Sat. Apr 20th, 2024

കൊവിഡും ലോക്ക്ഡൗണും ചേർന്ന് വരുമാനം ഇല്ലാതെയാക്കിയതോടെ മറ്റുപല ജോലിയും ചെയ്തിരുന്നവർ വഴിയോര കച്ചവടക്കാരായി മാറിയിട്ടുണ്ടെങ്കിലും കോടതിക്ക് മുന്നിൽ വക്കീൽക്കോട്ടണിഞ്ഞ് പച്ചക്കറി വിൽപ്പന നടത്തി വേറിട്ട പ്രതിഷേധവുമായി ഒരു അഭിഭാഷകൻ. ഒഡിഷയിലാണ് ഈ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. സപൻ കുമാർ പാൽ എന്ന അഭിഭാഷകനാണ് ഒറീസ ഹൈക്കോടതിക്ക് മുന്നിൽ മുന്നിലിരുന്ന് പച്ചക്കറി വിറ്റത്. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സപൻ കുമാറിന്റെ പച്ചക്കറി വിൽപ്പന.

നഗരത്തിലുള്ള മിക്ക അഭിഭാഷകർക്കും കഴിഞ്ഞ മൂന്ന് മാസമായി ജോലിയില്ല. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേസുകൾ വെട്ടിക്കുറച്ചതുമാണ് അഭിഭാഷകർക്ക് തിരിച്ചടിയായത്. ഇപ്പോൾ അത്യാവശ്യ കേസുകൾ മാത്രം അതും വീഡിയോ കോൺഫറൻസ് വഴിയാണ് ഹൈക്കോടതിയും കീഴ്‌ക്കോടതിയും എല്ലാം എടുക്കുന്നത്. ജീവിതം വഴി മുട്ടിയ അഭിഭാഷകർക്ക് സാമ്പത്തികമായ പിന്തുണ നൽകാൻ ബാർ കൗൺസിൽ തയ്യാറായിട്ടില്ലെന്ന് സപൻ പറഞ്ഞു.
ഏപ്രിൽ അഞ്ചിന് അഭിഭാഷകർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാനുള്ള സംസ്ഥാന ബാർ കൗൺസിലിന്റെ തീരുമാനം ബാർ കൗൺസിൽ ഒഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിനെ തുടർന്ന് 10,000 രൂപ വീതം അഭിഭാഷകർക്ക് നൽകാൻ തീരുമാനവും എടുത്തു. സാമ്പത്തിക സഹായം ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ അഭിഭാഷകരോട് മെയ് പത്തിന് കൗൺസിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 15,000ത്തോളം പേരാണ് അപേക്ഷിച്ചതെന്ന് കൗൺസിൽ അധികൃതർ പറയുന്നു. ഇതിൽ അർഹതയുള്ളവരെ കണ്ടെത്തി സഹായം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.