Thu. Mar 28th, 2024

പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍(81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെയായിരുന്നു അന്ത്യം. കോഴിക്കോട് തിരുവണ്ണൂരിലെ സാനഡുവിലായിരുന്നു താമസം.സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രതിഭകളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ പകര്‍ത്തിയ ക്യാമറയാണ് രാജന്റെ മരണത്തോടെ മിഴികടളടച്ചത്. മാതൃഭൂമിക്കുവേണ്ടി അദ്ദേഹം എടുത്ത ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ബഷീര്‍: ഛായയും ഓര്‍മ്മയും, എംടിയുടെ കാലം എന്നിവയാണ് അദേഹത്തിന്റെ പുസ്തകങ്ങള്‍. ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍’ എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു.

കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ലാണ് രാജന്‍ ജനിച്ചത്. മാവേലിക്കര രവിവര്‍്മമ സ്‌കൂളില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി. 1963 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി. 1994 ലാണ് ഇവിടെ നിന്ന് വിരമിക്കുന്നത്.

സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. കെ.പി.എ.സി. യുടെ നേതൃത്വത്തിലാണ് സിനിമയുണ്ടാക്കാൻ ശ്രമം നടന്നത്. പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അപ്പോഴേക്കും സിനിമാമോഹം ഉപേക്ഷിച്ചിരുന്നു.

ഭാര്യ: തങ്കമണി(റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. അച്യുതന്‍ ഗേള്‍ഡ് എച്ച്.എസ്.എസ് ചാലപ്പുറം), മകന്‍ ഡോ. ഫിറോസ് രാജന്‍(കാന്‍സര്‍ സര്‍ജന്‍, കൊവൈ മെഡിക്കല്‍ സെന്റര്‍, കോയമ്പത്തൂര്‍) മകള്‍ ഡോ. പോപ്പി രാജന്‍(ക്വലാലംപുര്‍ മെഡിക്കല്‍ കോളേജ്).