‘സുശാന്ത് സിംഗുമായി ഒരുമിച്ചായിരുന്നു താമസം, വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത്’ എന്ന് റിയ സുപ്രീംകോടതിയിൽ

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തും താനും ഒരുമിച്ചായിരുന്നു താമസമെന്നും സുശാന്ത് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ബോളിവുഡ് നടി റിയ ചക്രബർത്തി സുപ്രീംകോടതിയിൽ പറഞ്ഞു. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തുമായി ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്നും നടി വ്യക്തമാക്കി. ഇരുവരും അവസാനമായി ഒരുമിച്ച് താമസിച്ചത് 2020 ജൂൺ 8 നാണെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ റിയ പറഞ്ഞു.

ജൂൺ 14 നാണ് സുശാന്തിനെ മുംബയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും , ആരോപണത്തിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നും റിയ ഹർജിയിൽ പറയുന്നു.
സുശാന്തിന്റെ പിതാവിന് പാട്‌നയിൽ ഉന്നതരുമായി ബന്ധമുണ്ടെന്നും കേസിൽ സ്വാധീനം ചെലുത്തുമെന്നും അതിനാൽ തനിക്ക് നീതി ലഭിക്കില്ലെന്ന് ഭയപ്പെടുന്നതായും നടി ഹർജിയിൽ പറഞ്ഞു. സുശാന്ത് മരണപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ കൊലപാതക ഭീഷണിയും ബലാത്സംഗഭീഷണിയും വരുന്നു ഉണ്ടെന്നും നടി പറഞ്ഞു. മുംബയിലേക്ക് അന്വേഷണം മാറ്റണമെന്നും നടിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.

റിയയ്‌ക്കെതിരെ ജൂലായ് 26 നാണ് കെ‌.കെ സിംഗിന്റെ പരാതിയെ തുടർന്ന് എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 341,342,380,406,420,306 എന്നീ വകുപ്പുകൾ ചേർത്താണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. റിയ സുശാന്തിന്റ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ മോഷ്ടിച്ചുവെന്നും സിംഗ് പറഞ്ഞിരുന്നു. അതേസമയം സുശാന്ത് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ആറ് മാസമായി ചികിത്സയിലായിരുന്നുവെന്നും റിയ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ മുംബയ് പൊലീസ് മൂന്ന് മനോരോഗ വിദഗ്ദ്ധരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.