പുരാണഭൂമിയുടെ ചരിത്രത്തിൽ ആദ്യന്തം ചുണ്ടി ക്കാണിക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആ മഹാൻമാരുടെ ഗണനാപ്രസംഗത്തിൽ അടുത്തകാലത്ത് അവതീർണരായ രണ്ടു പുണ്യാത്മാക്കളാണു മഹാത്മാഗാന്ധിയും നാരായണഗുരുവും. ഈ ഭാരതം അവതരിപ്പിക്കുവാൻ പരാജയപ്പെട്ടിട്ടില്ലാത്ത കർമയോഗികളിൽ ഒരാളാണു നാരായണഗുരു. ആവശ്യം നേരിട്ടപ്പോഴാണ് ആ മഹാപുരുഷൻ അവതരിച്ചത്. കേരളം ഭ്രാന്തമായ ഒരു ദുരിതദശയെ തരണം ചെയ്തുകൊണ്ടിരുന്ന ഒരു സന്ദർഭ മായിരുന്നു അത്. അദ്ദേഹം 72 വർഷം ജീവിച്ചിരുന്നു. മഹായോഗികൾ അവരുടെ ദയാപൂർണങ്ങളായ ഹസ്തങ്ങൾ ഉയർത്തേണ്ട കാലം സംജാതമാകുന്നതുവരെ, മററു ജനങ്ങളിൽ നിന്ന് അകന്നു ജീവിക്കുന്നു . അതുതന്നെയാണു നാരായണഗുരുവും ചെയ്തത്. അദ്ദേഹം ആത്മബോധം കൈവരിക്കുകയും തന്റെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു . സന്ന്യാസിമാർ രണ്ടു തരത്തിലാണ്. ഒന്ന്, ആത്മസാക്ഷാത്ക്കാരം സിദ്ധിച്ചു ത്യാഗികളായി ജീവിക്കുന്നവർ. മറെറാന്ന് ആത്മസാക്ഷാത്ക്കാരം സിദ്ധിച്ചതിനു ശേഷം, ആ സിദ്ധിയെ ബാഹ്യലോകത്തിന്റെ പ്രയോജനത്തിനായി വിനിയോഗിക്കുന്നവർ. ഒടുവിൽ പറഞ്ഞ കൂട്ടത്തിൽപ്പെട്ടവരാണു ശ്രീബുദ്ധനും ശ്രീനാരായണനും. വിവേകാനന്ദൻ ഭ്രാന്താലായമെന്നാക്ഷേപിച്ച രാജ്യത്താണു നാരായണഗുരു ജനിച്ചത്. ആ ചുറ്റുപാടു കളിൽ, പരശുരാമൻ മഴുവെറിഞ്ഞു പൊക്കിയെടുത്ത കേരളത്തെ 64 ബ്രാഹ്മണർക്കായി പങ്കുവച്ചകാലം മുതൽ ഹിന്ദുമതത്തിൻറ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെട്ട്, തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളാരായും കഴിഞ്ഞുവന്ന ഒരു ജനസമൂഹത്തിൽ വന്നുപിറന്ന നാരായണഗുരു ജാതിചിന്തകളെയും അനാചാരങ്ങളെയും തട്ടിത്തകർക്കുന്ന ഒരു സാമൂഹികവിപ്ലവകാരിയും സമുദായ പരിഷ്കർത്താവുമായി ഉയർന്ന് സത്യധർമ സന്ദേശങ്ങൾ പ്രചരിപ്പിച്ച് അതിന്റെ പ്രചോദനത്തിൽ കാലാനുകൂലമായ പരിവർത്തനങ്ങൾ സ്വയം പ്രാപ്തമാക്കുക എന്ന് തത്ത്വത്തെയാണ് ആധാരമാക്കിയത്.

മതം തികച്ചും വ്യക്തികാര്യം:

അദ്ദേഹത്തിന്റെ മതപരമായ ആദർശങ്ങൾ ഒന്നു പ്രത്യേകമായിരുന്നു. ഒരു സനാതനിയെപ്പോലെയല്ല അദ്ദേഹം ധർമത്തെ നിർവചിച്ചത്. മതത്തിന്റെ സങ്കുചിതമായ പരിധിയിൽ നിന്നുകൊണ്ട് അദ്ദേഹം ധർമത്തെ വീക്ഷിച്ചതുമില്ല. ധർമത്തിനു വിപുലമായ അർഥം കൊടുത്തു മതപരിഷ്കരണം നടത്തുകയാണ് അദ്ദേഹം ചെയ്തത്. മതം മനുഷ്യനെ പലസമുദായങ്ങളായും ഹിന്ദുമതം, ഹിന്ദുക്കളെ പല വർഗക്കാരും ഉപജാതികളുമായും വിഭജിച്ചിരുന്നു. ജാതിയും അയിത്തവും അതിന്റെ കൂടപ്പിറപ്പുകളുമായിരുന്നു. വർഗീയമായ അസമതകളുടെ പരിഹരണത്തിനുള്ള പോരാട്ടമായിരുന്നു നാരായണഗുരുവിന്റെ ജീവിതവ്രതം. ജാതിപോകണമെന്നും മതം വ്യക്തികാര്യമാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ആ സിദ്ധാന്തം കുറെയൊക്കെ ഫലിച്ചു എന്നു പറയാതെ തരമില്ല. 1112 തുലാം 27 – നു ശ്രീ ചിത്തിരതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു വിളംബരം ചെയ്ത ക്ഷേത്രപ്രവേശന പ്രഖ്യാപനം നാരായണഗുരുവിന്റെ ജാതിധ്വംസന പ്രവർത്തനങ്ങളുടെ അനിവാര്യഫലമായിരുന്നു. എങ്കിലും ജാതിയുടെ അനർഥങ്ങൾ ഇന്നും പൂർണമായും ഈ മണ്ണിൽ നിന്നു നിർമാർജനം ചെയ്യപ്പെട്ടിട്ടില്ല.

