രാജ്യത്ത് കൊവിഡ് മരണ നിരക്കും കുതിക്കുന്നു; 24 മണിക്കൂറിനിടെ 1007 മരണം

രാജ്യത്ത് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ 60000ത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പുതിയ കേസും 1007 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,15,075ഉും മരണം 44386ഉം എത്തി. രണ്ട് ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 69.33 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്. നിലവില്‍ 6,34,945സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ആഗസ്റ്റ് ഒമ്പതുവരെ 2,45,83,558 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 4,77,023 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 12248 കേസും 390 മരണവുമാണുണ്ടായത്. സംസ്ഥാനത്ത് ആകെ 515332 കേസും 4927 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 119 മരണവും 5994 കേസും ആന്ധ്രയില്‍ 10820 കേസും 97 മരണവും കര്‍ണാടകയില്‍ 5985 കേസും 107 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 4927, ആന്ധ്രയില്‍ 2036, കര്‍ണാടകയില്‍ 3198, ഡല്‍ഹിയില്‍ 4111, യു പിയില്‍ 2069, ബംഗാളില്‍ 2059 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.