Tue. Apr 16th, 2024

ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ കത്തിലെ ആരോപണങ്ങള്‍ തള്ളിയും വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ രംഗത്ത്. മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മഹേശന്‍ മൂന്നു കോടിയുടെ ക്രമക്കേട് നടത്തിയെന്നും എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മഹേശന്‍ കണ്‍വീനറായിരുന്നപ്പോള്‍ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേട് ഉണ്ടായി. ബേങ്ക് ഇടപാടുകളില്‍ ക്രമക്കേട് നടന്നു. മൂന്ന് കോടി മുപ്പത്തിഒന്‍പത് ലക്ഷം രൂപയുടെ ക്രമക്കേടാണ് കെകെ മഹേശന്‍ നടത്തിയത്. ക്രമക്കേടുകള്‍ കുറിച്ച് വിശദമായ അന്വേഷണത്തിലാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പിനൊപ്പം യൂണിയന്റെ നേതൃത്വത്തിലുള്ള ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടായി. ഇക്കാര്യങ്ങളിലും അന്വേഷണം വേണം. ചേര്‍ത്തല ഭരണസമിതി വെള്ളാപ്പള്ളി നടേശന് പൂര്‍ണപിന്തുണ നല്‍കുന്നതായും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു

കെ കെ മഹേശന്റെ ആത്മഹത്യയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കഴിഞ്ഞ ദിവസം നാല് മണിക്കൂറിലധികം മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്തതിരുന്നു.ആത്മഹത്യ കുറിപ്പില്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.