ഗുരു മാർക്സിനേക്കാളും വലിയ കമ്യൂണിസ്റ്റ്:

നാരായണഗുരു കർമണാ ഒരു കമ്യൂണിസ്ററായിരുന്നു. ഒരു പക്ഷേ, ജൻമനായും അദ്ദേഹം ഒരു കമ്യൂണിസ്ററായിരുന്നിരിക്കണം. അല്ലെങ്കിലുണ്ടോ അദ്ദേഹത്തിന്റെ ശിഷ്യസന്തതികളിൽ ഭൂരിഭാഗവും കമ്യൂണിസ്ററുകളായി മാറുന്നു! ലോകത്തു ജീവിച്ചിരുന്നിട്ടുള്ള മനുഷ്യസ്നേഹികൾ എല്ലാവരും കമ്യൂണിസ്റ്റുകളായിരുന്നു . ശ്രീബുദ്ധൻ, ശ്രീയേശു, മുഹമ്മദുനബി, മഹാത്മാഗാന്ധി തുടങ്ങിയവരെല്ലാം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിൽ വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്തവരാണ്. പക്ഷേ, കാറൽമാർക്സിന്റെ ” ലക്ഷ്യം മാർഗത്തെ ന്യായീകരിക്കും; വർഗസമരവും വർഗവിദവുമാണു കമ്യൂണിസത്തിന്റെ ലക്ഷ്യം” എന്ന തത്ത്വസംഹിതയിൽ അവർ വിശ്വസിച്ചിരുന്നില്ല. ലക്ഷ്യപ്രാപ്തിക്ക് അക്രമമാർഗം നിഷിദ്ധോപാധിയായി കാറൽ മാർക്സ് അംഗീകരിക്കുന്നില്ല. അതിനോടും നാരായണഗുരു യോജിക്കുന്നില്ല. ഇവ കിഴിച്ചുകളഞ്ഞാൽ കാറൽ മാർക്സിന്റെ കമ്യൂണിസവും ശ്രീനാരായണഗുരുവിന്റെ കമ്യൂണിസവും ഒന്നുതന്നെയാണ്. ആ വഴിക്കാണു ഭ്രാന്താലയമായിരുന്ന കേരളത്തിലെ ഭ്രാന്തു പിടിക്കാത്ത ഈഴവൻ തുടങ്ങിയ ചണ്ഡാലവർഗത്തിന്റെ മോക്ഷമാർഗം സ്ഥിതിചെയ്യുന്നതെന്നു നാരായണഗുരു വിശ്വസിച്ചിരുന്നതുപോലെ തോന്നുന്നു. അദ്ദേഹം വിശ്വസിച്ചിരുന്നതുകൊണ്ടായാലും അല്ലെങ്കിലും അദ്ദേഹത്തിൻറ ശിഷ്യസന്തതികൾ പരിശ്രമിച്ചതുകൊണ്ടായാലും അല്ലെങ്കിലും ജാതിവ്യത്യാസം അംഗീകരിക്കാത്ത കമ്യൂണിസം ഇന്ന് ഈ രാജ്യത്ത് അധികാരവാഴ്ച്ച നടത്തുകയാണ്. പരശുരാമ സമൂദ്ധതമായ കേരളത്തിന്റെ ആദ്യാവകാശിയായ ജാതിയില്ലാത്ത ഒരു ബ്രാഹ്മണൻ ഇന്ന് ആ ഭരണത്തിന്റെ തലവനുമാണ്. എന്നിട്ടും ജാതികൃതങ്ങളായ അനർഥങ്ങളിൽ നിന്നു ചണ്ഡാലവർഗം നിർമുക്തമായോ?ജാതിയുടെ വിക്രിയകൾ:

ജാതി ഇന്നു ബ്രാഹ്മണൻറയും ക്ഷത്രിയൻറയും വൈശ്യന്റെയും ശൂദ്രൻറയും ചണ്ഡാലന്റെയും സങ്കേതങ്ങളിൽ നിന്ന് ഓടിയൊളിച്ച് ഒരു സങ്കരസങ്കേതത്തിൽ അഭയം തേടിയിരിക്കുകയാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപക്ഷേ ഇന്നു ജാതിരാക്ഷസനെ കണ്ടില്ലെന്നു വരാം. പാവപ്പെട്ട ഈഴവൻറയും പാവപ്പെട്ട നായരുടെയും ഇടയിലും അവന് ഇന്നു സ്ഥാനമില്ലാതായിട്ടുണ്ട്. എങ്കിലും ജാതിരാക്ഷസനെ തേടിപ്പിടിച്ചു സംഹരിച്ചേ അടങ്ങു എന്നു ശ്രീനാരായണ ഭക്തൻമാർക്ക് ആർക്കെങ്കിലും നിർബന്ധമുണ്ടെങ്കിൽ, അവർ അരിവാളും ചുററികയുമായി നേരെ സർക്കാരിന്റെ ഗർഭ ഗൃഹത്തിലേക്കു മാർച്ചു ചെയ്യുകയാണു വേണ്ടത്. സാധാരണ ജനങ്ങളുടെ ഇടയിൽ ഇനി രക്ഷയില്ലെന്നു കണ്ടതുകൊണ്ടായിരിക്കണം ഭരണവർഗജാതിയുടെ സങ്കേതമായ ഗർഭഗൃഹത്തിലേക്കു കടന്നു ചെന്നു ജാതിരാക്ഷസൻ അവിടെ കുടിയിരിപ്പ് ഉറപ്പിച്ചിരിക്കുന്നത്. അവിടെയിരുന്നുകൊണ്ട് ആ രാക്ഷസൻ തന്റെ കരാളദംഷ്ട്രങ്ങൾ കാണിച്ചു ജാതിക്കെതിരായി നിന്നു ന്യായവാദം നടത്തുന്നവരെ ഭയപ്പെടുത്തി, അകറ്റിനിറുത്തിക്കൊണ്ട് ഇന്നും ആ പഴയ തൊഴിൽ നിർബാധം തുടർന്നുപോവുകയാണ്. ജാതിരാക്ഷസൻ്റെ വിക്രിയകൾക്കു വിധേയമാവാത്ത ഒന്നും ഇന്നു ഗർഭഗൃഹത്തിൽ നടക്കാറില്ല .

ജാതിവൃദ്ധയുടെ മോഹിനിയാട്ടം:

ജാതിരാക്ഷസനും ഒരു കളിത്തോഴിയുണ്ട്. അവൾ ഇന്നു ചില സാമുദായിക സംഘടനകളുടെ അത്യുന്നതമായ നേതൃസ്ഥാനത്തെ ആവേശിച്ചു നൃത്തം വയ്ക്കുകയാണ്. പടുവൃദ്ധയെങ്കിലും, താടകാഭയങ്കരിയുടെ ലളിത വേഷവും മോഹിനിയാട്ടവും മോഹിക്കുവാൻ പാടില്ലാത്തവരെപ്പോലും മോഹിപ്പിച്ചു വ്രതഭംഗം വരുത്തുന്നുണ്ട്. അതും കമ്യൂണിസ്റ്റ് ഭരണകാലത്ത്! തീർച്ചയായും നിർഭാഗ്യകരമായ ഒരവസ്ഥ. ഇതിന്റെ ഫലമായിട്ടോ എന്തോ, നാട്ടിൽ വളരെക്കാലമായി നിലവിലിരിക്കുന്ന ഭരണക്രമം ഒന്നു പരിഷ്കരിക്കണമെന്നു മുഖ്യമന്ത്രിക്ക് (ഇ.എം.എസ് . നമ്പൂതിരിപ്പാട്) ഒരു ഭൂതോദയമുണ്ടായി. ആ ഭൂതോദയത്തിൻറെ ഫലമായി ഒരു കമിററി സംഘടിപ്പിച്ചു ഗവൺമെന്റിനെ ഉപദേശിക്കാൻ വ്യവസ്ഥ ചെയ്യണമെന്നും അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനമനുസരിച്ചു ഇ.എം.എസ്. നമ്പൂതിരിപ്പാട് അധ്യക്ഷനായും ജോസഫ് മുണ്ടശ്ശേരി, എൻ. ഇ.എസ് . രാഘവാചാരി, പ്രൊഫ . വി.കെ.എൻ. മേനോൻ, എച്ച്.ഡി . മാളവ്യ, പി.എസ്. നടരാജപിള്ള , ജി . പരമേശ്വരൻപിള്ള എന്നിവർ അംഗങ്ങളായും കെ.എസ് . മേനോൻ സെക്രട്ടറിയായും ഒരു കമ്മിറ്റിയേയും സംഘടിപ്പിച്ചു. ഇതിൽ മാളവ്യ ഫുൾടൈം മെമ്പറായിരിക്കുമെന്നും വ്യവസ്ഥ ചെയ്തു. കമ്മിറ്റിയുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ അതു ഞാൻ പലപ്രാവശ്യം മറിച്ചും തിരിച്ചും നോക്കി; ഒരു ഈഴവൻ അതിലുണ്ടോ എന്നു കണ്ടുപിടിക്കാൻ. മാളവ്യ ഈഴവനായിരിക്കുമെന്നു ഞാൻ സംശയിച്ചു; ഒടുവിൽ ആ സംശയവും തീർന്നു. ഒരുകോടി മുപ്പത്തിയാറു ലക്ഷം ജനങ്ങളുള്ള കേരളത്തിൽ മുപ്പത്തേഴു ലക്ഷത്തോളം വരുന്ന ഈഴവരിൽ നിന്നോ, ഇരുപത്തഞ്ചു ലക്ഷത്തോളം വരുന്ന മുസ്ലിംകളിൽ നിന്നോ ഇരുപതുലക്ഷത്തോളം വരുന്ന പട്ടികജാതിക്കാരിൽ നിന്നോ ഞാൻ ആരെയും അതിൽ കണ്ടില്ല. വർഗീയതയെ അങ്ങേയററം വെറുക്കുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സംഘടിപ്പിച്ച ഒരു കമ്മിറ്റിയിൽ സമുദായ പ്രാതിനിധ്യം പാലിച്ചിട്ടുണ്ടോ എന്നു പരിശോധന നടത്താൻ വെമ്പൽ കൊണ്ട് എന്റെ വർഗീയ ബുദ്ധിയെ ഞാൻ സ്വയം പഴിച്ചു. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് ഉപദേശിക്കുകയും ഒരു ജീവിതകാലം മുഴുവൻ ജാതിക്കെതിരായി പടവെട്ടുകയും ചെയ്ത ഒരു ത്യാഗിവര്യൻ ഗൃഹസ്ഥ ശിഷ്യൻമാരിൽ ഒരാൾ, ജാതിയെപ്പറ്റി ചിന്തിക്കുകയോ? അതൊരു ഗുരുനിന്ദയായി എനിക്കു തോന്നി!ഇ.എം.എസ് . ചെത്തുകാരന്റെ വീട്ടിൽ:

1940 – ൽ നമ്മുടെ മുഖ്യമന്ത്രി (ഇ.എം.എസ്. നമ്പൂതിരിപ്പാട്) ഒളിവിൽപ്പോയി. നാലുവഴിക്കും അന്വേഷണം നടത്തിയശേഷവും അദ്ദേഹത്തിന്റെ പൊടിപോലും കാണാനില്ലെന്നു കണ്ട് ഇ.എം.എസി നെ ബന്ധിക്കുവാൻ വിവരം നൽകുന്നവർക്ക് 1000 രൂപ പാരിതോഷികം നൽകുമെന്നു ബ്രിട്ടീഷ് സിംഹാസനം വിളംബരം ചെയ്തു. കണ്ണൂരിനു സമീപമുള്ള കുന്നുകളും കല്ലുകളും നിറഞ്ഞ ചെറുമാവിലായി എന്ന മനോഹരമായ ഗ്രാമപ്രദേശമാണു സഖാവ് ഇ.എം.എസി ന് ഒളിപ്പോരിനു പററിയ നികുംഭിലയായി സഖാവ് പി.കൃഷ്ണപിള്ള തെരഞ്ഞെടുത്തത്. അവിടെ മധ്യപ്രായം കഴിഞ്ഞിരുന്ന പോക്കൻ എന്നൊരു ചെത്തുകാരനും അദ്ദേഹത്തിന്റെ ഭാര്യയും താമസിച്ചിരുന്ന ഓടു മേഞ്ഞതെങ്കിലും മൂന്നു മുറികൾ മാത്രമുള്ള ഒരു ചെറിയ ഭവനമുണ്ടായിരുന്നു. അതിൽ 7 അടിനീളം, 5 അടി വീതി, 6 അടി പൊക്കമുള്ള ഒരു മുറിയിലാണ് എല്ലാ മനുഷ്യാവശ്യങ്ങളും നിർവഹിച്ചുകൊണ്ടു നമ്മുടെ മുഖ്യമന്ത്രി രണ്ടുകൊല്ലം താമസിച്ചു കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനശില പാകിയത്. പോക്കൻ സമ്പാദിച്ച ചോറും മീനും ശ്രീമതി പോക്കൻ വിളമ്പിക്കൊടുത്ത്, കാക്കയും കിളിയും കൊത്തിക്കൊണ്ടുപോകാതെ നമ്മുടെ മുഖ്യമന്ത്രിയെ രണ്ടുകൊല്ലം ഭ്രദമായി കാത്തുസൂക്ഷിച്ചു സംരക്ഷിച്ചു. ചെത്തുകാരന്റെ വംശപരമ്പരയിൽപ്പെട്ട പോക്കനും പോക്കിയും കാത്തുസൂക്ഷിച്ചതുകൊണ്ടായിരിക്കാം ബ്രിട്ടീഷ് സിംഹാസനം വാഗ്ദാനം ചെയ്ത ആ ആയിരം രൂപ പാരിതോഷികം ഇന്നും ചെലവാകാതെ സർക്കാർ ഭണ്ഡാരത്തിൽത്തന്നെ കിടക്കുന്നത്. അങ്ങനെയുള്ള ഈ ഇ.എം.എസ്. മണ്ടയിലിരിക്കുന്ന കമിററി, അതിൽ ഈഴവനില്ലാത്ത തക്കം നോക്കി നീതികേടു കാണിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചതുമില്ല. കഴിഞ്ഞ ദിവസമാണ് ആ കമ്മിററിയുടെ റിപ്പോർട്ട് എന്റെ കൈയിൽ കിട്ടിയത്. അതിന്റെ പുറങ്ങൾ മറിച്ചു നോക്കുന്നതിനിടയിൽ ഒരു ഭാഗം എന്റെ ശ്രദ്ധയിൽപ്പെട്ടു.കാര്യക്ഷമതയെന്ന ആദ്യത്തെ ആപ്പ്:

ആപ്പിന്റെ ഉഗ്രമായ അഗ്രം തന്നെ അതിസമർഥമായി ജാതിക്കെതിരായി പടവെട്ടുകയും കമ്യൂണിസത്തിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്ത ശ്രീനാരായണ ശിഷ്യൻമാരുടെ അണ്ണാക്കിൽ അടിച്ചു കയറിയിരിക്കുന്ന അതിവിചിത്രമായ ഒരു ചിത്രമാണു ഞാൻ അവിടെ കണ്ടത്. നാരായണ ഗുരുവിന്റെ കൊടിക്കീഴിൽ അണിനിരന്നു നിന്നുകൊണ്ട് അരശതാബ്ദക്കാലത്തെ അതികഠിനമായ ത്യാഗത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി പിടിച്ചു പറ്റിയ ‘അവകാശങ്ങൾ’ ഈഴവൻ്റെ ഭരണമെന്നു ചില സവർണ പത്രങ്ങൾ കൂടെക്കൂടെ മുള്ളുവാക്കു പറയാറുള്ള കമ്യൂണിസ്റ്റ് ഭരണത്തിൽ തിരിച്ചെടുക്കാനുള്ള പ്രവണതയുടെ വെപ്രാളമാണു ഞാൻ അവിടെ കാണുന്നത്. ആ റിപോർട്ടിന്റെ 97 – ഉം , 98 – ഉം പുറങ്ങളിൽ അടങ്ങിയിരിക്കുന്ന അതിവിചിതങ്ങളായ വാദഗതികൾ ഈഴവ – ക്രൈസ്തവ – മുസ്ലിം സമുദായങ്ങളെ ചരിത്രപ്രസിദ്ധമായ നിവർത്തന പ്രസ്ഥാനത്തിലേക്കു നയിക്കുവാൻ പ്രേരിപ്പിച്ചത് ആ വാദഗതികൾ തന്നെയാണ്. പിന്നോക്ക സമുദായങ്ങൾക്കു സർക്കാർ സർവീസിൽ പ്രാതിനിധ്യം സംവരണം ചെയ്തിരിക്കുന്നതുകൊണ്ട് സർക്കാർ സർവീസിന്റെ കാര്യക്ഷമത നശിക്കുന്നു എന്ന വാദം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കമ്മിറ്റിയും ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഏതടിസ്ഥാനത്തിലാണ് ഈ നിഗമനത്തിൽ കമ്മിറ്റി എത്തിയതെന്ന് എനിക്കു നിശ്ചയമില്ല. ഒരു ഉദ്യോഗത്തിന് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യത എന്താണെന്നു തിട്ടപ്പെടുത്തിയതിനു ശേഷം സംവരണ സമുദായങ്ങളിൽ നിന്നു നിശ്ചിത യോഗ്യത സമ്പാദിച്ചവരിൽ ഏററവും സമർഥൻമാരെയാണു തിരഞ്ഞെടുത്തുവരുന്നത്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ ജാതിയുടെ പേരിൽ മാർക്കു സമ്പാദിച്ചും ശുപാർശയുടെ പേരിൽ ക്ലാസ് നേടിയും കൃതിമ യോഗ്യത സമ്പാദിക്കുന്ന ഉദ്യോഗാർഥികളെക്കാൾ പ്രായോഗികരംഗത്ത് അതി സമർഥൻമാരെന്നു തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. മറിച്ചൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുവാൻ ഞാൻ റിഫോംസ് കമ്മിറ്റിയെ വെല്ലുവിളിക്കുന്നു.

ക്രീമിലെയറിന്റെ വരവ്:

സംവരണ വ്യവസ്ഥ നിലനിറുത്തുന്നതു മന:ശാസ്ത്രപരമായി, ജാതിചിന്തയെ നിലനിറുത്തുവാൻ സഹായിക്കുകയേയുള്ളൂ എന്ന വിചിത്രമായ വാദഗതിയും റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു . ദൈവത്തിനു കൊടുക്കാനുള്ളതു ദൈവത്തിനും ചെകുത്താനു കൊടുക്കാനുള്ളതു ചെകുത്താനും കൊടുത്തുകഴിഞ്ഞാൽ ഈ രാജ്യത്തു ജാതിചിന്തയേ ഉണ്ടാവുകയില്ല. നമ്മുടെ രാഷ്ട്രീയരംഗത്ത് എത്രയോ പ്രാവശ്യം ചർച്ചാ വിഷയമായി ” കാട്, കാട് ” എന്നു ആക്ഷേപിച്ചു തള്ളപ്പെട്ട നശിച്ച പൗരാണിക ചിന്താഗതിയുടെ ഒരു അവശിഷ്ടത്തെ പുതുമയുള്ള ആശയഗതിയായി പൊക്കിപ്പിടിച്ചു വീണ്ടും അവതരിപ്പിക്കുവാൻ നാണം തോന്നാതെ പോയല്ലോ റിഫോംസ് കമ്മിറ്റിക്ക് എന്നു ഞാൻ അദ്ഭുതപ്പെടുന്നു. മറെറാരു വിചിത്രവാദം കമ്മിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് താഴെക്കിടയിലുള്ള ഉദ്യോഗങ്ങൾ, പിന്നോക്ക സമുദായങ്ങൾക്കും, സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ പാടുള്ളൂ എന്നതാണ്. എന്നാൽ മുന്നോക്ക സമുദായങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലതാനും. സാമ്പത്തികശേഷി ഉദ്യോഗലബ്ധിക്കു മാനദണ്ഡമാക്കുകയാണെങ്കിൽ, അതിൽപ്പിന്നെ പിന്നോക്കമെന്നും മുന്നോക്കമെന്നും ജാതിയുടെ പരിഗണന ആവശ്യമുണ്ടോ? സംവരണവ്യവസ്ഥയുടെ പ്രയോഗം കൊണ്ട് ഉദ്യോഗമണ്ഡലത്തിലേക്ക് അൽപ്പാൽപ്പമായി പിടിച്ചു കയറിയ ഈഴവനെയും മുസ്ലീമിനെയും മററു പിന്നോക്ക സമുദായക്കാരെയും അവിടെനിന്നും ഇറക്കിവിട്ട് സർക്കാർ ഉദ്യോഗമാകുന്ന അപ്പവും മീനും പണ്ടേപ്പോലെ തങ്ങൾക്കു മാത്രമായി അനുഭവിക്കാൻ വ്യവസ്ഥ ചെയ്യുന്ന കൗശലപൂർവമായ ഒരു കെണിയാണ് ഈ നിർദ്ദേശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ബുദ്ധി, അവരുടെ പാർട്ടി പരിഗണനയും പാർട്ടിഭക്തിയും അടിയുറച്ചതായിരുന്നാലും ഈഴവർക്കു ശേഷിച്ചിട്ടുണ്ടെന്നു വേണ്ടപ്പെട്ടവർ മനസ്സിലാക്കുന്നതു നന്നായിരിക്കും. മറ്റൊരു നിർദ്ദേശം, റിഫോംസ് കമ്മിററി നൽകിയിരിക്കുന്നത് മേലേക്കിടയിലുള്ള നേരിട്ടുള്ള നിയമനങ്ങളിൽ നിലവിലിരിക്കുന്ന പ്രാതിനിധ്യവ്യവസ്ഥ മേലാൽ പാലിക്കേണ്ടതില്ലെന്നുള്ളതാണ്. കാര്യക്ഷമതാവാദമാണ് അതിനുവേണ്ടി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. ദേശീയത്തിൻ മറപിടിച്ചു നിന്നുകൊണ്ടുള്ള ഈ കാര്യക്ഷമതാവാദം, മഹാരാജാവിന്റെ ചെവിയും തങ്ങളുടെ വായും സമീപവർത്തികളായിരുന്ന കാലത്ത് പാവപ്പെട്ടവനെ പുറംപന്തിയിൽ നിറുത്തിക്കൊണ്ടു സകലവും സ്വായത്തമാക്കിവച്ചനുഭവിച്ച പഴയ പാരമ്പര്യത്തിൽ ദഹിക്കാതെ കിടന്നുപോയ സാധനങ്ങൾ ദഹിപ്പിക്കാനുള്ള അയവിറക്കലാണ്.താഴ്ന്ന ജാതിക്കാരെ വെട്ടിലാക്കിയ ആദ്യത്തെ റിപ്പോർട്ട്:

ആത്യന്തികമായ അപഗ്രഥനത്തിൽ, ഈ നശിച്ച പ്രവണതകളെ നാമാവശേഷമാക്കാതെ കേരളത്തിനു രക്ഷയില്ലെന്ന് ഈ രാജ്യത്തിന്റെ നേരവകാശികളായ പുറംതള്ളപ്പെട്ടു കിടക്കുന്ന ജനസമുദായങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. റിഫോംസ് കമ്മിറ്റി റിപ്പോർട്ടിൽ വിചിത്രമായ ഈ അഭിപ്രായ ഗതികൾക്ക് ഉത്സാഹപൂർവമായ സ്വീകരണമാണു ലഭിച്ചിരിക്കുന്നത്. ഒരു എതിർശബ്ദം പോലും അതിലില്ല. ഒരു മലയാള ബ്രാഹ്മണനും ഒരു തമിഴ് ബ്രാഹ്മണനും ഒരു മഹാരാഷ്ട്രനും ഒരു സിറിയൻ ക്രിസ്ത്യാനിയും ഒരു വെള്ളാളനും മൂന്നു നായൻമാരും കൂടി ചരതിച്ചിറക്കിയ റിപ്പോർട്ടിൽ മറിച്ചഭിപ്രായം പറഞ്ഞിരുന്നുവെങ്കിൽ മാത്രമേ അത്ഭുതത്തിനവകാശമുണ്ടായിരുന്നുള്ളൂ . ഈ റിപ്പോർട്ട് കണ്ടപ്പോഴാണ് ഈഴവന്റെയും മുസ്ലിമിന്റെയും മറ്റു പിന്നോക്ക വർഗ്ഗക്കാരുടെയും കാര്യം അവർ സ്വയം അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അവരോട് എത കടപ്പാടുള്ളവരായിരുന്നാലും മററുള്ളവർ അന്വേഷിച്ചാൽ അതു പന്തിയാവുകയില്ലെന്നും എനിക്കു ബോധ്യമായത്. റിഫോംസ് കമ്മിറ്റിയിൽ അംഗമായിരിക്കാൻ യോഗ്യതയുള്ളവരില്ലാതിരുന്നതു കൊണ്ടല്ല, ആ സമുദായങ്ങളിൽ നിന്ന് ആരെയും അതിൽ ഉൾപ്പെടുത്താതിരുന്നത്. അവരുടെ കൂട്ടത്തിലും അംഗത്വത്തിനു യോഗ്യതയുള്ള എക്സ് മുഖ്യമന്ത്രിയും റിട്ടേർഡ് ഉദ്യോഗസ്ഥൻമാരും ധാരാളമുണ്ട്. അവരിൽ ഒരാളെയെങ്കിലും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നു മഹാനായ മുഖ്യമന്ത്രിക്കു (ഇ.എം.എസ്നമ്പൂതിരിപ്പാട്) തോന്നിയില്ല. റിഫോംസ് കമ്മിററിയിൽ ഒരു ഈഴവനോ ഒരു മുസ്ലീമോ ഒരു അധകൃതനോ ഉണ്ടായിരുന്നുവെങ്കിൽ, ഈ രാജ്യത്ത് അധിവസിക്കുന്ന എഴുപതുശതമാനം വരുന്ന വമ്പിച്ച് ജനസമുദായത്തിന്റെ ഭാവിയെ ഗൗരവതരമായി ബാധിക്കുന്ന ഈ പ്രശ്നത്തെപ്പററി ഇത്ര ലാഘവബുദ്ധിയോടുകൂടി കമിററി അഭിപ്രായ പ്രകടനം നടത്തുമായിരുന്നില്ല. മഹാരാജാവു ഭരിച്ചാലും, കോൺ ഗ്രസ് ഭരിച്ചാലും, എന്തിനു കമ്യൂണിസ്റ്റ് ഭരിച്ചാലും ശ്രീനാരായണന്റെ സംരക്ഷണയിലും പ്രചോദനത്തിലും ഉയർന്നുവരുന്ന ഈഴവരേയും ഈഴവരെപ്പോലെ ചവിട്ടിത്താഴ്ത്തപ്പെട്ട മറ്റു സമുദായങ്ങളെയും ഉന്നതമായ അധികാര പീഠത്തിലിരുന്നുകൊണ്ട് പിന്നെയും തലയിൽ ചവിട്ടിത്താഴ്ത്തുന്ന ഒരു പ്രവണതയാണ് അധികാരി വർഗം എന്നും പ്രദർശിപ്പിച്ചു പോന്നിട്ടുള്ളത്.

