Fri. Mar 29th, 2024

ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം പിന്നാലെ രാമായാണമാസാചരണവും ശബരിമലതീർത്ഥാടകർക്ക് ചുക്കുകാപ്പിവിതരണവും വിരിവെക്കാൻ സൗകര്യമൊരുക്കൽ എന്നിങ്ങനെ വിവിധ കലാപരിപാടികളിലൂടെ വിപ്ലവ യുവജന സംഘടനകൾ വരെ വൈരുദ്ധ്യാത്മക ആത്മീയവാദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായി രാമായണമാസത്തിന് പകരം ഇരുപത്തിയാറ്‌ വർഷമായി ആലപ്പുഴയിൽ രാവണമാസം ആചരിച്ചുകൊണ്ട് ഒരു നാസ്തിക പോരാളി.

ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും കമ്യൂണിസ്റ്റും വി.എസ് ൻറെ സുഹൃത്തും കാർട്ടൂണിസ്റ്റുമായ പിപി സുമനനാണ് കഴിഞ്ഞ ഇരുപത്തിയാറ്‌ വർഷമായി മുടങ്ങാതെ കളർകോട് രാവണ മാസാചരണം നടത്തുന്നത്. ആലപ്പുഴ പറവൂർ ഗവൺമെൻറ് ഹൈസ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനാണ് അദ്ദേഹം. സഹോദരൻ അയ്യപ്പൻ ഗാന്ധിജിയോട് ‘ഞങ്ങൾ രാവണൻറെ ആൾക്കാരാണ്’ എന്ന് പറഞ്ഞത് അനുസ്മരിച്ചുകൊണ്ടാണ് താൻ ഇങ്ങനെ ഒരു മാസം രാവണമാസമായി ആചരിക്കുന്നത് തുടങ്ങിയതെന്ന് പി പി സുമനൻ പറഞ്ഞു.
“ഞാൻ ,രാമായണ മാസം കഴിഞ്ഞ 26 , വർഷമായി ആചരിക്കുന്നതു്, ഇങ്ങനെയാണ് അതു് രാവണന്റെ പേരിലാണെന്നു മാത്രം, സഹോദരൻ അയ്യപ്പൻ ഗാന്ധിജിയോട് ‘ഞങ്ങൾ രാവണൻറെ ആൾക്കാരാണ്’ എന്ന് പറഞ്ഞത് അനുസ്മരിച്ചുകൊണ്ടാണ് എന്റെ വീടിനു സമീപത്തുള്ള കളർകോടു മഹാക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള, ശിവന്റെ ചായക്കടയിൽ, വൃദ്ധജനങ്ങൾക്ക്, കർക്കടകം ഒന്നു മുതൽ, കർക്കടകം 31-വരെ സൗജന്യ മതേതരത്ത ചായ സൽക്കാരം നടത്തുന്നത്.

വൃദ്ധജനങ്ങളെ ആദരിക്കുക! സഹായിക്കുക! സ്നേഹിക്കുക ! എന്ന സന്ദേശം പരത്തുന്നതിനുവേണ്ടിയാണ് രാവണ മാസാചരണം നടത്തുന്നത്, മോക്ഷം കിട്ടാൻ വേണ്ടിയോ? വോട്ടു കിട്ടാൻ വേണ്ടിയോ അല്ല ! ക്ഷേത്രങ്ങളായ, ക്ഷേത്രങ്ങളിലെല്ലാം കർക്കടകമാസാചരണം ,മരിച്ചവർക്കു വേണ്ടി നടത്തുമ്പോൾ, ഞാൻ ജീവിച്ചിരിക്കുന്നവർക്കു വേണ്ടി യാണ് രാവണ മാസാചരണം നടത്തുന്നത്” – പിപി സുമനൻ പറയുന്നു.

കഴിഞ്ഞ 26 വർഷമായി ഇത് മുടങ്ങാതെ നടന്നുവരുന്നു. ഇത് നേരത്തെ പത്രമാധ്യമ ങ്ങളിലെല്ലാം വന്നിട്ടുള്ളതാണ്, കൂടാതെ കൈരളി ചാനലിൽ ശ്രീരാമൻ അവതരിപ്പിക്കുന്ന വേറിട്ട കാഴ്ചകളിലും വന്നിട്ടുണ്ട്.ഈ വർഷവും പതിവുപോലെ ശിവൻറെ ചായക്കടയിൽ കർക്കിടകം ഒന്നുമുതൽ മുപ്പത്തൊന്നുവരെ രാവണമാസാചരണം നടക്കും.
ആദ്യകാലങ്ങളിൽ ധാരാളം വൃദ്ധർ ഒരുമാസം കൃത്യമായി വന്ന് ചായ സൽക്കാരത്തിൽ പങ്കെടുത്തിരുന്നെങ്കിലും രണ്ടുമൂന്ന് വർഷമായി സംഘപരിവാർ ഇടപെടലിനെത്തുടർന്ന് വളരെകുറച്ചാളുകളാണ് ചായകുടിക്കാൻ എത്തുന്നതെന്നും എങ്കിലും താൻ അത് മുടക്കംകൂടാതെ അത് ഒരാചാരമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർക്കിടകം ഒന്നുമുതൽ അൻപതുവയസിന് മുകളിലുള്ളവർക്ക് സ്ത്രീപുരുഷ ഭേദമന്യേ ഏതുസമയത്തും ആചാരപരമായ ‘രാവണമാസാചരണ’ത്തിൽ പങ്കെടുക്കാമെന്നും പങ്കെടുക്കുന്നവർക്കായി ഒരുമാസം സൗജന്യമായി ഭക്ഷണം നൽകാനുള്ള ഏർപ്പാടും ശിവൻറെ ചായക്കടയിൽ ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും രാവണമാസാചരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ ആയതിനാൽ കർക്കിടകം ഒന്നുമുതൽ ഒരുമാസക്കാലം ആചാരപരമായി വിവിധ രാമയങ്ങളുടെ പാരായണവും വിപ്ളവാനവോത്ഥാന കവിതകളും വിശുദ്ധ ബാലമംഗള വ്യാഖ്യാനവും ഇതോടൊപ്പം ഓൺലൈനായിട്ടായിരിക്കും നടത്തുക എന്നും അദ്ദേഹം വിശദീകരിച്ചു.