Fri. Mar 29th, 2024

കാസർഗോഡ് ബളാലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെട്ടുത്തിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കുകയും പിന്നീട് കാമുകിയെ വിവാഹം ചെയ്ത് നാടുവിടുകയുമായിരുന്നു  ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ ആല്‍ബിന് മാത്രമേ പങ്കുള്ളൂ എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കാമുകിക്ക് കൊലപാതകം സംബന്ധിച്ച് അറിവുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഈ മാസം അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്ല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി മരിയ കൊല്ലപ്പെട്ടത്. വീട്ടില്‍ തയ്യാറാക്കിയ ഐസ്‌ക്രീം കഴിക്കുകയും അവശ നിലയിലാവുകയുമായിരുന്നു. മഞ്ഞപ്പിത്തമാണെന്ന് കരുതി ആദ്യം നാടന്‍ ചികിത്സ നല്‍കി. എന്നാല്‍ സ്ഥിതി വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്ന് തന്നെ മരിക്കുകയുമായിരുന്നു. രക്ത പരിശോധനയില്‍ ആന്‍മേരിയുടെ ശരീരത്തില്‍ എലിവിഷം കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന സംശയമുയര്‍ത്തിയത്.

ആന്‍മേരി മരിച്ചതിന് പിന്നാലെ ഛര്‍ദ്ദിയെ തുടര്‍ന്ന് മാതാപിതാക്കളായ ബെന്നിയേയും ബെസിയേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തി. അസ്വാഥ്യത അനുഭവിച്ച ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ഇതോടെയാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കൃത്യം നടത്തിയത് മാസങ്ങളുടെ ആസൂത്രണത്തിന് ഒടുവില്‍ ആണെന്ന് പോലീസ് പറഞ്ഞു. കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വരുത്തി നാലരയേക്കറോളം വരുന്ന ഭൂമി വിറ്റ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി നാടുവിടാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറയുന്നു. കുടുംബസ്വത്തും പന്നിവളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കി ഇഷ്ടപ്രകാരം ജീവിക്കാമെന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

സഹോദരിയുമായി അടുപ്പമില്ലായിരുന്ന പ്രതിക്ക് താന്‍ സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചത് വീട്ടുകാരോട് സഹോദരി പറയുമോ എന്ന ഭയവും ഉണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്ന ആല്‍ബിന്‍ അശ്ലീല വിഡിയോ കാണുന്നതും പതിവായിരുന്നു. ഇക്കാര്യമെല്ലാം സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനൊപ്പം തന്റെ കൂട്ടുകാരോടുള്ള വീട്ടുകാരുടെ എതിര്‍പ്പും ആല്‍ബിന്റെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വീട്ടുകാര്‍ വഴക്കുപറയുന്നതുമെല്ലാം ആല്‍ബിനില്‍ വൈരാഗ്യം നിറയ്ക്കാന്‍ കാരണമായി.

പെരുമാറ്റത്തില്‍ ആദ്യമേ തന്നെ സംശയം തോന്നിയിരുന്നതിനാല്‍ നാലു ദിവസത്തോളം പോലീസ് ആല്‍ബിനെ നിരീക്ഷിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചുള്ള ആല്‍ബിന്റെ പ്രതികരണങ്ങളും മരണശേഷം സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആല്‍ബിനു യാതൊരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല എന്നതും പോലീസ് പ്രത്യേകമായി ശ്രദ്ധിച്ചു. പിന്നീട് ഇയാളുടെ ഫോണ്‍ വാങ്ങി പരിശോധന നടത്തിയപ്പോള്‍ എലി വിഷത്തെക്കുറിച്ചു അനേകം തവണ ഗൂഗിളില്‍ തിരഞ്ഞതും മറ്റും കണ്ടെത്തി. കൂട്ടുകാരെ ചോദ്യം ചെയ്തതില്‍ നിന്നും ആല്‍ബിന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും അശ്‌ളീല വീഡിയോകള്‍ക്ക് അടിമയാണെന്നും കണ്ടെത്തി.

