കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കൊവിഡ്. ജയിലിലെ 15 പേര്‍ക്ക് പനി ബാധിച്ചിരുന്നു. ഇവര്‍ക്കിടയില്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ചികിത്സക്കായി ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇവിടുത്തെ മറ്റു തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് കൊവിഡ് പരിശോധന നടത്തും.

പോലീസുകാര്‍ക്കിടയിലും കൊവിഡ് ബാധ വ്യാപകമായിട്ടുണ്ട്. ആറ്റിങ്ങല്‍ ഡി വൈ എസ് പി ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോലീസ് ആസ്ഥാനത്തും രണ്ടു പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇവിടെ 55 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.