Thu. Apr 18th, 2024

നൂറ്റാണ്ടുകളോളം മുസ്ലിം സമൂഹം പ്രാര്‍ഥന നടത്തിയ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ശ്രീരാമക്ഷേത്രത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി. ശിലാസ്ഥാപനത്തിന് മുമ്പായി പ്രധാന വിഗ്രഹത്തിന്റേയും എട്ട് ഉപവിഗ്രഹത്തിന്റേയും പൂജ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയായി. രാമക്ഷേത്ര ട്രെസ്റ്റ് അധ്യക്ഷന്‍ നൃത്ത്യ ഗോപാല്‍ദാസ്, ആര്‍ എസ് എസ് സര്‌സംഘ ചാലക് മഹോന്‍ ഭഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടീല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പൂജകളിലും വേദികളിലും പങ്കെടുക്കുന്നത്. ഇന്ന് ആരംഭിക്കുന്ന പ്രവൃത്തി അടുത്ത മൂന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ശിലാസ്ഥാപനത്തിനായി അയോധ്യയിലെ സകേത് കോളജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് വേദിയിലെത്തിക്കുകയായിരുന്നു. ആദ്യം ഹനുമാന്‍ഗഢി ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി അവിടെ വെള്ളി കിരീടം സമര്‍പ്പിച്ചു. തുര്‍ന്ന് രാംലല്ലയിലെത്തി പ്രര്‍ഥിച്ച ശേഷം തറക്കല്ലിടല്‍ സ്ഥലത്ത് എത്തുകയായിരുന്നു.

ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങിനുണ്ടാകില്ല. കൊവിഡ് വ്യാപനം മൂലമാണ് ഇവരെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ക്ഷേത്രനിര്‍മാണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൂടുതല്‍ ഉറപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം.അടുത്തവര്‍ഷം നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ്, 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ്, 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ രാമക്ഷേത്രം ബി ജെ പി പ്രധാന തുറപ്പ് ചീട്ടാക്കും.

ബി ജെ പിയുടെ നീക്കത്തിന് അനുസരിച്ച് മൃദുഹിന്ദുത്വവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി രംഗത്തെത്തിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. കോണ്‍ഗ്രസാണ് ഇതിന് തുടക്കം കുറിച്ചത്. ക്ഷേത്രനിര്‍മാണത്തിലൂടെ മതേതരത്വും ഐക്യവും ഊട്ടിയുറപ്പിക്കാനാകും തുടങ്ങിയ പ്രസ്താവനകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഭൂമി പൂജക്ക് ക്ഷണിക്കാത്തതില്‍ നിരാശയും പ്രകടിപ്പിച്ചു. ബി ജെ പിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാമെന്ന പഴയ ധാരണയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴുമുള്ളതെന്നാണ് കമല്‍നാഥ്, ദിഗ് വിജയ് സിംഗ്, പ്രിയങ്ക ഗാന്ധി തുടങ്ങിവരുടെ പ്രസ്താവനകള്‍ തെളിയിക്കുന്നത്.

അയോധ്യയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്താകുമെന്ന ചോദ്യങ്ങള്‍ക്കിടെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി ഭൂമിപൂജക്ക് ആശംസയുമായെത്തിയത് കോണ്‍ഗ്രസിനൊപ്പം നിലയുറിപ്പിച്ചിരിക്കുന്ന മുസ്ലിംലീഗ് അടക്കമുള്ള പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്റെ പ്രതീകങ്ങളാണെന്നുമായിരുന്നു ട്വിറ്ററില്‍ പ്രിയങ്ക കുറിച്ചത്. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ചടങ്ങെന്നും പ്രിയങ്ക ഗാന്ധി ആശംസിച്ചിരുന്നു.
https://newsgile.com/2020/08/05/pm-modi-lays-foundation-stone-for-ram-temple-in-ayodhya/