Tue. Apr 23rd, 2024

രാജ്യത്ത് ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴയീടാക്കാനുള്ള നിര്‍ദ്ദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കി. ഡല്‍ഹിയിലെ ശബ്ദ മലിനീകരണ വിഷയത്തില്‍ ജൂണ്‍ 12ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഉച്ചഭാഷിണികളുടെയും പൊതു അറിയിപ്പ് സംവിധാനങ്ങളുടെയും ദുരുപയോഗം, 1000 കിലോവോള്‍ട്ട് ആംപിയര്‍ മുതലുള്ള ഡീസല്‍ ജനറേറ്ററുകളില്‍ നിന്നുള്ള ശബ്ദ മലിനീകരണം തുടങ്ങിയവയ്ക്കാണ് ഒരുലക്ഷം രൂപ പിഴയീടാക്കുക. ഇത്തരം സംഭവങ്ങളില്‍ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ നിര്‍മാണ മേഖലയിലും ശബ്ദം പുറത്തുവരുന്നതിന് നിയന്ത്രണങ്ങളുണ്ട്.

നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ ശബ്ദമാണ് പുറത്ത് അനുഭവപ്പെടുന്നതെങ്കില്‍ 50,000 രൂപ പിഴയാടാക്കുകയും അമിത ശബ്ദത്തിന് കാരണമായ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. ജനവാസ കേന്ദ്രങ്ങളില്‍ പകല്‍ 55 ഡെസിബെല്‍ വരെ ശബ്ദമാകാം.

രാത്രി അത് 45 ഡെസിബലായിരിക്കണം. വ്യവസായ മേഖലകളില്‍ പകല്‍ സമയത്ത് 75 ഡെസിബലും രാത്രി 70 ഡെസിബലും ശബ്ദമാകാം. ആശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ ശബ്ദ നിയന്ത്രിത മേഖലകളില്‍ പകല്‍ 50 ഡെസിബലും രാത്രി 40 ഡെസിബലും വരെ ശബ്ദമാകാം.

മാത്രമല്ല അനുവദിക്കപ്പെട്ടതിനേക്കാള്‍ ശബ്ദമുണ്ടാക്കുന്ന വെടിക്കെട്ട് നടത്തുന്നതിനും വലിയ പിഴ ഈടാക്കും.ഡല്‍ഹിയിലെ ശബ്ദ മലിനീകരണ വിഷയത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നതെങ്കിലും ഇവ ഇന്ത്യ മുഴുവന്‍ നടപ്പിലാക്കുമെന്ന് കരുതുന്നുവെന്ന് ഹരിത ട്രിബ്യൂണല്‍ പറഞ്ഞു. അനുവദിക്കപ്പെട്ടതിനേക്കാള്‍ ശബ്ദമുണ്ടാക്കുന്ന വെടിക്കെട്ട് നടത്തുന്നതിനും വലിയ പിഴ ഈടാക്കും. ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്ന വ്യക്തിയില്‍ നിന്ന് 1000 രൂപ പിഴയീടാക്കാം. സൈലന്‍സ് സോണില്‍ ആണ് പടക്കങ്ങള്‍ പൊട്ടിക്കുന്നതെങ്കില്‍ പിഴ 3000 ആകും.

ജനവാസകേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക് ഇതേകാര്യത്തിന് പിഴ 10,000 ആകും. സൈലന്‍സ് സോണിലാണ് റാലി നടത്തുകയും വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നതെങ്കില്‍ അതിന് 20,000 രൂപ പിഴയീടാക്കും. ഒരേ സ്ഥലത്ത് തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നുവെങ്കില്‍ പിഴ 10,000 ആകും. രണ്ടില്‍ കൂടുതല്‍ തവണ ഒരേ തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരുലക്ഷം രൂപ പിഴയീടാക്കുകയും ആ സ്ഥലം പിടിച്ചെടുക്കുകയും ചെയ്യും.