Sat. Apr 20th, 2024

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം (53) അന്തരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ  കക്കടിപ്പുറം സ്വദേശിയാണ്. താരാട്ട് പാട്ടിന്റെ സംഗീതം പോലെ മലയാളിയുടെ കാതുകളിൽ പെയ്തിറങ്ങിയ കൈതോലപ്പായ വിരിച്ച്……. ഓരോ കേൾവിയിലും ഉള്ളുലച്ച പാലോം പാലോം…. എന്നീ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചത് ജിതേഷ് കക്കടിപ്പുറം ആണ്.ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ വന്ന് നാട്ടുസംഗീതം നെഞ്ചിലേറ്റുന്നവരുടെ ഹൃദയം കീഴടക്കുകയായിരുന്നു ജിതേഷ് കക്കടിപ്പുറം.

കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറം ചങ്ങരംകുളത്ത് വീട്ടിലായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കും

മലപ്പുറം ജില്ലയുടെ തെക്കുകിഴക്കെ അതിർത്തിയിൽ, പ്രധാന പാതയിൽനിന്നും ഏറെ ഉള്ളോട്ടു പോയാൽ ചെന്നെത്തുന്നൊരു ഗ്രാമമാണ് കക്കടിപ്പുറം. സമൂഹത്തിൽ അരികുവൽക്കരിപ്പെട്ടവർ അധികം താമസിക്കുന്നൊരു പ്രദേശം. നാഗരികതയുടെ കോപ്രായങ്ങളെത്താൻ വൈകിയതിനാൽ, പച്ചപ്പും ശുദ്ധവായുവും ഇവിടെ ഇപ്പോഴും വേണ്ടുവോളം. ഷോൺ മെൻഡസ്, എഡ് ഷീറെൻ, ഏഡം ലെവിൻ, സെലീന ഗോമസ്, എരിയാന ഗ്രേൻഡെ, കേമില കേബലൊ, മൈലി സൈറസ്, ടൈലർ സ്വിഫ്റ്റ് മുതലായ പാശ്ചാത്യ ആലാപന ശ്രേഷ്ഠരെ എന്നും കേൾക്കുന്നവർ, ഇന്ന് മണ്ണിന്റെ മണമുള്ള ജിതേഷിനെയും നെഞ്ചോടു ചേർത്തുപിടിക്കുന്നു !  പത്തിരുപത് വർഷംമുന്നെ ജിതേഷ് എഴുതിയ, ‘കൈതോലാ പായവിരിച്ച്… ’ എന്നു തുടങ്ങുന്ന നാടൻപാട്ട്, കലോത്സവങ്ങളിൽ ആലപിച്ചു സംസ്ഥാന തലത്തിൽവരെ പലരും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പക്ഷെ, ചേലുള്ള ഈ ഗാനം രചിച്ചത് ജിതേഷാണെന്ന കാര്യം അടുത്ത കാലത്താണ് സഹൃദയർ അറിയുന്നത്! ഒരുകാലത്തും പ്രശസ്തിയുടെ പുറകെ ഈ നാട്ടിൻപുറത്തുകാരൻ പോയിട്ടില്ല.

‘കൈതോല പായ വിരിച്ച്’. എന്ന നാടൻപാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്.

