Fri. Apr 19th, 2024

തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സൈതലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി.

അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്നക്ക് ഉന്നത സ്വാധീനമെന്ന് ജാമ്യ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ എക്കണോമിക് ഒഫന്‍സ് കോടതിനിരീക്ഷിച്ചു. സ്വപ്‌ന ഉന്നത സ്വാധീനമുള്ള സ്ത്രീയാണെന്ന് ബോധ്യപ്പെട്ടു. അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്‌നക്കുള്ള സ്വാധീനം പ്രകടമാണ്. ഈ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പദ്ധതികളില്‍ ജോലികള്‍ തരപ്പെടുത്തി.കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും പ്രതി ഉദ്യോഗസ്ഥരെ സഹായിച്ചു. ലഭിച്ച രേഖകളും കസ്റ്റംസ് വാദങ്ങളും ഇത് തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു.

റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാന്‍ഡ് ഈ മാസം 25 വരെയും നീട്ടി.സ്വപ്‌നയുടെ ജാമ്യ ഹരജിയെ കസ്റ്റംസ് എതിര്‍ത്തു. സ്വപ്നക്ക് പോലീസിലും നിര്‍ണായക സ്വാധീനമുണ്ട്. വിദേശബന്ധങ്ങളുള്ള പ്രതികളായതിനാല്‍ ജാമ്യം നല്‍കിയാല്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ട്. ഓരോ ദിവസവും പ്രതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രധാന പ്രതിക്ക് ഇപ്പോള്‍ ജാമ്യംനല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യഹരജിയെ എതിര്‍ത്ത് കസ്റ്റംസ് ചൂണ്ടിക്കാട്ടി നേരത്തെ എന്‍ ഐ എ കേസിലും സ്വപ്നക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.