കഴിഞ്ഞദിവസം അമേരിക്കയിൽ മലയാളി നഴ്സ് മെറിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു.ആശുപത്രിയിൽ നിന്നും ഷിഫ്റ്റ് കഴിഞ്ഞുവന്ന മെറിനെ ഭർത്താവ് ഫിലിപ് മാത്യു 17 തവണ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് കാർ കയറ്റിയുമാണ് കൊലപ്പെടുത്തിയത്. പൈശാചികമായ ഈ കൊലപാതകത്തെ അനുകൂലിച്ചു കൊണ്ട് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അമല പോൾ. “നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല.” എന്ന സന്ദേശവുമായാണ് അമല പോൾ തന്റെ അഭിപ്രായം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുളള ചിലരുടെ കമന്റുകളും അമല പോസ്റ്റിൽ ഉൾപ്പെടുത്തി. ‘സ്നേഹം കൊണ്ടല്ലേ’ എന്നു പറഞ്ഞവരെ ഓർമിച്ചു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മെറിന്റെ മരണം ഭയപ്പെടുത്തുന്നു. എന്നാൽ മരണവാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ അതിലും കൂടുതൽ ഭയപ്പെടുത്തുന്നുവെന്നും അമല കുറിച്ചു. “നിങ്ങളെ വേദനിപ്പിക്കുന്നവരുടെ അടുത്തേക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതത്തിൽ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും മറ്റുള്ളവർ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിച്ചേക്കാം. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്. സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അത് സ്നേഹമല്ല. വാക്കുകളേക്കാൾ പ്രവര്ത്തികളെ വിശ്വസിക്കുക. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ ‘പറ്റി പോയ’ അപകടമല്ല. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹമെന്തെന്ന് പഠിപ്പിക്കുകയും ചെയ്യുക.” അമല പോസ്റ്റിൽ പറയുന്നു.