Fri. Mar 29th, 2024

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. കേസില്‍ നേരത്തെ അറസ്റ്റിലായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ കൂട്ടാളികളായ മഞ്ചേരി എസ് എസ് ജ്വല്ലറി ഉടമ തൃക്കലങ്ങോട് തറമണ്ണില്‍ വീട്ടില്‍ ടി എം മുഹമ്മദ് അന്‍വര്‍ (43), വേങ്ങര സ്വദേശി പറമ്പില്‍പ്പടി എടക്കണ്ടന്‍ വീട്ടില്‍ സെയ്തലവി (ബാവ -58), കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി താഴെ മനേടത്ത് സഞ്ജു (39) എന്നിവരെയാണ് പിടികൂടിയത്.

റമീസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കടത്തിന് പണം മുടക്കിയത് ഇവരാണെന്നാണ് സംശയിക്കുന്നത്. കേസില്‍ റമീസുമായി ബന്ധമുള്ള ആറ് പേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു. റമീസ് കൊണ്ടുവരുന്ന സ്വര്‍ണം ജ്വല്ലറി ഉടമകള്‍ക്ക് വില്‍ക്കുന്നത് എസ് എസ് ജ്വല്ലറി വഴിയായിരുന്നു. അറസ്റ്റിലായ സെയ്തലവി രണ്ട് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഘം സൈതലവിയുടെ അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ എത്തിയത്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തുമായി നേരത്തെ ബന്ധമുള്ളതായാണ് സൂചന. വിദേശത്തും മുംബൈയിലുമായി ബിസിനസ് സംരംഭങ്ങളുണ്ട്. ഹവാല ഇടപാടുകളും നാട്ടിലെ ചില ഹാര്‍ഡ് വെയര്‍ ഷോപ്പുകളില്‍ പാട്ണര്‍ഷിപ്പുമുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് സഞ്ജുവിന്റെ അറസ്റ്റ്. കൊച്ചി കമീഷണറേറ്റില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ സ്‌ക്വാഡാണ് സഞ്ജുവിനെ പിടികൂടിയത്. കോഴിക്കോട് എരഞ്ഞിക്കലിലെ മിയാമി കണ്‍വന്‍ഷന്‍ സെന്റര്‍ പാര്‍ട്ണറാണ് സഞ്ജു. ഇയാളുടെ സഹോദരനെയും ഭാര്യാ പിതാവിനെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡി ആര്‍ ഐ പിടികൂടിയിരുന്നു.