Thu. Mar 28th, 2024

ദീപിക ദിനപത്രത്തിന്റെ കണ്ണൂർ യൂണിറ്റിൽ വീണ്ടും പ്രസവാവധിക്ക് പോകുന്ന വനിതാ ജീവനക്കാരെ പിരിച്ചുവിടൽ. പ്രസവാവധിക്ക് പോയ ജീവനക്കാരി പ്രസവം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ജോലിയില്ല. ഉദരഫലം നൽകി അനുഗ്രഹിച്ച കർത്താവ് ജോലി അങ്ങ് എടുത്തു. കോൺടാക്ട് പുതുക്കി നൽകില്ലെന്ന് മാനേജ്‌മെന്റ്‌ വാശിപിടിച്ചതോടെ ജീവനക്കാരി ലേബർ ഓഫീസർക്ക് പരാതി നൽകി.

കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരെ പിരിച്ചുവിടരുതെന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ നിരവധി പ്രാദേശിക ലേഖകരെ പിരിച്ചുവിട്ട ദീപിക മാനേജ്‌മെന്റിനെതിരെ മാധ്യമപ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടയിലാണ് കഴിഞ്ഞ 11 വർഷമായി ദീപികയിൽ ജോലിചെയ്തു വന്നിരുന്ന ജീവനക്കാരിയെ പ്രസവാവധിക്ക് പോയി തിരിച്ചുവന്നപ്പോൾ പിരിച്ചുവിടാൻ ശ്രമിച്ചത്.

ലേബർ ഓഫീസിൽ ആദ്യം ചർച്ചയ്ക്ക് വിളിച്ചപ്പോൾ ഒഴിഞ്ഞുമാറിയ മാനേജ്‌മെൻറ് ലേബർ വകുപ്പ് കർശന നിലപാട് എടുത്തതോടെ നേരിട്ട് ഹാജരാക്കുകയും ജീവനക്കാരിയെ പിരിച്ചു വിട്ടിട്ടില്ലെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീടാണ് പുതിയ അല്ലേലൂയാ സൂത്രം പ്രയോഗിച്ചത്.ദീപികയുടെ കൊച്ചി യൂണിറ്റിൽ ജോലിചെയ്യണമെന്ന കുറിമാനമായിരുന്നു അത്.
ഒരുവയസ് പോലും തികയാത്ത കുഞ്ഞുമായി യുവതി കണ്ണൂരിൽനിന്ന് കൊച്ചിയിൽപോയി ജോലിചെയ്യില്ലെന്ന് അറിയാവുന്ന മാനേജ്‌മെൻറ് ജീവനക്കാരി സ്വയം ജോലി ഉപേക്ഷിക്കാനായി ഇത്തരത്തിലൊരു അല്ലേലൂയാ സൂത്രം പ്രയോഗിച്ചതോടെ ജീവനക്കാരിയുടെ പരാതി ആഡ്ജൂഡിക്കേഷന് വിടുമെന്ന് കണ്ണൂർ ജില്ലാ ലേബർ ഓഫീസർ ബേബി കാസ്ട്രോ പറഞ്ഞു.

ഈ ജീവനക്കാരിയെകൂടാതെ അവിടെത്തന്നെ ദീപികയിൽ ജോലിചെയ്യുന്ന മറ്റൊരു ജീവനക്കാരി പ്രസവാവധി ചോദിച്ചപ്പോഴും പ്രസവം കഴിഞ്ഞാൽ പറഞ്ഞിട്ട് മാത്രം ജോലിക്ക് വന്നാൽ മതിയെന്നാണ് പറഞ്ഞിരിക്കുന്നതെന്നാണ് ആ ജീവനക്കാരിയും പറയുന്നത്. ഗർഭമില്ലാതെ തന്നെ മറ്റൊരു കരാർ ജീവനക്കാരിയെയും പിരിച്ചുവിടാൻ നീക്കം തുടങ്ങിയതായും ജീവനക്കാർ പറയുന്നു. ഇത് ജീവനക്കാർക്കിടയിൽ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾ ഭയന്ന് മൗനം പാലിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു.