Fri. Mar 29th, 2024

ഡോ.എ. നീലലോഹിതദാസ്

ലോകവും രാഷ്ട്രവും കേരളവും കൊറോണ വൈറസ് ബാധയുടെയും കോവിഡ് മഹാമാരിയുടെയും പിടിയിൽ അമർന്നു കഴിയുമ്പോൾ, ഇക്കഴിഞ്ഞ ജൂലൈ പതിമൂന്നാം തീയതി സുപ്രീം കോടതി തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട് ഒരു വിധിന്യായം പുറപ്പെടുവിച്ചു. അഞ്ചു പേരുള്ള ഒരു ഭരണസമിതിയും മൂന്ന് പേരുള്ള ഒരു ഉപദേശക സമിതിയും രൂപീകരിക്കണമെന്ന് പറഞ്ഞ ശേഷം ക്ഷേത്രത്തിന്റെ ആസ്തികൾ കൈകാര്യം ചെയ്യേണ്ടത് ഈ സമിതികളാണെന്നു നിഷ്കർഷിച്ചിരിക്കുന്നു. ഈ വിധിന്യായം പുറപ്പെടുവിച്ച സുപ്രീംകോടതിയോ ഈ വിധിന്യായത്തിൽ അമിതാവേശം പ്രകടിപ്പിക്കുന്ന മറ്റുള്ളവരോ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ളത് ക്ഷേത്രത്തിന്റെ ആസ്തിയല്ലെന്നു മനസ്സിലാക്കാതിരിക്കുകയോ, മനസ്സിലാക്കിയിട്ടുണ്ടെങ്കിലും മനസ്സിലാക്കിയതായി നടിക്കാതിരിക്കുകയോ ചെയ്യുന്നു.

നിലവറകളിലെ ഈ സമ്പത്ത് എങ്ങനെ രൂപം പ്രാപിച്ചുവെന്നോ, രാജാക്കന്മാർക്ക് ഇത്രയും സമ്പത്ത് സ്വരൂപിക്കാനുള്ള സ്രോതസ്സ് എന്താണെന്നോയുള്ള വസ്തുത ആരും വ്യക്തമാക്കുന്നില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ മഹത്വത്തെ കുറിച്ച് പെരുമ്പറ കൊട്ടുന്നവർക്ക് രാജാരവിവർമ്മ, ഡോ. പൽപ്പു, അദ്ദേഹത്തിന്റെ മൂത്തസഹോദരൻ റാവു ബഹദൂർ, ബാരിസ്റ്റർ ജി. പി. പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവർക്ക് രാജഭരണത്തിന്റെ കീഴിൽ അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ചു എന്താണ് പറയാനുള്ളത്?

തിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയ്ക്കു എട്ടുവീട്ടിൽപിള്ളമാരുടെ ആക്രമണങ്ങളിൽ നിന്നും എല്ലാവിധ സംരക്ഷണവും നല്കിപ്പോന്ന മാർത്താണ്ഡവർമ്മയുടെ സേനാനായകനായിരുന്ന ദളപതി അനന്തപദ്മനാഭൻ നാടാരെ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊന്ന ആര്യബ്രാഹ്മണരുടെ വൻചതിയെ കുറിച്ച് എന്താണ് പറയാനുള്ളത്?

ആര്യബ്രാഹ്മണർ ഇവിടത്തെ അടിസ്ഥാനവർഗ്ഗത്തിന്റെ ഭൂമി, ബ്രഹ്മസ്വത്തിന്റെയും രാജസ്വത്തിന്റെയും ദേവസ്വത്തിന്റെയും പേരിൽ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു, രാജാക്കന്മാർ അതിനുകൂട്ടുനിന്നു. മാർത്താണ്ഡവർമ്മയെ കൊണ്ട് തിരുവിതാംകൂർ രാജ്യം തന്നെ ശ്രീപദ്മനാഭന് അടിയറ വയ്പ്പിച്ചത് ആര്യബ്രാഹ്മണരുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
1740 തൊട്ട് കുരുമുളക്, അടയ്ക്ക, തുടങ്ങിയ വനവിഭവങ്ങൾ സംഭരിച്ചു വിദേശികൾക്ക് വിൽക്കാനുള്ള കുത്തകാവകാശം സർക്കാരിനായിരുന്നു. തുച്ഛമായ കാശ് ജനങ്ങൾക്ക് നൽകി സർക്കാർ കൊള്ളലാഭം അടിച്ചിരുന്നു. 1860 വരെ ഈ സമ്പ്രദായം തുടർന്നിരുന്നു, ഇത് കൂടാതെ പലതരത്തിലുള്ള നികുതികൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നു. പരമ്പരാഗതമായ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന വിവിധ ജന വിഭാഗങ്ങൾ സ്വർണം, വെള്ളി, തുടങ്ങിയ ആഭരണങ്ങൾ ധരിക്കണമെങ്കിൽ രാജാവിന് കരം കൊടുക്കണമായിരുന്നു. മരത്തിൽ കയറുന്നതിനും മൺപാത്ര നിർമാണത്തിനും സ്വർണപ്പണിക്കും നെയ്ത്തിനും അലക്കിനും മത്സ്യബന്ധനത്തിനും അതാത് തൊഴിലുകളിൽ ഏർപ്പെട്ടിട്ടിരുന്നവർ പ്രത്യേക കരം കൊടുക്കണമായിരുന്നു. നെൽകൃഷി ചെയ്‌തിരുന്ന സ്ഥലങ്ങളിൽ തെങ്ങു നട്ടാൽ, അതിനു സാധാരണ ഈടാക്കാറുള്ള കരത്തിന്റെ മുപ്പതര ഇരട്ടി വിലയർത്ഥം സർക്കാർ ഈടാക്കിയിരുന്നു. അടിമക്കച്ചവടം നിർത്തൽ ചെയ്യുന്ന 1855 വരെ അടിമകളെ കൊണ്ട് യാതൊരു പ്രതിഫലവും നൽകാതെ ജോലി ചെയ്യിപ്പിച്ചതിന്റെ ഫലമായി വലിയൊരു തുക രാജാക്കന്മാർക്ക് ലഭിച്ചിരുന്നു.

