Fri. Mar 29th, 2024

കവി ലൂയിസ് പീറ്റർ (58) അന്തരിച്ചു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ക്ഷയരോഗത്തിന് ചികിത്സയിൽ കഴിയവെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയായ അദ്ദേഹം കേരളത്തിലെ സാസ്കാരിക, സാഹിത്യ സദസ്സുകളിൽ സജീവമായിരുന്നു. ലൂയി പാപ്പ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഭാര്യ: ഡോളി, മക്കൾ: ദിലീപ്, ദീപു.

1986ൽ ആദ്യ കവിതയെഴുതിയ അദ്ദേഹം 20 വർഷങ്ങൾക്കു ശേഷം 2006ലാണ് വീണ്ടും കവിതയെഴുതുന്നത്. ഇതിനു ശേഷം സമൂഹമാധ്യമങ്ങളിലും സാംസ്കാരിക ഇടങ്ങളിലും സജീവമായ അദ്ദേഹം മൂന്നു വർഷം മുൻപ് ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ എന്ന പേരിൽ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. ഫെഡറൽ ബാങ്കിൽ മുൻപ് ജോലി ചെയ്തിട്ടുണ്ട്. ഈ ജോലി രാജി വച്ചാണ് അദ്ദേഹം സാഹിത്യക്കൂട്ടായ്മകളിലേക്ക് ഇറങ്ങിയത്.

ലൂയിസ് പോലും അറിയാതെ അദ്ദേഹത്തിൻ്റെ ജീവിതം പറയുന്ന ഒരു ഡോക്യുമെൻ്ററി പുറത്തിറങ്ങിയിട്ടുണ്ട്. മുത്തു ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ബിബിൻ പോലൂക്കര സംവിധാനം ചെയ്ത ‘മുറിവേറ്റ നക്ഷത്രം’ എന്ന ഡോക്യുമെൻ്ററി ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഇക്കാലമത്രയും ഹാൻഡി ക്യാമും മൊബൈൽ ക്യാമറയും ഉപയോഗിച്ച് അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച് പകർത്തിയ ദൃശ്യങ്ങൾ കൊണ്ടാണ് ഡോക്യുമെൻ്ററി പുറത്തിറക്കിയത്. തന്നെ പിന്നാലെ നടന്ന് പകർത്തുന്നത് ചോദ്യം ചെയ്ത് മിക്കപ്പോഴും ഉന്തും തള്ളും ഉണ്ടായിട്ടുണ്ടെന്ന് ബിബിൻ പിന്നീട് പറഞ്ഞിട്ടുണ്ട്.