Sat. Apr 20th, 2024

കത്തോലിക്കാ വൈദികര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ധാര്‍മിക ഉത്തരവാദിത്വമള്ള കത്തോലിക്ക സഭാ നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത് കുറ്റവാളികളായ വൈദികരെ സംരക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണെന്ന് ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി (ജെഎസ്എല്‍) കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമായി വൈദികരുള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെയും അസ്വാഭാവിക മരണങ്ങളുടെയും നിരവധി സംഭവങ്ങളാണ് റിപോര്‍ട് ചെയ്യപ്പെട്ടിരിക്കുന്നത്.

തിരുവല്ലയിൽ ദിവ്യ പി ജോണ്‍ എന്ന സന്യാസിനി സ്വന്തം മഠത്തില്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദിവ്യയുടെ കുടുംബാംഗങ്ങള്‍ ദിവ്യയുടെ ഡയറിയുള്‍പ്പെടെയുള്ള രേഖകള്‍ നശിപ്പിക്കപ്പെട്ടതായി ആരോപിക്കുന്നു.തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ടുപോകാതെ ദൂരെ സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ കൊണ്ടു പോയതുള്‍പ്പെടെ പല നടപടികളും ദുരൂഹമാണ്.സിസ്റ്റര്‍ അഭയയുടെ മരണം മറ്റൊരുദാഹരണമാണ്.

ഫാ.ജോര്‍ജ് എട്ടുപറയില്‍ എന്ന വൈദികനെ പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ മനോരോഗിയാക്കാനാണ് സഭാ നേതൃത്വം ശ്രമിച്ചത്.അദ്ദേഹത്തിന് യാതൊരു വിധ മനോരോഗവുമില്ലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. ഇടുക്കിയിലെ മറ്റൊരു വൈദികന്‍ തന്റെ ഇടവകയിലെ ഒരു കുടുംബിനിയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യം സ്വന്തം ഫോണില്‍ പകര്‍ത്തുകയും അത് പിന്നീട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്ത സംഭവം സഭയ്ക്ക് തീരാ കളങ്കമാണ്.ഇദ്ദേഹം ഇപ്പോഴും വൈദികനായി തുടരുന്നത് ഇത്തരക്കാരെ സഭ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമാണെന്നും ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

ബിഷപ് ഫ്രാങ്കോ മുളയക്കലിനെ ഇപ്പോഴും പുറത്താക്കാന്‍ സഭ തയാറായിട്ടില്ല. ഇതടക്കം നിരവധി സഭവങ്ങളാണ് നടന്നിട്ടുള്ളത്.ഇത്തരം വിഷയങ്ങളില്‍ എല്ലാം പോലിസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ ശ്രദ്ധേയമാണ്.

പള്ളിമുറിയില്‍വച്ച് വികാരിയെയും മദര്‍ സുപ്പീരിയറിനെയും മോശപ്പെട്ട സാഹചര്യത്തില്‍ കണ്ടതിന്റെ പേരില്‍ തന്നെ ക്രൂശിക്കുകയാണെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. വീഡിയോ തെളിവുകള്‍ അടക്കം സമര്‍പ്പിച്ച അനേകം പരാതികളില്‍ ഒന്നില്‍ പോലും ശരിയായ അന്വേഷണം നടത്താതെ തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലിസ്.താന്‍ നല്‍കിയ പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധം കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് തിരുത്തി സഭാ നേതൃത്വം പൊതു സമൂഹത്തിനു മുന്നില്‍ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണ നിയമപ്രകാരം കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു. സിസ്റ്റർ ലൂസി കളപ്പുര അഡ്വ. ബോറിസ് പോള്‍, ജോര്‍ജ് ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.