Thu. Mar 28th, 2024

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം നടത്തിയതിന് ഇൻഡ്യൻ നാഷണൽ കോണ്‍ഗ്രസ് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ടി.ജി സുനില്‍ എന്നിവർക്കെതിരെ കേസ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസും തമ്മില്‍ കഴിഞ്ഞ മാസം നടന്ന വിവാഹത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് പങ്കെടുത്തുവെന്നാണ് വ്യാജ പ്രചാരണം നടത്തിയത്.

വിവാഹ ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ.പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാറ്റി പകരം സ്വപ്‌നയുടെ ചിത്രം ചേര്‍ക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ടി.ജി സുനില്‍, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ എന്നിവർ ഫേയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വ്യാജ ഫോട്ടോ കോണ്‍ഗ്രസ് നേതാക്കളും അണകളും ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.

ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലം എസ്.പി എസ്.പിക്കും ടി.ജി സുനിലിനെതിരെ കണ്ണൂരിലും ഡി.വൈ.എഫ്.ഐ ആണ് പരാതി നല്‍കിയത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയതോടെ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇതിൻറെ വസ്തുത വ്യക്തമാക്കുകയായിരുന്നു.