Fri. Mar 29th, 2024

എറണാകുളം പുത്തന്‍കുരിശിൽ 75കാരിയെ അതിരകൂരമായ വിധത്തില്‍ ആക്രമണത്തിന് ഇരയാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം മാരകമായ പരിക്കുണ്ട്. ഗുരുതരാവസ്ഥയിലായ വൃദ്ധയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. അയല്‍വീട്ടില്‍ വച്ചാണ് വൃദ്ധ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് വീട്ടുകാര്‍ ഇവരെ സ്വന്തം വീട്ടിലേക്ക് മാറ്റി. ഗുരുതരാവസ്ഥയില്‍ കിടന്ന ഇവരെ പിന്നീട് സമീപത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നുമാണ് കോലഞ്ചേരിയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ സ്ത്രീയും അവരുടെ മകനും അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, വൃദ്ധയ്ക്കു നേരെ ലൈംഗികാതിക്രമം നടന്നതായി അറിയില്ലെന്നും മാരകമായി പരിക്കേല്‍പ്പിച്ചുവെന്ന വിവരംമാത്രമാണ് ലഭിച്ചതെന്നും ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. അയല്‍വീട്ടില്‍ പുകയില വാങ്ങാന്‍ പോയതാണ് വൃദ്ധ. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അയല്‍വാസിയായ സ്ത്രീയേയും മകനേയും അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും രാജു പ്രതികരിച്ചു.

എന്നാല്‍ അമ്മ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വൃദ്ധയുടെ മകന്‍ പറയുന്നു. ദേഹമാസകലം പരിക്കുകളുണ്ട്. വസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നു. ഒരു സുഹൃത്താണ് അമ്മയെ വീട്ടിലെത്തിച്ചതെന്നും മകന്‍ പറഞ്ഞു. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പോലീസിന് ആരെയും പിടികൂടാന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ എത്തിച്ച് പ്രദേശത്ത് അനാശാസ്യം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പുകയിലയും കഞ്ഞിയും നല്‍കാമെന്ന് പറഞ്ഞാണ് ഞായറാഴ്ച ഉച്ചയോടെ ഇവരെ വിളിച്ചുകൊണ്ടുപോയത്. എന്നാല്‍ മൂന്നു പേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നും ഒരാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറയുന്നു.