കാര്യക്ഷമതാ വാദത്തിലെ തട്ടിപ്പ്:

സമുദായ പ്രാതിനിധ്യവാദത്തെ എതിർക്കാൻ കാര്യക്ഷമതാ വാദം ഉയർത്തിപ്പിടിക്കുന്ന മുഖ്യമന്ത്രി തന്നെയാണു പ്രാദേശിക പ്രാതിനിധ്യത്തിനും സമുദായ പ്രാതിനിധ്യത്തിനും അങ്ങേയററത്ത പരിഗണന നൽകിക്കൊണ്ടു കാര്യക്ഷമമായി രാജ്യം ഭരിക്കേണ്ട ഇന്നത്തെ മന്ത്രിസഭയെ തട്ടിക്കൂട്ടിയത്. ആ മന്ത്രിസഭയുടെ കാര്യക്ഷമതയെപ്പററി അദ്ദേഹത്തിന് അങ്ങേയററത്തെ അഭിമാനമുണ്ടു താനും. എങ്കിലും പ്രാതിനിധ്യവ്യവസ്ഥ ഉദ്യോഗമണ്ഡലത്തിലെ കാര്യക്ഷമതയ്ക്ക് ഹാനികരമായിരിക്കുമെന്ന നിർദേശം അടങ്ങിയ റിഫോംസ് കമിററി റിപോർട്ടിൽ ആദ്യം ഒപ്പുവച്ചത് അദ്ദേഹം തന്നെയാണ്. ആ റിപോർട്ടും പൊക്കിപ്പിടിച്ചു ക്യാബിനററിൻറ അംഗീകാരത്തിനായി ചെല്ലുന്ന മുഖ്യമന്ത്രിക്ക് എന്തു സ്വീകരണ മായിരിക്കും സംവരണ സമുദായങ്ങളിലെ മന്ത്രിസഭാംഗങ്ങളായ ചാത്തനും മജീദും ഗോപാലനും ഗൗരിയും നൽകുന്നതെന്നു മുഖ്യ മന്ത്രി ആലോചിച്ചു കാണുകയില്ല. ഈ നാലു പേരും അങ്ങേയററത്തെ പാർട്ടി ഭക്തിയുള്ളവരാണെങ്കിലും, പാർട്ടി അച്ചടക്കത്തിൽ അവരെ അതിശയിക്കുന്നവരാരുമില്ലെങ്കിലും, അവർക്കും ആത്മാഭി മാനബോധമുണ്ടെന്നു മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു. ആരെപ്പററിക്കാനാണ് ഏകാന്തദീപ്തമായ ഈ കാലത്തും ഈ കാര്യ ക്ഷമതാവാദം പൊക്കിപ്പിടിക്കുന്നത്.

ഉറങ്ങുന്ന സിംഹശക്തി:

കേരളത്തിൽ ഡെമോക്രസിയാണു നിലവിലിരിക്കുന്ന ഭരണ സമ്പദായക്രമം. ഡെമോക്രസി എന്നു പറഞ്ഞാൽ ജനങ്ങളുടെ ഭരണമെന്നാണർഥം. ആരാണു കേരളത്തിലെ ജനങ്ങൾ? ഡെമോക്രസി എന്നു പറഞ്ഞാൽ ഭൂരിപക്ഷമെന്നും അർഥമുണ്ട്. ആരാണു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ അവരുടെ ഭരണമല്ലേ ഡെമോക്രസിയിൽ നടക്കേണ്ടത്. അതാണാ ഇവിടെ നടക്കുന്നത്? ജനപ്രഭുത്വഭരണമാകുമോ? ആ വഴിക്കു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ ആലോചിച്ചു തുടങ്ങിയാലോ? അവർക്കങ്ങനെ ആലോചിക്കാൻ പാടില്ലെന്നുണ്ടോ? ആലോചിക്കുന്നെങ്കിൽ എന്തായിരിക്കും. ഈ കാര്യക്ഷമതാ വാദക്കാരുടെ അവസ്ഥ! ഇതൊക്കെ ആലോചിച്ചു കൊണ്ടു തന്നെയാണോ ഇവിടെ ചില നെട്ടോട്ടങ്ങളും കുറിയോട്ടങ്ങളും ചിലർ നടത്തുന്നത്; ചില ഭീഷണികളും ചില സമ്മർദങ്ങളും ചിലർ പ്രയോഗിക്കുന്നത്. ഏഷ്യയിൽ ഒരു ‘ മഹാരാക്ഷസൻ ഉറങ്ങിക്കിടക്കുന്നുണ്ട്; അവനെ ഉണർത്തരുത്. അവൻ ഉണർന്നാൽ ലോകത്തിന്റെ ഗതി തന്നെ മാറിപ്പോകുമെന്നു നെപ്പോളിയൻ പണ്ടു പറഞ്ഞിട്ടുണ്ട്. ആ രാക്ഷസൻ ഉണർന്നു. ലോകത്തിൻറ ഗതിക്കു മാററവും സംഭവിച്ചു. കേരളത്തിലും ഒരു രാക്ഷസൻ ഉറങ്ങിക്കിടക്കുന്നുണ്ട്; ചവിട്ടിത്താഴ്ത്തപ്പെട്ടു ലക്ഷോപലക്ഷം ചണ്ഡാലവർഗം! കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾ. അവർ ഉറങ്ങിക്കൊള്ളട്ടെ, അവരെ ഉണർത്തരുത്; ഭാരതത്തിന്റെ ഗതി തന്നെ മാറിപ്പോകും. ഞാൻ പറയുന്നതിൻറെ പൊരുൾ മനസ്സിലാക്കേണ്ടവർ മനസ്സിലാക്കു മെന്നു ഞാൻ വിശ്വസിക്കുന്നു.ഭരണ മണ്ഡലത്തിൽ വർഗീയ മേധാവിത്വം:

