Thu. Apr 25th, 2024

വിവാദ സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ് എന്നിവരുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണനിഴലിലായ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെയും ഐ.ടി വകുപ്പിന്റെയും സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കി.

ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മീർ മുഹമ്മദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി പകരം നിയമിച്ചതായി ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അപ്പോൾ മാറ്റിയിരുന്നില്ല. തുടർന്ന് ശിവശങ്കർ ഒരു വർഷത്തെ അവധിക്ക് അപേക്ഷ നൽകി. വിവാദം മുറുകിയതോടെ, ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടുള്ള അറിയിപ്പ് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായി. പിന്നാലെ ഉത്തരവുമിറങ്ങി.

വിദേശ പഠനത്തിനായി അവധിയിലായിരുന്ന മുൻ എറണാകുളം കളക്ടർ മുഹമ്മദ് വൈ.സഫിറുള്ളയാണ് പുതിയ ഐ.ടി സെക്രട്ടറി. ശിവശങ്കറിന് ‌നിർബന്ധിത അവധിയാണെന്നും സൂചനയുണ്ട്. ചീഫ്സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുമായും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുമായും മുഖ്യമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് അവധിക്കാര്യം പുറത്തുവന്നത്. ശിവശങ്കറിന് 2023 ജനുവരി 31 വരെ സേവനകാലാവധിയുണ്ട്.
സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.സ്വപ്നയുടെ ഫ്ലാറ്റിൽ ശിവശങ്കർ നിത്യസന്ദർശകനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളടക്കം പറഞ്ഞതും വൻ ചർച്ചയായി. ഐ.ടി വകുപ്പിലെ സുപ്രധാന തസ്തികയിൽ സ്വപ്ന സുരേഷിന്റെ നിയമനത്തിന് പിന്നിലും ശിവശങ്കറിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഇടപെടലാണെന്ന ആക്ഷേപവുമുയർന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കാളിത്തമെന്ന നിലയിലേക്ക് യു.ഡി.എഫും ബി.ജെ.പിയും ഇതിനെ രാഷ്ട്രീയായുധമാക്കിയതോടെ, സർക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിലായി.

വിവാദം മുറുകിയതോടെ, ശിവശങ്കറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി വിശദീകരണം തേടി. സ്വപ്നയ്ക്കായി കസ്റ്റംസിൽ ശിവശങ്കർ ഇടപെട്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണമടക്കം ചൂണ്ടിക്കാട്ടിയാണിത്. സ്വപ്നയ്ക്കായി ടെലിഫോണിൽ ബന്ധപ്പെട്ടെന്ന ആരോപണം നിഷേധിച്ച ശിവശങ്കർ, സ്വപ്നയുമായി ബന്ധമുണ്ടായിരുന്നുവെന്നും, അവരുടെ വസതിയിൽ പോകുമായിരുന്നെന്നും സമ്മതിച്ചതായാണ് വിവരം.

മുഖ്യമന്ത്രിയുടെ ഒാഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ രൂക്ഷമായി പ്രതികരിച്ചത് ശിവശങ്കറിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തായിരുന്നു. ഐ.ടി വകുപ്പിൽ സ്വപ്ന സുരേഷിന്റെ നിയമനം തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലുള്ള നീരസവും വാക്കുകൾക്കിടയിലൂടെ പ്രകടമാക്കിയിരുന്നു. ശിവശങ്കറെ മാറ്റാൻ തിങ്കളാഴ്ച രാത്രി തന്നെതീരുമാനിച്ചിരുന്നു.

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ സാദ്ധ്യതയുണ്ട്. സെക്രട്ടറി ചോദ്യം ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുമെന്നതും പെട്ടെന്നദ്ദേഹത്തെ നീക്കുന്നതിന് പ്രേരകമായി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കാൻ വിവാദ സ്‌പ്രിൻക്ലർ കമ്പനിക്ക് കരാർ നൽകിയതിൽ ഐ.ടി സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കർ ധൃതി കാട്ടിയെന്ന നീരസവും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. കരാർ തീരുമാനം തിരുത്തുകയും വിവാദം കെട്ടടങ്ങുകയും ചെയ്തതോടെ, ശിവശങ്കർ അന്ന് സംരക്ഷിക്കപ്പടുകയായിരുന്നു.