കൊറോണ, സ്ഥിതി ഇപ്പോഴും അപകടകരം; കാര്‍ഗില്‍ വിജയ ദിനത്തില്‍ സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാന മന്ത്രി

കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച ജവാന്മാരുടെ ധീരത എക്കാലവും ഓര്‍മിക്കപ്പെടും. പാക്കിസ്ഥാനെതിരെയും മോഡി വിമര്‍ശം ഉയര്‍ത്തി. അകാരണമായ ശത്രുത പാക്കിസ്ഥാന്റെശീലമാണ്. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ദുഷിച്ച പദ്ധതികളോടെയാണ് പാക്കിസ്ഥാന്‍ നീക്കം നടത്തുന്നത് മോഡി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം നമ്മുടെ സൈന്യം കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടി. പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ അന്ന് ശ്രമിച്ചിരുന്നതെന്നും മോഡി ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ഭീതി അവസാനിച്ചിട്ടില്ല. കൂടുതല്‍ ഭാഗങ്ങളിലേക്ക് വൈറസ് വളര വേഗമാണ് പടരുന്നത്. നമ്മള്‍ ജാഗരൂകരായി തുടരേണ്ടതുണ്ടെന്നും മോഡി പറഞ്ഞു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധമാണ്.കൊവിഡിനെതിരായ പോരാട്ടം വിജയിച്ചേ തീരൂ. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദേശങ്ങളില്‍ ആരും വിട്ടുവീഴ്ച വരുത്തരുത്.മാസ്‌ക് ധരിക്കുന്നതില്‍ അലസത കാണിക്കരുത്. ജാഗ്രത കൈവിടാന്‍ പാടില്ല. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമാണ് ശരിയായ ഔഷധം. മാസ്‌ക് ധരിച്ച് മടുത്തുവെന്ന് തോന്നിയാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ കുറിച്ച് ഓര്‍ക്കണം. കോവിഡിനെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടണമെന്നും മോഡി പറഞ്ഞു.