Thu. Mar 28th, 2024

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്ന പ്രതിപക്ഷ യുവജന സംഘടനകൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രില കെ.കെ ശൈലജ. സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി ഇത്തരം നീക്കങ്ങളെ ഫേസ് ബുക്കിൽ വിശേഷിപ്പിച്ചത്. സൂപ്പർ സ്പ്രഡ് സ്ഥിരീകരിക്കുകയും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന തിരുവനന്തപുരം പൂന്തുറയിൽ കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങിയ സംഭവത്തിന്‍റെ കൂടി പശ്ചാതലത്തിലൈണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

നേരത്തെ ചിലര്‍ പറഞ്ഞത് പോലെ കേരളത്തിന്‍റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകില്ലെന്നും ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് കൊവിഡ് വ്യാപനത്തെ പിടിച്ചുനിർത്തുന്നതെന്നും ആരോഗ്യമന്ത്രി ഫേസ്‌ബുക്കിലൂടെ ഓർമ്മിപ്പിക്കുന്നു. മാസ്‌ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നും മന്ത്രി അഭ്യർത്ഥിക്കുന്നു.

കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

#ഈയാംപാറ്റകളാകരുത്

സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്‍റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല. നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിന്‍റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകുന്നതുമല്ല. ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണത്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലം. സര്‍ക്കാരിന്‍റെ ശാസ്ത്രീയമായ ആസൂത്രണത്തിന്‍റെയും ഇടപെടലിന്‍റെയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ്. അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണെന്ന് ഓര്‍ക്കുക. മഹാമാരിയുടെ ഭാഗമായി നാം പ്രഖ്യാപിച്ച നിബന്ധനകള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണം. പ്രതിഷേധമൊക്കെ ആയിക്കൊള്ളൂ. പക്ഷെ നാടിനെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ ഒരു ഭാഗമായതു കൊണ്ട് പറഞ്ഞ് പോകുകയാണ്. ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക.

നമുക്ക് കേരളത്തിന്‍റെ സുരക്ഷാമതില്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുക. എല്ലാവരും സഹകരിക്കാം.