അടുത്തകാലത്ത്, ‘ ടൈംസ് ഒഫ് ഇൻഡ്യ ‘ എന്ന ഏററവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രത്തിൽ കേരളത്തെപ്പററിയുള്ള ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തിക്കണ്ടു. കേരളത്തിലെ ഏറ്റവും ജനബാഹുല്യമുള്ള ഈഴവ സമുദായം കമ്യൂണിസ്റുകളാണെന്നും അവരാണു കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണത്തിന് ഓജസ്സും ശക്തിയും നൽകുന്നതെന്നും കേരളത്തിൽ നിന്നും ” കമ്യൂണിസ്റ് ചെകുത്താനെ” നിർമാർജനം ചെയ്യണമെങ്കിൽ അവിടത്തെ നായൻമാരും മററുമുന്നോക്ക സമുദായങ്ങളും ഈഴവർക്കെതിരായി ഒന്നിക്കുകയാണു വേണ്ടതെന്നും ആ ലേഖനപരമ്പരയിൽ നിർദേശിച്ചുകണ്ടു. റിഫോംസ് കമിററി ആ നിർദേശത്തെ ഫലപ്രാപ്തിയിൽ എത്തിക്കാൻ മനഃപൂർവം യത്നിക്കുകയായിരുന്നോ എന്നു സംശയം ജനിച്ചുപോകുന്നു. പതിതകാരുണികനായ ഇ.എം.എസ്. അതിനു കൂട്ടുനിൽക്കണമെന്നുണ്ടോ? ജാതിക്കും സമുദായത്തിനും ഉപരിയായി നിന്നുകൊണ്ട് എല്ലാ സമുദായങ്ങളോടും നീതികാണിക്കുവാൻ പ്രതിജ്ഞാബദ്ധമായ കമ്മ്യൂണിസ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിലും ഭരണമണ്ഡലത്തിൽ വർഗീയ മേധാവിത്വമേ നടക്കുകയുള്ളൂ വെന്നും അതും ഒരു പ്രത്യേക വിഭാഗത്തിന്റെ മേധാവിത്വം മാത്രമേ നടക്കുകയുള്ളൂവെന്നും വരുന്നത് അങ്ങേയററത്തെ പാർട്ടിഭക്തിയും അഭിമാനബോധവുമുള്ള ശ്രീനാരായണ ഭക്തരായ കമ്മ്യൂണിസ്റു കൾക്കുപോലും സഹിക്കാവുന്ന കാര്യമല്ല.

ജാതിയെ പുച്ഛിക്കുകയും ഒപ്പം തലോടുകയും ചെയ്യുന്ന ജാലവിദ്യ:

മാനവസമുദായത്തെ ജാതികളായി തരം തിരിച്ചു നിലനിറുത്തുന്നിടത്തോളം കാലം ഈ ജാതി ചിന്തയ്ക്കും വർഗമേധാവിത്വത്തിനും നമ്മുടെ സാമൂഹികജീവിതത്തിൽ അതിന്റേതായ ഒരു സ്ഥാനമുണ്ടായിരിക്കും. മിശ്രവിവാഹങ്ങൾ നമ്മുടെ ഇടയിൽ നടക്കാറുണ്ട്. ഭർത്താവ് നായരും ഭാര്യ ഈഴത്തിയും ആണെന്നിരിക്കട്ടെ. ശേഷിച്ച കാലം മുഴുവൻ അവർ നായരും ഈഴത്തിയുമായിരുന്നുകൊണ്ടു തന്നെയാണു കഥാവശേഷരാകുന്നത്. സ്വന്തം സമുദായത്തിൻറ താൽപര്യം വരുമ്പോൾ ഭർത്താവായാലും ഭാര്യയായാലും അവരവരുടെ സമുദായങ്ങളുടെ താൽപര്യത്തിനുവേണ്ടി അവർ പടച്ചട്ട അണിയുന്നു. ഇങ്ഗ്ലീഷുകാരും ജർമൻകാരും തമ്മിൽ പ്രണയവിവാഹം നടക്കാറുണ്ട്. പക്ഷേ, ഓരോ രാഷ്ട്രത്തിൻറെയും താൽപര്യം സംരക്ഷിക്കേണ്ട ആവശ്യം വരുമ്പോൾ ഭാര്യയും ഭർത്താവും പരസ്പരം യുദ്ധത്തിനുപോലും തയ്യാറാവുന്നു. ലോകമഹായുദ്ധ കാലത്തു നാം കണ്ട കാഴ്ച്ചയാണത്. വർഗതാൽപര്യസംരക്ഷണമാണ് അവരെ ഭിന്നിപ്പിക്കുന്നതും ശത്രുക്കളാക്കുന്നതും. അതുതന്നെയാണു കമ്യൂണിസ്റ്റ് കേരളത്തിലും നാം കാണുന്നത്. സ്വവർഗത്തിൻറയും സ്വസമുദായത്തിന്റെയും താൽപര്യം സംരക്ഷിക്കേണ്ട സന്ദർഭം വരുമ്പോൾ ഓരോരുത്തരുടെയും ഉള്ളിൽ ചുരുട്ടിയിട്ടിരിക്കുന്ന ജാതി, പത്തി വിടർത്തുന്നു. മന്ത്രിമാരെന്നോ, പാർട്ടി സഖാ ക്കളെന്നോ ഉള്ള ചിന്തയേ അവർക്ക് അപ്പോൾ ഉണ്ടാകാറില്ല. അവിടെയും പൊതുവെ പറഞ്ഞാൽ ഭേദപ്പെട്ടവർ ഈഴവരാണ്. അവർക്കു ജാതിയേക്കാൾ വലുതു പാർട്ടിയാണ്. അതു നല്ലതുതന്നെ. പക്ഷേ, സ്വന്തം സമുദായത്തിൽപ്പെട്ട ചിലരുടെ ദുരഭിമാനം സംരക്ഷിക്കുന്നതിനുപോലും ഒരു മനഃസാക്ഷിക്കുത്തും കൂടാതെ അന്യസമുദായ ത്തിലെ എത്ര സമുന്നതനായ വ്യക്തിയുടെ നേരെയും കഠിനത കാണിക്കുന്നതിനു ചില സമുദായത്തിൽപ്പെട്ട മന്ത്രിമാർക്കോ നേതാവിനോ യാതൊരു സങ്കോചവുമില്ല. അതാണു ജാതി. ഈ ജാതിയെ ഹോമിച്ചടക്കാതെ ജനകീയം വന്നാലും കോൺഗ്രസ് വന്നാലും കമ്യൂണിസ്ററ് വന്നാലും കേരളത്തിനു രക്ഷയില്ല. അതുകൊണ്ട് ജാതി നിലനിൽക്കുന്നിടത്തോളം കാലം ജാതിയെ ജാതിയായി അംഗീകരിച്ചുകൊണ്ട് ജാതിക്കു കൊടുക്കാനുള്ളതു ജാതിക്കു കൊടുക്കുകയായിരിക്കും രാജ്യത്തു ശാന്തിയും സമാധാനവും നിലനിറുത്തിക്കൊണ്ടു പുരോഗമിക്കുവാനുള്ള മാർഗം. ജാതിയെ പുഛിക്കുകയും അതേസമയം ജാതിയെ തലോടുകയും ചെയ്യുന്ന ഈ ജാലവിദ്യ, അതു കൊണ്ടുനടക്കുന്നവർ എത്ര അഭ്യാസികളായിരുന്നാലും അവസാനിപ്പിക്കുന്നതു നന്നായിരിക്കും.