ഇവയൊന്നും കൂടാതെ മുലക്കരം ഉൾപ്പടെ ശാരീരികാവയവങ്ങൾക്കു കരം ഈടാക്കുന്ന തികച്ചും അപരിഷ്‌കൃതവും ക്രൂരവുമായ സമ്പ്രദായം തിരുവിതാംകൂറിൽ നിലവിൽ ഉണ്ടായിരുന്നു. ഇപ്രകാരം പലരീതിയിലുള്ള നികുതികൾ രാജഭരണാധികാരികൾ അധഃസ്ഥിതരും പിന്നോക്കക്കാരുമായ ജനവിഭാഗങ്ങളിൽ നിന്ന് മാത്രമേ പിരിച്ചിരുന്നുള്ളു. ആര്യബ്രാഹ്മണരും അവരുടെ ആധിപധ്യത്തിനു വഴങ്ങിയത് കൊണ്ട് നവബ്രാഹ്മണരും നവക്ഷത്രിയരുമായി അവർ സ്ഥാനകയറ്റം നൽകിയവരും ഒരുതരത്തിലുള്ള നികുതികളും കൊടുക്കേണ്ടിവന്നിരുന്നില്ല.

ഇങ്ങനെ അധഃസ്ഥിതരും പിന്നോക്കക്കാരുമായ വിവിധ ജനവിഭാഗങ്ങളേയും കൃഷിക്കാരേയും പരമ്പരാഗത തൊഴിലാളികളേയും പിഴിഞ്ഞെടുത്ത സമ്പത്ത് രാജഭരണകൂടം എന്തുചെയ്തുവെന്നാണ് ഇനി പരിശോധനയ്ക്കു വിധേയമാക്കേണ്ടത്. തിരുവിതാംകൂർ രാജ്യത്തു മൂന്ന് തരം ഖജനാവുകളുണ്ടായിരുന്നു. സർക്കാരിന്റെ ദൈനംദിന വരവുചെലവുകൾ കൈകാര്യം ചെയ്‌തിരുന്ന സർക്കാർ ഖജനാവും കൊട്ടാരം വക വരവുചെലവുകൾ കൈകാര്യം ചെയ്‌തിരുന്ന കൊട്ടാരം ഖജനാവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വരവ് ചെലവുകളുമായി ബന്ധപ്പെട്ട ദേവസ്വം ഖജനാവും. സർക്കാർ ഖജനാവിലെ നീക്കിയിരുപ്പ് കൊട്ടാരം ഖജനാവിലേക്ക് മാറ്റുക ഒരു സ്വാഭാവിക നടപടിയായിരുന്നു. എന്നാൽ, അധികം സമ്പത്തും സ്വർണവും വെള്ളിയുമാക്കി മാറ്റി ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളിൽ സൂക്ഷിക്കാനാണ് തിരുവിതാംകൂർ രാജാക്കന്മാർ ആഗ്രഹിച്ചിരുന്നത്.

ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ക്ഷേത്ര സങ്കേതങ്ങൾ സഹായിച്ചിരുന്നു. ക്ഷേത്ര സങ്കേതങ്ങളിൽ അഭയം തേടുന്ന രാജാക്കന്മാരെ പിന്തുടർന്ന് പിടികൂടുന്ന പതിവ് ശത്രുരാജാക്കന്മാർ പോലും സ്വീകരിച്ചിരുന്നില്ല. ഒരിക്കൽ കൊച്ചി രാജാവിനെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ സാമൂതിരി, കൊച്ചിരാജാവ് ക്ഷേത്രത്തിൽ അഭയം തേടിയപ്പോൾ, പിന്തുടരാതെ മടങ്ങിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ശത്രുക്കളുടെ ആക്രമണമുണ്ടായാൽ പദ്മനാഭക്ഷേത്രത്തിൽ അഭയം പ്രാപിച്ച് ഈ സമ്പത്തുമെടുത്തു കല്പടവുകളിലൂടെയും തുരങ്കങ്ങളിലൂടെയും രക്ഷപ്പെടാൻ കഴിയുമെന്ന കണക്കുകൂട്ടലും തിരുവിതാംകൂർ രാജാക്കന്മാർക്കുണ്ടായിരുന്നു.

