പഞ്ചാബില്‍ വിഷമദ്യ ദുരന്തം; വിഷമദ്യം കഴിച്ച് മൂന്നുജില്ലകളിലായി മരിച്ചത് 26 പേർ

പഞ്ചാബില്‍ വിഷമദ്യം കഴിച്ച് 26 പേര്‍ മരിച്ചു. അമൃത്സര്‍, ബറ്റാല, തര്‍ താരന്‍ ജില്ലകളിലാണ് ദുരന്തം. അമൃത്സറിലും തര്‍ തരാനിലും പത്ത് പേര്‍ വീതവും ബറ്റാലയില്‍ ആറ് പേരുമാണ് മരിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് പറഞ്ഞു. വിഷം കലര്‍ത്തിയ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 29ന് മുച്ചല്‍, തങ്ക്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലൈ 30 ന് വൈകുന്നേരം മുച്ചലില്‍ രണ്ട് പേര്‍ കൂടി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം മുച്ചാലിലും ബറ്റാലയിലും രണ്ട് പേര്‍ വീതം മരിച്ചു. ഇന്ന് വീണ്ടും ബറ്റാലയില്‍ അഞ്ച് പേരും താര്‍ താരനില്‍ 10 പേരും മരിച്ചു.
ജലന്ധറിലെ ഡിവിഷണല്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് പോലീസിന്റെയും മറ്റു വിദഗ്ധരുടെയും സഹായം സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധര്‍ ഡെപ്യൂട്ടി കമ്മീഷണറും എക്‌സൈസ്, ടാക്‌സേഷന്‍ വകുപ്പ് കമ്മീഷണറും മൂന്ന് ജില്ലകളിലെ എസ്പിമാരും അന്വേഷണത്തില്‍ പങ്കാളികളാകും. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ പറഞ്ഞു.

മദ്യത്തില്‍ വിഷം കലര്‍ത്തിയ കേസില്‍ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ച നാല് പേരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഇതിന് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ.