Fri. Mar 29th, 2024

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബി ജെ പി നേതാവും അധ്യാപകനും ദേശസ്നേഹിയുമായ കുനിയില്‍ പത്മരാജന് സോപാധിക ജാമ്യം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ കെട്ടിവക്കാനും രണ്ട് ആള്‍ജാമ്യത്തിലുമാണ് പത്മരാജന് ജാമ്യം അനുവദിച്ചത്.

കുട്ടിയെ പത്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി കഴിഞ്ഞ മാര്‍ച്ച് പതിനേഴിനാണ് കുടുംബം നല്‍കിയത് പിന്നീട് മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്‍കി. ഒരുമാസത്തിന് ശേഷം പാനൂര്‍ പോലീസ് പ്രതിയെ പിടികൂടി. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രില്‍ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. കേസില്‍ പോക്‌സോ ഉള്‍പെടുത്താത്ത ഭാഗിക കുറ്റപത്രം രണ്ട് ദിവസം മുമ്പ് ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ ഭാഗിക കുറ്റപത്രം നല്‍കിയത്. കുട്ടിയെ അധ്യാപകന്‍ സ്‌കൂളില്‍ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മര്‍ദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. സമാനമായി മറ്റു നാലു കുട്ടികളെ അധ്യാപകന്‍ മര്‍ദിച്ചതായും കുറ്റപത്രത്തിലുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.