ഗവൺമെൻറിനു മുന്നറിയിപ്പ്:

സർക്കാർ സർവീസിലെ ഈ സംവരണ വ്യവസ്ഥ ശാശ്വതമാണെന്നോ അതിന്റെ തണലിൽ നിത്യം വിശ്രമസുഖമനുഭവിക്കാമെന്നോ പിന്നോക്ക സമുദായങ്ങൾ മോഹിക്കുന്നില്ല. നൂററാണ്ടുകളായി മാനുഷിക മൂല്യങ്ങൾ നിഷേധിക്കപ്പെട്ട് മൃഗപ്രായൻമാരായി ജീവിക്കേണ്ടിവന്ന ഒരു ജനസമൂദായം, ഭാഗ്യവാൻമാരായ മററു ജനസമുദായങ്ങളോടൊപ്പമോ അവർക്കു സമീപമെങ്കിലുമോ എത്തുന്നതുവരെ സംരക്ഷിക്കപ്പെടേണ്ട ചുമതല ഗവൺമെന്റുകൾക്കുള്ളതാണ്. ഈഴവരെ സംബന്ധിച്ചിടത്തോളം ജനകീയം വന്നതിനു ശേഷവും പത്തുകൊല്ലക്കാലത്തേക്കെങ്കിലും ആ സംരക്ഷണം ആവശ്യമാണെന്നു കണ്ടതുകൊണ്ടാണു സവർണമേധാവിത്വത്തിനു വിധേയമായിരുന്ന കോൺഗ്രസ് ഗവൺമെന്റുപോലും അതിനുത്തരവു പാസ്സാക്കിയത്. ആറുകൊല്ലം കഴിയുന്നതിനുമുൻപേ ആ ഉത്തരവ് റദുചെയ്യാനുള്ള കരുനീക്കങ്ങൾ ഈഴവൻറതെന്നു സവർണർ പറയുന്ന കമ്മ്യൂണിസ്ത് ഗവൺമെൻറ് ആരംഭിച്ചു കാണുന്നതു വ്യസനകരമായിരിക്കുന്നു. മറേറതെങ്കിലും സമുദായത്തിന്റെ അവകാശാധികാരങ്ങളിൽ കൈവയ്ക്കണമെന്ന് ഈഴവർക്ക് ആഗ്രഹമില്ല. നീതിയുടെയും ധർമത്തിന്റെയും പേരിൽ തങ്ങൾക്ക് അവകാശപ്പെട്ടതു നിഷേധിക്കരുതെന്നു മാത്രമേ അവർക്ക് അപേക്ഷയുള്ളൂ. മിതഭാവേന നിന്നുകൊണ്ട് ഈഴവൻ ഉൽഗതിയിലും അഭിവൃദ്ധിയിലും കുനുഷ്ടും കുശുമ്പും കുന്നായ്മയും മൂലം അസഹിഷ്ണുത പ്രദർശിപ്പിക്കുന്ന ചില വലിയ സമുദായ നേതാക്കൻമാരുണ്ട്. ദേശീയത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് വർഗീയ കാളകൂടം വമിക്കുന്ന സർപ്പസന്തതികളും ഈ രാജ്യത്തുണ്ട്. അനുനയം കൊണ്ടും സമ്മർദം കൊണ്ടും ഗവൺമെന്റുകളെ വശീകരിക്കാൻ അവർ ശ്രമിക്കാതിരിക്കുന്നില്ല. ആ ശ്രമം ചിലപ്പോഴൊക്കെ ഫലിക്കാറുമുണ്ട്; എന്തിനു കമ്മ്യൂണിസ്റ് ഭരണത്തിലും. ഈ സംവരണവ്യവസ്ഥയുടെ കാര്യത്തിലെങ്കിലും അതു സംഭവിക്കരുതെന്ന് അനീതിക്കും അധർമത്തിനും എതിരായി പടപൊരുതുകയും പതിതവർഗത്തിൻറ ത്രാണനത്തിനുവേണ്ടി ആയുഷ്കാലം ബലികഴിക്കുകയും ചെയ്ത ശ്രീനാരായണൻ്റെ ഈ സമാധിദിനത്തിൽ ഞാൻ കമ്യൂണിസ്റ് ഗവൺമെന്റിനു മുന്നറിയിപ്പു നൽകുന്നു .