Fri. Apr 19th, 2024

പ്രശസ്ത ഹിപ്നോട്ടിസ്റ്റും, എഴുത്തുകാരനുമായ ജോണ്‍സണ്‍ ഐരൂര്‍ നിര്യാതനായി.അദ്ദേഹത്തിന് 74 വയസായിരുന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന പ്രൊഫ. എ.ടി. കോവൂരിനൊപ്പം ദിവ്യത്ഭുത അനാവരണ പരിപാടിയുമായി ഭാരതപര്യടനം നടത്തിയ ജോണ്‍സണ്‍ ഐരൂര്‍ ആര്‍.കെ. മലയത്തുമായി ചേര്‍ന്ന് ‘മെന്റാരമ’ എന്ന പേരില്‍ സ്റ്റേജ് ഹിപ്നോട്ടിക് പ്രകടനങ്ങള്‍ കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്.

രണ്ടുദശകങ്ങളായി, ക്ലിനിക്കല്‍ ഫോറന്‍സിക് ഹിപ്നോളജിയില്‍ നടത്തിയ സേവനങ്ങളെ മാനിച്ച്, ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകൃത ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ‘ഡോക്ടര്‍ ഓഫ് സയന്‍സ്’ ബിരുദ ബഹുമതിയും ഫെല്ലോഷിപ്പും ലഭിക്കുകയുണ്ടായി. 1946 ഡിസംബര്‍ 4-ാം തീയതി കൊല്ലം ജില്ലയിലെ ചെറുവക്കലില്‍ വാളകം മരങ്ങാട്ടുകോണത്ത് ഐരൂര്‍ വീട്ടില്‍ പാസ്റ്റര്‍ ജെ. വര്‍ഗ്ഗീസ്. ചെറുവക്കല്‍ പണയില്‍ വീട്ടില്‍ റാഹേലമ്മ ദമ്പതികളുടെ മകനായി ജനിച്ചു.
കറന്റ് ബുക്സില്‍ സെയില്‍സ് മാനായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്പി-തപാല്‍ വകുപ്പില്‍ ആര്‍.എം.എസ്.ക്ലാസ്-3 യൂണിയന്‍ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡണ്ടും ആയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. മിശ്രവിവാഹ സംഘം, കേരള യുക്തിവാദി സംഘം എന്നീ സംഘടനകളില്‍ യഥാക്രമം സംസ്ഥാന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത്, യുവകലാസാഹിതി എന്നിവയുടെ സക്രിയ പ്രവര്‍ത്തകനായിരുന്നു.

പ്രസ്തുത യൂണിവേഴ്സിറ്റിയുടെ ‘ക്ലിനിക്കല്‍ ഹിപ്നോസിസ് ഡോക്ടറേറ്റ് പ്രോഗ്രാമി’ന്റെ അക്രെഡിറ്റഡ് പ്രൊഫസറും പരീക്ഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം എഴുതിയിരുന്നു. പ്രധാന കൃതികള്‍: ഭക്തിയും കാമവും, ഹിപ്നോട്ടിസം ഒരു പഠനം, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങള്‍ മനഃശാസ്ത്ര ദൃഷ്ടിയില്‍, യുക്തിചിന്ത (വിവര്‍ത്തനം)

ഭാര്യ: കോമളം. മക്കള്‍- തനുജ, നിഖില്‍.