കൃഷിക്കാരിൽനിന്നും വിവിധ പരമ്പരാഗത തൊഴിലാളി വിഭാഗങ്ങളിൽനിന്നും വിവിധ അധഃസ്ഥിത – പിന്നോക്കവിഭാഗങ്ങളുടെ ശാരീരികാവയവങ്ങൾക്കുപോലും കരം ഏർപ്പെടുത്തിക്കൊണ്ടും അടിമകൾക്ക്‌ കൂലി നൽകാതെ അവരെക്കൊണ്ടു നിർദാക്ഷണ്യം പണിയെടുപ്പിച്ചുക്കൊണ്ടും സമാഹരിച്ച സമ്പത്ത് വെള്ളിയായും സ്വർണമായും പദ്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യഅറകളിൽ സൂക്ഷിച്ചുവച്ചിരുന്നുവെന്നുള്ളതാണ് സത്യം.

മാത്രവുമല്ല, സംഘകാലം തൊട്ട് വിവിധ രാജവംശങ്ങളുടെ കാലഘട്ടത്തിൽ പല രൂപത്തിൽ സൂക്ഷിച്ചുവച്ചിരുന്ന സമ്പത്ത്, തലസ്ഥാനം തെക്കൻ തിരുവിതാംകൂറിലെ പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കാര്യവും തെക്കൻതിരുവിതാംകൂറിന്റെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സമ്പത്തുംകൂടെ ചേർന്നതാണ് പദ്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളിലെ സമ്പത്ത്. പലരും അനർഹമായ മഹത്വം അടിച്ചേൽപ്പിച്ചിരിക്കുന്ന ശ്രീചിത്തിരതിരുന്നാൾ അധികാരകൈമാറ്റത്തിന്റെ സമയത്ത് നിലവറകളിലെ സമ്പത്തിന്റെ കാര്യം വെളിപ്പെടുത്താനുള്ള മാന്യതപോലും പ്രകടിപ്പിച്ചുകണ്ടില്ല.

പദ്മനാഭസ്വാമിക്ഷേത്രം തങ്ങളുടെ കുടുംബക്ഷേത്രമായതുകൊണ്ടാണ്, ആയതിന്റെ നടത്തിപ്പുചുമതല തങ്ങൾ ആവശ്യപ്പെടുന്നതെന്ന് മാത്രമാണ് അന്ന് അദ്ദേഹം പറഞ്ഞത്. പഴയ അനന്തൻകാട്ടിൽ പെരുമാട്ടി പുലയി കണ്ടെത്തിയ അനന്തപദ്മനാഭൻ കുഞ്ഞിന്റെ കഥ ഭക്തിപാരവശത്താൽ ഉറഞ്ഞുതുള്ളുന്ന ആരെങ്കിലും ഇപ്പോൾ ഓർക്കുന്നുണ്ടോ?

ഈ നിലവറയിലെ സമ്പത്ത് ഇനി എന്തുചെയ്യണമെന്നുള്ളതാണ് പ്രധാന പ്രശ്നം. ഇത് ഈ രീതിയിൽ സൂക്ഷിക്കുന്നത് ഒരു സുരക്ഷാഭീഷണിയാണ്. ഓഖിദുരന്തവും രണ്ടുപ്രളയങ്ങളും നിപ്പ വൈറസ് ബാധയും ഇപ്പോൾ കോവിഡ്മഹാമാരിയും കൈകാര്യം ചെയ്ത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനസർക്കാർ ഈ നിലവറകളിലെ സമ്പത്ത് സംരക്ഷിക്കാൻ ഇനിയും വൻതുക ചെലവഴിക്കേണ്ടതുണ്ടോ? എത്രയും പെട്ടെന്ന് ഈ ഭൗതിക ആസ്തികളെ ധനകാര്യ ആസ്തികളാക്കിമാറ്റി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന ഒരു പൊതുമേഖല ബാങ്കിൽ സ്ഥിരം നിക്ഷേപമാക്കണം. ആ സ്ഥിരം നിക്ഷേപത്തിന്റെ പലിശ മാത്രം സംസ്ഥാനമന്ത്രിസഭയും കേരളനിയമസഭയും ഗൗരവമായ ചർച്ചകളിലൂടെ തീരുമാനിക്കുന്ന സംസ്ഥാനത്തിന്റെ പൊതുആവശ്യങ്ങൾക്കു വേണ്ടി ചെലവഴിക്കുന്ന രീതിയുമുണ്ടാകണം.