മാസങ്ങള്‍ നീണ്ട ആസൂത്രണമായിരുന്നു കൃത്യത്തിന് പിന്നില്‍. കഴിഞ്ഞ 30ാം തീയതിയാണു വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഇത് ഫ്രിജില്‍ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമായിരുന്നു. ഫ്രീസറില്‍ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആല്‍ബിന്‍ ഉള്‍പ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമില്‍ ആല്‍ബിന്‍ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേര്‍ത്തു. തൊണ്ട വേദനയെന്ന് പറഞ്ഞ് പിന്നീട് ഐസ്‌ക്രീം കഴിച്ചതുമില്ല.

സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും പിറ്റേന്ന് ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു. എലിവിഷം ഉള്ളില്‍ ചെന്നതോടെ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട സഹോദരി ആദ്യദിവസം മരുന്നു കഴിച്ചു. പിറ്റേന്ന് സ്ഥിതി വഷളായതോടെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ആന്‍മേരിക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി. അവിടെ ആയുര്‍വേദ മരുന്നുകളും കഴിച്ചെങ്കിലും ഓഗസ്റ്റ്് 5 ന് ആരോഗ്യനില വീണ്ടും ഗുരുതരമായി ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ഐസ്‌ക്രീം കഴിക്കാത്ത മാതാവിനെ നിര്‍ബ്ബന്ധിപ്പിച്ചായിരുന്നു കഴിപ്പിച്ചത്.

എന്നാല്‍ കാര്യമായ രീതിയില്‍ കഴിക്കാതിരുന്ന ബെസി നില മെച്ചപ്പെട്ടതോടെ വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ കോവിഡ് പരിശോധനയുടെ ഭാഗമായി മാതാപിതാക്കളുടെ സ്രവം എടുത്തിരുന്നു. ഇതില്‍ വിഷാംശം കണ്ടു. മാതാവിന്റെയും പിതാവിന്റെയും ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നതായി കണ്ടെത്തിയെങ്കിലും ആല്‍ബിന്റെ ശരീരത്തില്‍ വിഷാംശം ഇല്ലായിരുന്നു. പിന്നാലെ എലിവിഷം കാരണമാണ് ആന്‍മേരി മരിച്ചതെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും വന്നതോടെ കേസില്‍ വഴിത്തിരിവുണ്ടായി.

വീട്ടുകാര്‍ സഹോദരിയുമായി ആശുപത്രികള്‍ കേറിയിറങ്ങുമ്പോഴും പന്നി ഫാം നോക്കണമെന്ന് പറഞ്ഞ് ആല്‍ബിന്‍ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ചികിത്സ വൈകിപ്പിക്കാനും ആല്‍ബിന്‍ ശ്രമം നടത്തി. വീട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അസുഖം ഉണ്ടായിട്ടും ഇയാള്‍ക്ക് ഒന്നും സംഭവിച്ചില്ല എന്നതും ആല്‍ബിനിലേക്ക് സംശയം നീളാന്‍ കാരണമായി.

നല്ല ഒന്നാംതരം തങ്കപ്പെട്ട ദൈവ പൈതലും കെസിവൈഎം പ്രവർത്തകനുമാണ് ആൽബിൻ ആയതിനാൽ തന്നെ മറ്റുകേസുകളിലേതുപോലെ എതിർ രാഷ്ട്രീയക്കാരാരും പ്രതി സംഘിയാണെന്നോ സുഡാപ്പിയാണെന്നോ കമ്മിയാണെന്നോ കൊങ്ങിയാണെന്നോ സോഷ്യൽമീഡിയയിൽ അപവാദ പ്രചാരണവുമായി രംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. ദൈവപൈതങ്ങൾ കൊലക്കേസിൽ പ്രതികളാകുമ്പോൾ പതിവുപോലെ സാത്താൻ സേവക്കാരോ മയക്കുമരുന്നിന് അടിമകൾ ആകുന്നതോ ആയ പ്രതിഭാസം മാത്രമേ ഈ കേസിലും സംഭവിച്ചിട്ടുള്ളൂ.