Fri. Mar 29th, 2024

കേരളം മുഴുവൻ ഓൺലൈൻ ഭക്ഷ്യ വിതരണവുമായി സപ്ലൈകോ. കോവിഡിന്‍റെ പശ്ചാത്തലത്തിൽ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം പട്ടണത്തിലും നടപ്പിലാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം ആഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ സപ്ലൈകോ സംസ്ഥാന ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.

സപ്ലൈകോ ലഭ്യമാക്കുന്ന ആപ്പുകൾ വഴി ബന്ധപ്പെട്ടാൽ ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കും. വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിനുള്ള ഗതാഗത ചെലവു മാത്രമെ ഈടാക്കുകയുള്ളൂ. മൂന്നോളം ആപ്പുകളാവും ഭക്ഷ്യ വിതരണത്തിനായി സപ്ലൈകോ നിലവിൽ ഉപയോഗിക്കുക. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ സ്റ്റാർട്ടപ്പുകൾ ചെയ്ത ആപ്പുകളും ഉപയോഗപ്പെടുത്തും.
അതോടൊപ്പം ബ്രാൻഡ് ഉൽപ്പന്നങ്ങൾ സപ്ലൈകോ വില്‍പ്പനശാലകളിൽ വില്‍പ്പനക്കായി വെയ്ക്കുന്നതിന് കമ്പനികളിൽ നിന്ന് ആഗസ്റ്റു മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു കമ്പനിയുടെ ഉല്‍പ്പന്നങ്ങൾ മാത്രം പ്രത്യേകം വില്‍പ്പനക്കായി വെയ്ക്കുന്നതിന് പ്രിഫേർഡ് ഷെൽഫിങ് ഫീസായി 2000 രൂപ നൽകണം .ഈ ഇനങ്ങളിൽ 400 കോടി രൂപയുടെ വരുമാനം സപ്ലൈകോ പ്രതീക്ഷിക്കുന്നു.