Tue. Apr 23rd, 2024

✍️ സീന Utk

തൂവാനത്തുമ്പികൾ എന്ന സിനിമയുടെ ആഘോഷം നടക്കുകയാണല്ലോ? ജയകൃഷ്ണൻ എന്ന പുരുഷനെ ഗ്ലോറിഫൈ ചെയ്യുന്ന ആ സിനിമയിൽ ക്ലാരക്ക് പ്രത്യേകിച്ച് ഒരു റോളും ഇല്ല. ഇങ്ങനെ ആഘോഷിക്കാൻ മാത്രമുള്ള ഒരു സിനിമയാണ് അത് എന്ന് തോന്നുന്നില്ല. തികച്ചും സ്ത്രീ വിരുദ്ധനും സദാചാരവാദിയും ലൈംഗിക തൊഴിലിന് എല്ലാ വിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ജയകൃഷ്ണന് ക്ലാരയെപ്പോലുളള സുന്ദരിയായ ഒരു സ്ത്രീയെ കണ്ടപ്പോൾ തോന്നുന്ന വികാരം മാത്രമാണ് സിനിമയിലെ ക്ലാരയും മഴയും പിന്നെ ക്ലാരയെന്ന മഴ ഇല്ലാതാകുന്നതും ഒക്കെ.

അങ്ങനെ അയാളുടെ ഓർമയിൽ നിന്നും കാഴ്ചയിൽ നിന്നും ക്ലാരയെ ഇല്ലാതാക്കിക്കൊണ്ട് തന്റെ സദാചാര ബോധം അയാൾ രാധ എന്ന കാമുകിയിലൂടെ ഉറപ്പിക്കുന്നു. പ്രത്യേകിച്ച് സിനിമയ്ക്ക് എന്തെങ്കിലും എടുത്തു പറയാനുള്ള സവിശേഷതകൾ ഉണ്ട് എന്ന് തോന്നിയിട്ടില്ല. ഇവിടെ ക്ലാര ജീവിക്കാൻ ഉള്ള തൊഴിൽ എന്ന നിലയിലാണ് ഈ ജോലിക്ക് ഇറങ്ങിപ്പുറപ്പെട്ടത്. അതിൽ അവർ ഒരു തെറ്റും കാണുന്നുമില്ല.

എന്നാൽ ജയകൃഷ്ണൻ ആകട്ടെ താൻ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച പെൺകുട്ടി മുഖത്തടിച്ചതുപോലെ തന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞപ്പോൾ ഉണ്ടായ പുരുഷന്മാരുടെ ഞെട്ടലിൽ നിന്നും ആണ് ക്ലാരയുമായി അടുക്കുന്നത്. അതിൽ അയാൾക്ക് കുറ്റബോധവും തോന്നുന്നു. ആ കുറ്റബോധത്തിൽ നിന്നാണ് ക്ലാരയെ വിവാഹം കഴിക്കാമെന്ന് ജയകൃഷ്ണൻ തീരുമാനിക്കുന്നത്. എന്നാൽ ക്ലാര തിരിച്ചു വരില്ല എന്ന് കരുതിയ ജയകൃഷ്ണൻ വീണ്ടും തന്നെ വിവാഹം കഴിക്കാൻ താല്പര്യമാണ് എന്ന് പിന്നീട് പറഞ്ഞ രാധയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നു.

ഇത്രയും സ്വാഭാവികമായ കാര്യങ്ങളാണ് എല്ലാ പ്രണയത്തിലും അന്നത്തെ സമൂഹത്തിലും ഇന്നത്തെ സമൂഹത്തിലും. എന്നാൽ ആരെ വിവാഹം കഴിക്കണം എന്ന കാര്യത്തിൽ ജയകൃഷ്ണന് യാതൊരു സംശയവുമില്ല. തീർച്ചയായിട്ടും വിവാഹം എന്ന കാര്യത്തിൽ പ്രണയത്തിനല്ല കുലമഹിമയ്ക്കും ആഢ്യത്വത്തിനും ഒക്കെയാണ് പ്രഥമ പരിഗണന കൊടുക്കേണ്ടത് എന്ന് തന്നെയാണ് ഈ സിനിമയും മുന്നോട്ട് വയ്ക്കുന്നത്.

ഇവിടെ ക്ലാരയാകട്ടെ തന്റെ പ്രണയം തന്റെ ജീവിതത്തെ ബാധിക്കരുത് എന്ന് കരുതി വളരെ തീരുമാനിച്ചുറച്ച് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ക്ലാരയെപ്പോലെയുളള ഒരാൾക്ക് അന്നത്തെ കാലത്തും ഇന്നത്തെ കാലത്തും ലഭ്യമാകാവുന്ന ഭർത്താവിനെ തന്നെയാണ് ക്ലാര തെരഞ്ഞെടുത്തതും. ക്ലാര വിവാഹം ചെയ്തു , ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് കരുതി സിനിമയും അവസാനിക്കുന്നു.

ക്ലാര ഇവിടെ ബോൾഡ് ആണ് എന്ന് പറയാൻ കഴിയില്ല. സാഹചര്യം മൂലം ഒരു സെക്സ് വർക്കർ ആയതാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ സദാചാരം അവരെ ബാധിക്കുന്നില്ല എന്ന് മാത്രം. ഒടുവിൽ നല്ലൊരു കുടുംബിനിയായി അവർ വന്നതോടെ അത് മനസ്സിലാക്കാവുന്നതാണ്.
എന്നാൽ എന്റെ ചോദ്യം ഇതാണ് രാധയെപ്പോലുളളവർക്ക് ജയകൃഷ്ണനെപ്പോലുളള സ്ത്രീ വിരുദ്ധരെ പ്രണയിക്കാൻ കഴിയുന്നത് എങ്ങനെയെന്നാണ്. (അവരുടെ ആദ്യ കണ്ടുമുട്ടലിലുളള ജയകൃഷ്ണന്റെ സംഭാഷണം തന്നെ സ്ത്രീകൾക്കാർക്കും അംഗീകരിക്കാൻ പറ്റാത്തതാണ്.) എന്നാൽ ഇതൊക്കെ അന്നത്തെയും ഇന്നത്തെയും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആയതുകൊണ്ട് എന്തുകൊണ്ട് എന്ന ചോദ്യത്തിന് തന്നെ പ്രസക്തി ഇല്ല.

ഈ സിനിമയിൽ പ്രണയം മാത്രമല്ല പ്രണയിച്ച് വിവാഹം കഴിക്കാത്തവർ തമ്മിൽ ശാരീരിക ബന്ധം നടന്നു എന്നതാണ് ചിലരെ ഈ സിനിമ മഹത്തരമായി കാണാൻ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു. ഇതൊക്കെ എല്ലാ സമൂഹത്തിലും നടക്കുന്നതായതുകൊണ്ടും പ്രത്യേകിച്ച് ഒരു ആശ്ചര്യവും തോന്നിയില്ല. എന്തായാലും പ്രണയം നഷ്ടപ്പെടുമ്പോഴുളള വേദന ഈ സിനിമയിൽ നിന്ന് അനുഭവിച്ചെടുക്കാവുന്നതാണ്.