സംഗീതം  പഠിച്ചിട്ടേയില്ലാത്തൊരാൾ, ആവിഷ്കരണത്തിൽ പിഴവൊട്ടുമില്ലാതെ, ആരോഹണത്തിന്റെ അത്യുച്ചത്തിലെത്തുന്ന ഈ വരികളിലുള്ളത് ദുരന്ത സ്മരണ ഉണർത്തുന്നൊരു ചരിത്ര ശകലം! കരുനിർത്തൽ എന്നത് അര നൂററാണ്ടു മുന്നെവരെ രാജ്യത്തിന്റെ പലയിടത്തും നിലനിന്നിരുന്ന അതിക്രൂരമായൊരു ആചാരമായിരുന്നു. പാലത്തിന്റെ തൂണ് ഉറപ്പോടുകൂടി നിലനിൽക്കാനും, ഡാമിന്റെ ഭിത്തി പൊട്ടിത്തകരാതിരിക്കാനും, അവക്കു കുഴിക്കുന്ന കുഴിയിൽ ആദ്യം ഒരു മനുഷ്യനെ ജീവനോടെ കുഴിച്ചുമൂടിയതിനുശേഷം അതിനുമേൽ നിർമ്മാണം തുടങ്ങുന്ന അന്ധമായ സമ്പ്രദായം.
കറുത്തവരും, അവകാശങ്ങൾ ഉണ്ടായിട്ടും അതു നിഷേധിക്കപ്പെട്ടവരുമായിരുന്നു, ക്ഷാമം വരുമ്പോൾ പോലും കൊണ്ടാടിയിരുന്ന ഈ നരബലിക്ക് നാട്ടിലെന്നും ഇരയായിരുന്നത്. ചിന്തുന്നത് സ്ത്രീ രക്തമാണെങ്കിൽ ഫലം അത്യുത്തമമെന്നും ഉത്തരവിടുന്നവർ വിശ്വസിച്ചുപോന്നു. സ്വാതന്ത്ര്യലബ്ദിക്കു ശേഷം ഒറീസ്സയിലും കർണ്ണാടകയിലും നടന്ന പല നിർമ്മിതികൾക്കും കരുനിർത്തലിന്റെ പരിതാപകരമായ കഥകൾ പറയാനുണ്ട്. ജിതേഷ് പറയുന്നത് തനിക്ക് ഏറ്റവും അടുത്തറിയുന്ന കുറ്റിപ്പുറം പാലത്തിൻറെ കഥയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപുഴക്കുമേൽ കുറ്റിപ്പുറത്തു നിർമ്മിച്ചതാണ് ഈ പാലം. ഇത് തിരു-കൊച്ചിയിൽ നിന്നും മലബാറിലേക്കുള്ള പ്രവേശന കവാടം! മലബാർ, കേരളപ്പിറവിക്കു മുന്നെ, മദ്രാസ് സംസ്ഥാനത്തിൻറെ ഭാഗമായിരുന്നതിനാൽ, കുറ്റിപ്പുറം പാലം നിർമ്മിച്ചത് മദ്രാസ് സർക്കാറായിരുന്നു. 1949‑ൽ തുടങ്ങി, 1953‑ൽ പണിതീർത്ത പതിനൊന്ന് സ്പാനുകളുളള, 1183 അടി നീളവും, 22 അടി വീതിയുള്ള, bow string girder രീതിയിലുള്ള മനോഹരമായ നിർമ്മിതി.

എന്നാൽ, ജിതേഷ് നമ്മളോട് വിളിച്ചുപറഞ്ഞത് പാലത്തിന്റെ ആ മനോഹാരിതക്കു പുറകിലുള്ള യാഥാർത്ഥ്യങ്ങളാണ്. കുറ്റിപ്പുറം പാലം വന്നതിനടുത്ത വർഷം, കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച ‘കുറ്റിപ്പുറം പാലം’ എന്ന വിശ്രുത കാവ്യത്തിൽ പോലും പ്രതിപാദിക്കാൻ വിട്ടുപോയതൊന്ന്! പുതിയ പാലത്തിലൂടെ നടന്നു പുഴകടന്നപ്പോൾ, ആ പ്രദേശത്തു ജനിച്ചുവളർന്ന ഇടശ്ശേരിക്കു നേരിട്ടനുഭവപ്പെട്ട വിസ്മയവും വിമ്മിഷ്ടവുമാണ് അദ്ദേഹത്തിൻറെ ‘കുറ്റിപ്പുറം പാല’മെങ്കിൽ, പാലംപണി നേരിൽകണ്ട വയസ്സുമൂത്തവരുടെ വായ്മൊഴിയുടെ നിഷ്കളങ്കമായ പുനർനിർമ്മാണമാണ് ജിതേഷിൻറെ ഉദ്വേഗജനകമായ വരികൾ! പത്നിയേയും മകളേയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട്, കേട്ടറിഞ്ഞ ആ പുരാവൃത്തം ജിതേഷ് നമുക്കായ് പങ്കുവെക്കുകയായായിരുന്നു.

പൊന്നു എന്ന തന്റെ മകളുമൊത്ത് ജിതേഷ് നടക്കുകയാണ്. നടത്തം പാലത്തിന്റെ ഒരു തൂണിനുമേലെ എത്തിയപ്പോൾ, മരിച്ചുപോയെന്നു അവൾ കരുതുന്ന അമ്മ, ‘പൊന്നൂ’ എന്ന് അവളെ പാലത്തിന്റെ തൂണിൽനിന്നു വിളിക്കുന്നതായി ജിതേഷിന്റെ മകൾക്കു തോന്നുന്നു. തുടർന്ന്, അച്ഛനും മകളും തമ്മിലുള്ള സംഭാഷണം, വടക്കൻ കേരളത്തിൽ പൊതുവെയുള്ളൊരു ഗ്രാമ്യഭാഷയിൽ, ഉള്ളിൽ കോറലിടുന്നൊരു ഗാനമായി ചുരുളഴിയുകയായിരുന്നു.